ഇനി സമതയുടെ സന്നിധാനം

Makarajyothi-at-Sabarimala
SHARE

സമതയുടെ സന്നിധാനമാണ് ശബരിമല. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളൊന്നുമില്ലാത്ത ഇടം. സ്ത്രീകളുടെ വയസ്സിന്റെ കാര്യത്തില്‍ മാത്രമാണ് ആ സമത ഇല്ലാതിരുന്നത്. സുപ്രിംകോടതി വിധിയോടെ ആ അസമത്വവും ഇല്ലാതായി. ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും സമതയുടെ സന്നിധനം തന്നെയായി ശബരിമല.

ശബരി എന്ന സ്ത്രീ തപസ്സുചെയ്തിരുന്ന മലയാണ് ശബരിമല. അയ്യപ്പന്‍കുടികൊള്ളുന്ന ഇടമാണെങ്കിലും അയ്യപ്പന്‍മലയെന്നോ ധര്‍മശാസ്താമലയെന്നോ ആരുംപേര് മാറ്റിയില്ല.  ശ്രീരാമന്റെ സ്പര്‍ശത്തില്‍ ശബരിക്ക് മോക്ഷംകിട്ടി, അവര്‍ സ്വതന്ത്രയായി. അതുപോലെ ഭാരതീയ സ്ത്രീത്വത്തിന് കിട്ടിയ വലിയ സ്വാതന്ത്ര്യ പ്രാപ്തിയായി പരമോന്നത നീതിപീഠത്തിന്റെ ചരിത്ര വിധി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ പത്തിനും അന്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ മലചവിട്ടരുത്. എന്നുവച്ചാല്‍ ഋതുമതികളായിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷിദ്ധം. നിയമത്തിന്‍റെയോ ചട്ടത്തിന്‍റയോ വിവകഷകള്‍ വരും മുമ്പേ ഇത് ഇങ്ങനെയാണ്. ആചാരത്തിന്‍റെ ഭാഗമാവുകയും കാലം പിന്നിടുന്തോറും  ആഴത്തില്‍ പതിഞ്ഞ അനുഷ്ഠാനമാവുകയും ചെയ്തു. പക്ഷേ ആചാരങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടും. അത് അങ്ങനെയാണ്. ക്ഷേത്രപ്രവേശന വിളമ്പരത്തിന്‍റെ കാഹളംമുഴങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ശബരിമല വേറിട്ടുനിന്നു. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ ഋതുമതികളായ സ്ത്രീകള്‍ മലചവിട്ടിയാല്‍ ആ ബ്രഹ്മചര്യത്തിന് കോട്ടം വരുമെന്നും വിശ്വാസം. 

മണ്ഡലമകരവിളക്കുകാലത്തും മലയാളമാസത്തിന്‍റെ ആദ്യ ദിവസങ്ങളിലും പുരുഷന്മാരും പത്തുവയസില്‍ താഴെയുള്ളവരും അന്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരുമായ സ്ത്രീകളും അയ്യനെ കണ്ടു. ആചാരമെന്ന് വിശ്വാസികളും അനാചാരമെന്ന് മറുപക്ഷവും വാദിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചരിത്രത്തിലെ സുപ്രധാനമായ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമലയില്‍ ഋതുമതികള്‍ക്ക് വിലക്കുവന്നതിനുപിന്നില്‍ അസംഖ്യം കഥകളുണ്ട്. പക്ഷേ മിക്കവക്കും ആധികാരികമായ രൂപമില്ല. 1965 ലെ ക്ഷേത്ര പ്രവേശന ചട്ടം ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതല്ല 1969 ലെ കൊടിമര പ്രതിഷ്ടക്കുശേഷമാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടതെന്നും ചില രേഖകള്‍ പറയുന്നുണ്ട്. 1969ൽ നടന്ന ദേവപ്രശ്‌നത്തിൽ നൈഷ്‌ഠിക ബ്രഹ്‌മചാരി സങ്കൽപമാണ് ശബരിമലയിലെ പ്രതിഷ്‌ഠയായുള്ളതെന്നും അതിനാൽ യൗവനയുക്തകൾ മലചവിട്ടുന്നത് ആചാര ലംഘനമാണെന്നും കണ്ടിരുന്നു. 

ഇതേ തുടർന്ന് പത്തിനും 55നും മധ്യേ പ്രായമുള്ള സ്‌ത്രീകൾ മലചവിട്ടുന്നത് നിയന്ത്രിച്ച് 1972 നവംബർ 12ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നതായാണ് രേഖകള്‍ പറയുന്നത്. ഇത് സംബന്ധിച്ചുപക്ഷേ തന്ത്രികുടുംബത്തിനും കൃത്യമായ മറുപടിയില്ല. പണ്ടേയുള്ള ആചാരമായി അവരും ഇതിനെ കണ്ടുവരുന്നു. അനുഷ്ടാനങ്ങള്‍ പിന്തുടരുന്നു. 1986 ല്‍ ശബരിമലയില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണം നടന്നു. അയ്യപ്പഭക്തനായ ശങ്കരന്‍ ആയിരുന്നു 'നമ്പിനോർ കെടുവതില്ലൈ എന്ന ആ സിനിമയുടെ  സംവിധായകന്‍. 1986 മാർച്ച് എട്ട് മുതൽ 13 വരെയായിരുന്നു സന്നിധാനത്ത് പടത്തിനന്‍റെ ചിത്രീകരണം. നടി മനോരമ ഉള്‍പ്പടെ അഭിനയിച്ച ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമ ഷൂട്ടിങ് വിവാദമായി. 

യൗവനയുക്‌തകളായ താരങ്ങളെ ആചാരം ലംഘിച്ച് മലകയറ്റി പതിനെട്ടാംപടിക്കൽ ആടിപ്പാടി നൃത്തം ചെയ്യിച്ച് സിനിമ ചിത്രീകരിച്ചതായി കാണിച്ച് കായംകുളം കാപ്പിൽമേക്ക് തെറ്റുവേലിൽ വി. രാജേന്ദ്രന്‍ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്‌തു. 1986 ജൂലൈയിലാണ് ക്രിമിനൽ കേസ് റാന്നി കോടതിയിൽ എത്തിയത്. താരങ്ങൾ 1986 സെപ്‌റ്റംബറിൽ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു.  രണ്ട് വർഷത്തിലേറെ നീണ്ട വാദത്തിനൊടുവില്‍  ഋതുമതികളായ താരങ്ങൾ ആചാരം ലംഘിച്ച് സന്നിധാനത്തിൽ എത്തിയതും പതിനെട്ടാംപടിക്കൽ ആടിപ്പാടി നൃത്തം ചെയ്‌തതും കുറ്റകരമാണെന്നു കണ്ട് അന്നത്തെ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഗോപാലകൃഷ്‌ണ പിള്ള പ്രതികൾക്ക് 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക് 50 വയസ് കഴിഞ്ഞതിനാൽ അവരെ വിട്ടയച്ചു. സംവിധായകൻ ശങ്കരനിൽ നിന്ന് 7500 രൂപ ഫീസ് വാങ്ങിയാണ് സിനിമ ചിത്രീകരണത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്ത്. അതിനാൽ ദേവസ്വം ബോർഡ് ഭാരവാഹികൾക്കും കോടതി പിഴയിട്ടു. ഇതോടെ സ്‌ത്രീകൾ മലചവിട്ടുന്നതിനുള്ള നിയന്ത്രണം ദേവസ്വം ബോർഡ്  കർശനമാക്കി. പിന്നീട്  കുഞ്ഞിന് ചോറു കൊടുക്കാൻ ദേവസ്വം ഉദ്യോഗസ്‌ഥയുടെ മകൾ ആചാരം ലംഘിച്ച് സന്നിധാനത്തിൽ എത്തിയതിനെതിരെ ഹൈക്കോടതിയിലും ഒരു കേസ് വന്നു. തുടര്‍ന്ന് ജസ്‌റ്റിസ് പരിപൂർണന്റെ ബെഞ്ച് 10നും 55നും മധ്യേയുള്ള സ്‌ത്രീകൾക്ക് ശബരിമലയിൽ നിയന്ത്രണം കർശനമാക്കി.

1950ലെ തിരുവിതാംകൂർ–കൊച്ചി മതസ്ഥാപന നിയമപ്രകാരമാണ് ശബരിമല ക്ഷേത്രത്തെ സർക്കാർ ഏറ്റെടുത്തു ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കിയത്.  ക്ഷേത്രനടത്തിപ്പ് ഉദ്ദേശിച്ചുള്ള നടപടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപടീലുകള്‍ ഉണ്ടായില്ല. എന്നാല്‍ കാലം മുന്നോട്ടുപോകുംതോറും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പക്ഷങ്ങള്‍ ഉടലെടുത്തു. അഭിപ്രായങ്ങള്‍ വ്യത്യസ്ഥങ്ങളായി. വിവേചനം പാടില്ലെന്ന് ഒരുപക്ഷം. അയ്യപ്പന്‍റെ ബ്രഹ്മചാരവും ആചാരവും ഉടര്‍ത്തിക്കാട്ടി മറുപക്ഷം ഇതിനെ ഖണ്ഡിച്ചു. പന്തളം രാജകുടുംബത്തിലെ സ്തീകള്‍ സന്നിധാനത്തെത്തി കാണിക്ക അര്‍പ്പിച്ചിരുന്നു എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നു.

മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലില്ലാത്ത വിലക്ക് ശബരിമലയില്‍ എന്തിന് എന്ന് സ്ത്രീപ്രവേശനത്തെ അനുകൂലുക്കന്നവര്‍ ചോദിച്ചപ്പോള്‍ അയ്യപ്പന് വിവിധ ഭാവങ്ങളുണ്ടെന്നും അതിലെ  നൈഷ്ടിക ബ്രഹമ്ചര്യ ഭാവം ശബരിമലയില്‍ കുടികൊള്ളുന്നുവെന്നുമായിരുന്നു സ്ത്രീപ്രവേശനത്തെ  എതിര്‍ക്കുന്നവരുടെ നിലപാട്. മാത്രമല്ല യോഗനിദ്രയിലാണ് അയ്യപ്പന്‍ കുടികൊള്ളുന്നതെന്നും വിശദീകരണം.  നാളുകള്‍ കഴിയുന്തോറും ഇരുപക്ഷത്തിനും പറയാന്‍ പുതിയ പുതിയ പോയിന്‍റുകള്‍ ലഭിച്ചുകൊണ്ടേയിരുന്നു. അയ്യപ്പന്‍റെ ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനയുടെ 25 (1) വകുപ്പിന്റെ സംരക്ഷണമുണ്ട്.

ശബരിമല ക്ഷേത്രത്തിൽ വിശ്വാസികൾ പാലിക്കുന്ന  കാലാകാലങ്ങളായുള്ള സമ്പ്രദായത്തിന് ഈ നിയമ പരിരക്ഷ വിവക്ഷിക്കപ്പെടുന്നതിനാല്‍കൂടിയാണ് ഇക്കാലങ്ങളിലൊന്നും ശബരിമല സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകാതിരുന്നത്. ശബരിമലയിൽ 2006ൽ ദേവപ്രശ്നം നടന്നു. ഇതില്‍ പങ്കെടുത്ത 21 ജ്യോത്സ്യന്മാരിൽ ഒരാളായ ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണപ്പണിക്കർ അയ്യപ്പവിഗ്രഹത്തിൽ സ്‌ത്രീ സ്‌പർശമുണ്ടായെന്ന് വെളിപ്പെടുത്തി. ആ വെളിപ്പെടുത്തലിന്‍റെ പേരില്‍ വിവാദം കത്തുമ്പോള്‍ താനാണ് വിഗ്രഹത്തില്‍ സ്പര്‍ശിച്ചതെന്ന്  കന്നട നടി ജയമാലയുടെ വെളിപ്പെടുത്തല്‍. 

1987 ലെ വിഷുസമയത്താണ് താന്‍ ശബരിമലയിലെത്തിയതെന്നും തിരക്കിനിടയില്‍ വിഗ്രഹത്തിനരുകിലേക്ക് വീശുകയായിരുന്നുവെന്നുമാണ് ജയമാല പറഞ്ഞത്.  അതോടെ ശബരിമലയിലെ സ്ത്രീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയായി. ഇടതുപക്ഷം വിഎസ് അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തിലെത്തിയ കാലം.  ഒരു വിഭാഗം സ്‌ത്രീകൾക്കു ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തതു നീതിനിഷേധമെന്നാണ് എൽഡിഎഫ് സർക്കാർ 2007 നവംബർ 13നു കോടതിയില്‍  സത്യവാങ്‌മൂലം സമര്‍പ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡും അന്ന് ഈ നിലപാടിനെ പിന്താങ്ങി. ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ചു.  

നിരവധി അനവധി തവണ ശബരിമലയിലെ സ്്ത്രീപ്രവേശന വിഷയം വിവിധ കോടതികള്‍ പരിഗണിച്ചു. ഒടുവില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിലേക്ക്. അപ്പോളും വാദങ്ങള്‍ക്കും എതിര്‍വാദങ്ങള്‍ക്കും കുറവുണ്ടായില്ല. വര്‍ഷങ്ങള്‍ക്കൊടുവില്‍ ആ തര്‍ക്കത്തിന് കോടതി തീര്‍പ്പാക്കിയിരിക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക്  നീക്കി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മലചവിട്ടാമെന്ന് അഞ്ചംഗ ഭരണഘടനാബഞ്ച് വിധിച്ചു. ആര്‍ത്തവം തുടങ്ങിയ ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും, പ്രാര്‍ഥിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി. 

അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തുവെന്നത് മറ്റൊരു ചരിത്രം. മതവിശ്വാസത്തില്‍ യുക്തി കൊണ്ടുവരരുതെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയില്‍ കുറിച്ചത്.  ആചാരങ്ങളും ലിംഗനീതിയും ഏറ്റുമുട്ടിയ കേസില്‍ ലിംഗനീതിക്ക് അംഗീകാരം. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീപ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശനചട്ടത്തിലെ മൂന്ന് (ബി) ചട്ടം റദ്ദാക്കികൊണ്ടാണ് ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നത്. പത്തിനും അന്‍പതിനുമിടയില്‍ പ്രായമുളള സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരില്‍ വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറും ഒരുമിച്ചെഴുതിയ വിധിയില്‍ വ്യക്തമാക്കി. 

പ്രവേശനവിലക്ക് മതവിശ്വാസത്തിന്‍റെ സുപ്രധാനഘടകമല്ല. മതത്തിലൂന്നിയ പുരുഷാധിപത്യമാണ് പ്രവേശനവിലക്കിനുള്ള മൂലകാരണം. സ്ത്രീയുടെ പ്രാര്‍ഥനാസ്വാതന്ത്ര്യത്തെ വിശ്വാസത്തിന്‍റെ േപരില്‍ നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഹിന്ദുമതവിശ്വാസത്തിന്‍റെ പ്രധാനഭാഗമായ ക്ഷേത്രദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന് നാല് ജഡ്ജിമാരും ഒറ്റസ്വരത്തില്‍ പറഞ്ഞു.

അയ്യപ്പഭക്തരെ പ്രത്യേകവിഭാഗമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.  സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നത് ഭരണഘടനാ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും ആള്‍ക്കൂട്ട ധാര്‍മികതയെ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു ഭാഗത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന രാജ്യത്താണ് മറുവശത്ത് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന ആമുഖത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എഎം ഖാൻവിൽക്കർ എന്നിവരുടെ വിധിന്യായം.വിധിയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. സ്ത്രീ ഒരു തരത്തിലും പുരുഷനേക്കാൾ താഴെയല്ല. ഒരു  ദൈവവുമായുള്ള ബന്ധത്തെ ശാരീരികമോ ജൈവശാസ്ത്രപരമോ ആയ ഘടകങ്ങൾ വെച്ചല്ല നിർവചിക്കേണ്ടത്. 

ദൈവവുമായി വിശ്വാസികൾക്കുള്ള ബന്ധം ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിൽ അല്ല. മതത്തിന്റെ യഥാർത്ഥ സത്തയ്ക്ക് വിരുദ്ധമാണ് ഇത്. പ്രത്യേക മതവിഭാഗമായി അയ്യപ്പ ഭക്തരെ കണക്കാക്കാൻ ആകില്ല. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ഇരുണ്ട നിഴലിൽ കിടക്കുന്ന ഇത്തരം ആചാരങ്ങളെ മോചിപ്പിക്കേണ്ടത് ഇന്നിന്റെയും നാളെയുടെയും ആവശ്യമെന്ന് അനുബന്ധ വിധിയിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വിധിപ്രസ്താവം ഇങ്ങനെ തുടരുന്നു. സ്ത്രീകൾക്ക് അത്രയും ദുഷ്കരമായ പാതകളിലൂടെ തീർത്ഥാടനം നടത്താൻ ആകില്ലെന്ന വാദം പുരുഷ മേധാവിത്തത്തിന്റെ കാഴ്ചപ്പാട്. സ്ത്രീകൾ വന്നു കഴിഞ്ഞാൽ ബ്രഹാമചര്യ സ്വഭാവത്തെ ബാധിക്കുമെന്ന് പറയുന്നത് നിലനിൽക്കില്ല. 

പുരുഷന്റെ ബ്രഹാമചര്യ സ്വഭാവത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിൽ ഇടരുത്. 41 ദിവസത്തെ വൃതമെടുക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് പറയുമ്പോൾ അവരെ രണ്ടാം കിട മനുഷ്യരായി കണക്കാക്കുന്നത്. ആർത്തവത്തിന്റെ പേരിൽ സാമൂഹിക ബഹിഷ്‌കരണം ഭരണഘടനപരമല്ല.  ഭരണഘടനയുടെ 26 അനുച്ഛേദ പ്രകാരം അയ്യപ്പ വിശ്വാസികൾക്ക് പ്രത്യേക അവകാശം ഇല്ലെന്ന് ജസ്റ്റിസ് നരിമാൻ തന്റെ വിധിയിൽ രേഖപ്പെടുത്തി. ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്റെ പരിരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. അപ്പോളും ചര്‍ച്ചചെയ്യപ്പെടാന്‍‌ ചില വിഷയങ്ങളുണ്ട്.  ഭരണഘടനയുടെ പരിരക്ഷയുള്ള ശബരിമല ശാസ്താവ് ഒരു വശത്ത്.  സമത്വത്തിന്‍റെ പേരില്‍ അതേ ഭരണഘടനയുടെ ലംഘനം നടത്തിയെന്ന വിധി മറുവശത്ത്. 

സ്ത്രീപ്രവേശനമുമായി ബന്ധപ്പെട്ട ചരിത്ര വിധി മറ്റൊരു ചരിത്രംകൂടി സൃഷ്ടിച്ചിട്ടുണ്ട്. ഭരണഘടനാഹഞ്ചിലെ ഏക വനിത ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ തന്‍റെ നിലപാടെടുത്തു എന്നതാണത്.  എല്ലാ ആരാധനാലയങ്ങളിലും വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ടെന്ന് ഇന്ദുമല്‍ഹോത്ര നിരീക്ഷിച്ചു. അതുതന്നെയാണ് അവര്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയതും.  മതവിശ്വാസത്തെ യുക്തിയുടെ ഉറകലുവച്ചു പരിശോധിക്കരുതെന്ന വസിയ നിരീക്ഷണവും മുന്നോട്ടുവച്ച ജഡ്ജി   ഭക്തരുടെ മനസിലുള്ള ആഴത്തിലുള്ള വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനമെന്നും കുറിച്ചു. ഇന്ദുമല്‍ഹോത്രയുടെ നിലപാട് ഇങ്ങനെയാണ്.  ബ്രഹ്മചര്യസ്വഭാവത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ട്. സതി പോലെ ജീവഹാനി ഉണ്ടാക്കുന്ന ദുരാചാരങ്ങളിൽ മാത്രമാണ്  ഇടപെടലുകള്‍ ആവശ്യം.. അല്ലാത്തവയിൽ ഇടപെടേണ്ട.  ശബരിമല കേസിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിർത്താൻ മതപരമായ കാര്യങ്ങളിൽ ഇടപെടരുത്. അയ്യപ്പ ഭക്തർ പ്രത്യേക വിശ്വാസ വിഭാഗമാണെന്നും ഇന്ദു മൽഹോത്ര വിധിച്ചു.

പണ്ട് വിഎസിന്‍റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരാണ് ശബരിമലയിലെ സ്്ത്രീ പ്രവേശനം നടപ്പാക്ക്ണമെന്ന് നിലപാടെടുത്തതെങ്കില്‍ വീണ്ടും മറ്റൊരു ഇടതുസര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോളാണ് സുപ്രീംകോടതിയുടെ ചരിത്രവിധിയെന്നതും യാദൃശ്യം. സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സര്‍ക്കാര്‍ ദര്‍ശനത്തിനെത്തുന്ന  സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

എന്നാല്‍ വിധിയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോഡ് അനിഷ്ടം രേഖപ്പെടുത്തി. നിരാശാ ജനകമെന്നായിരുന്നു ബോഡിന്‍റെ പ്രതികരണം. വിധി ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ബുധനാഴ്ച ബോര്‍ഡ് യോഗം ചേരും. ഇടതുമുന്നണി നിയോഗിച്ച ദേവസ്വംബോഡ് വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പ്രതികരിച്ച് കോടിയേരി നിലപാട് വ്യക്തമാക്കി

എന്നാല്‍ ഈ വിധിയെ മറ്റ് വിധികള്‍ നടപ്പിലാക്കുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവും സര്‍ക്കാരിനുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ ഭരണതലത്തില്‍ അനിവാര്യമാകുന്ന സാഹചര്യം. എന്നാല്‍ കോടതി വിധിയില്‍ നിരാശരാണെന്ന് പന്തളം രാജകുടുംബവും പറഞ്ഞു. അയ്യപ്പ വിശ്വാസികളെ കോടതി പരിഗണിച്ചില്ലെന്നാണ് അവര്‍ ഉയര്‍ത്തുന്ന പരാതി. അപ്പീല്‍ സാധ്യതയാണ് ഇവര്‍ തേടുന്നത്. വളരെ സൂക്ഷമതയോടെയായിരുന്നു മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍. 

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് പ്രതികരിച്ച ബിജെപി ഈ വിധിയെ ഇടതുമുന്നണിക്കെതിരായ ആയുധമാക്കാാനും നീക്കം തുടങ്ങി. കേരളത്തിലെ ഒരുക്ഷേത്രവുമായി ബന്ധപ്പെട്ട ഈ വിധിക്ക് പക്ഷേ മാനങ്ങള്‍ ഏറെയാണ്. വരും നാളുകളില്‍ ഇതിന്‍റെ ചുവടുപിടിച്ച് പല വാദങ്ങളും ഉയരും. അതുറപ്പ്. അതുകൊണ്ടുതന്നെയാണ്  സുപ്രീംകോടതി വിധി തുല്യതയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണെന്ന് ദേശീയവനിതാ കമ്മീഷന്‍  പ്രതികരിച്ചത്. കോടതി വിധിക്കുപിന്നാലെ വിവാദ നടി ജയമാലയും രംഗത്തെത്തി. 

ശബരിമലയില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച നിരവധി ഋതുമതികളും കോടതി വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധിയോടെ കാര്യങ്ങള്‍ കൂടുതല്‍ നിയമ പോരാട്ടത്തിലേക്ക് കടക്കുമെന്നതിന്‍റെ സൂചനയും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. വിധിക്കെതിരെ റിവ്യൂ പെറ്റിഷന്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്നാണ് സമുദായ സംഘടനകളുടെയും അഭിപ്രായം. വോട്ടുബാങ്കിനെ ഭയന്ന് നിലപാടെടുക്കുന്നതില്‍  രാഷ്ട്രീയപാര്‍ട്ടികള്‍ അങ്ങേയറ്റം ശ്രദ്ധിച്ച വിഷയം കൂടിയാണ് ശബരിമലയുമായി ബന്ധപ്പെട്ടുള്ളത്. സ്ത്രീ പ്രവേശനം വേണ്ട എന്ന നിലപാട് യുഡിഎഫ് സ്വീകരിച്ചപ്പോള്‍ ബിജെപി പലപ്പോഴും മൗനത്തില്‍ അഭയം കൊണ്ടു. എന്നാല്‍ ഇടതുമുന്നണിക്ക് ഈ വിധി പൊന്‍തൂവലാണ്. ചരിത്രവിധിയുടെ അവകാശവാദത്തിന് അര്‍ഹരായവര്‍. പക്ഷേ വിധി നടപ്പാക്കുകയെന്ന വലിയ ഉത്തരവാദിത്തവും ഇടതുസര്‍ക്കാരില്‍തന്നെ വന്നു ചേര്‍ന്നിരിക്കുന്നു. 

മലചവിട്ടി പതിട്ടുപടികള്‍ കയറി സന്നിധാനത്തെത്തുമ്പോള്‍ മുന്നില്‍ തെളിയുന്നത് തത്വമസി എന്ന മഹാവാക്യമാണ്. അത് നീയാകുന്നു എന്ന പരമമായ തത്വം. എല്ലാം ഒന്നായാല്‍പിന്നെ ഒരുവേര്‍തിരിവും പാടില്ലല്ലോ. ഛാന്ദോക്യോപനിഷത്തിലെ ഈ മഹാവാക്യത്തിന് തിളക്കമേറുന്ന മുഹൂര്‍ത്തമാണിത്.

MORE IN SPECIAL PROGRAMS
SHOW MORE