കാലുവാരല്‍ കപ്പ്

kaluvaral-kapp-t
SHARE

ലോകകപ്പിന് മുന്നോടിയായി കേരളത്തില്‍ നടന്ന മറ്റൊരു കപ്പാണ് കാലുവാരല്‍ കപ്പ്. കാലുവാരാന്‍ മിടുക്കരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലാണ് ലോകകപ്പ് ജ്വരം പടര്‍ന്ന് പിടിച്ചതോടെ തങ്ങളാല്‍ ആവുന്ന വിധത്തില്‍ ഒരു കളി ഒപ്പിച്ചെടുത്തത്. സ്വാഗതം കാലുവാരല്‍ കപ്പിലെ ഹൈലൈറ്റ്സിലേക്ക്.

ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറച്ചെങ്കിലും പേടിപ്പിക്കുന്ന കോണ്‍ഗ്രസിന്‍റെയും രാഹുല്‍ ഗാന്ധിയുടേയും നീക്കങ്ങളാണെന്നാണ് വയ്പ്. നീക്കം എന്നുവച്ചാല്‍ വലിയ തന്ത്രങ്ങളൊന്നും അല്ല, ബിജെപി ഇതര  കക്ഷികളെയൊക്കെ കൂടെക്കൂട്ടി വല്ലതും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കുക. എന്നുവച്ചാല്‍ ജയിക്കാന്‍ ത്രാണിയില്ലാത്തവന്‍റെ അവസാനപരിപാടിയുമായാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്നര്‍ഥം. ആ നേരത്താണ് ഇങ്ങ് കേരളത്തില്‍ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണി കോണ്‍ഗ്രസിനെ തിരികെ എത്തിച്ച് സ്വന്തം രാജ്യസഭാ സീറ്റ് വരെ ദാനം ചെയ്ത് കോണ്‍ഗ്രസുകാര്‍ ഒരു ദേശീയ ദുരന്തം വരുത്തി വച്ചത്. ഏതായാലും ദുരന്തമാണ്. എന്നാ പിന്നെ മാക്സിമം നാറ്റിക്കാമെന്നു തന്നെ ചിലര്‍ വിചാരിച്ചു. ഇക്കാലമത്രയും വി.എം.സുധീരന്‍ ആദര്‍ശത്തിന്റെ പേരില്‍ മിണ്ടാതിരുന്നത് എത്രനന്നായി എന്ന് ഇപ്പോഴാണ് തോന്നുന്നത്. ഒന്നുമില്ലെങ്കിലും ലോകകപ്പ് കിക്കോഫിന് മുമ്പ് കാലുവാരലിന് കിക്കോഫ് നടത്താന്‍ സാധിച്ചല്ലോ.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ അങ്ങോട്ട് പോയി കൂടുതല്‍ വിലയിട്ടതുപോലെയാണ് കേരള കോണ്‍ഗ്രസിന് ഉമ്മന്‍ചാണ്ടി വിലയിട്ടത്. ഒന്നാമതേ ആ പാര്‍ട്ടി മുന്നണി വിട്ട് സിപിഎമ്മിനോട് കുറെ അടുക്കാന്‍ നോക്കിയതാ. വില്ലനായി സിപിഐ ഇറങ്ങിയതിനാല്‍ പരിണയം നടന്നില്ല. സ്വന്തം പാര്‍ട്ടിക്ക് ഒരു പ്രസിഡന്റിനെ കണ്ടെത്താനാവാത്ത ബിജെപിയെ സംബന്ധിച്ച് വേറൊരു പാര്‍ട്ടിയെ മുന്നണിയിലേക്കെടുക്കാനോ തന്ത്രങ്ങളുണ്ടാക്കാനോ ഏതായാലും കഴിയില്ല എന്നും വ്യക്തമായ സാഹചര്യത്തിലാണ് എന്നാ പിന്നെ പഴയ തറവാട്ടിലേക്ക് തിരിച്ചുകയറാമെന്നും പേരിനൊപ്പമുള്ള സര്‍ പദവി തിരിച്ചുപിടിക്കാമെന്നൊക്കെ കെ.എം.മാണി കരുതുന്നത്. മനസാക്ഷിസൂക്ഷിപ്പുകാരായ കുഞ്ഞൂഞ്ഞൂം കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിക്കൊപ്പം നിന്നപ്പോള്‍ മുന്നണിപ്രവേശം മാത്രമല്ല, രാജ്യസഭാ സീറ്റുവരെയല്ലേ കിട്ടിയത്. കോണ്‍ഗ്രസിന്റെ സീറ്റ് മാണി കൊണ്ടുപോയതിന്റെ ക്ഷീണം മാറിയില്ലെങ്കിലും തമ്മിലടിക്ക് പക്ഷേ നല്ല ഓളമായിരുന്നു.

സംഭവത്തില്‍ കോളടിച്ച ഒരേയൊരു കോണ്‍ഗ്രസുകാരന്‍ എം.എം. ഹസനാണ്. കെപിസിസി പ്രസിഡന്റൊക്കെ ആയിട്ടും നാലാളുകള്‍ക്കിടയില്‍ വല്യ വിലയില്ലാന്നൊക്കെ കരുതിയിരിക്കുമ്പോഴല്ലേ ആ മൂവര്‍ സംഘം ഡല്‍ഹിയില്‍ പോയി മാണിക്ക് സീറ്റ് നല്‍കിയതെന്ന പ്രചാണം വന്നത്. സംഗതി പാര്‍ട്ടിവിരുദ്ധമൊക്കെയാണെങ്കിലും ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം മൂന്നാമനായി ഹസനെ കൂടി നാട്ടുകാര്‍ കണ്ടതോടെ പുള്ളിക്കാരന്‍ നിലത്തൊന്നും അല്ല നില്‍ക്കുന്നത്. നോക്ക്, ഡല്‍ഹിയിലൊക്കെ പോയി രാഹുല്‍ ഗാന്ധിയെ കണ്ട് സ്വന്തം പാര്‍ട്ടിക്കുണ്ടായിരുന്ന സീറ്റ് ഘടകകക്ഷിക്ക് കൊടുക്കാനുള്ള സമ്മതമൊക്കെ വാങ്ങിവരുന്ന കുടില തന്ത്രം ഒരുക്കിയ ടീമിന്‍റെ പേരിലേക്കല്ലേ ഹസന്‍ സ്വയം നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഏതായാലും ഇതിനൊക്കെ പാര്‍ട്ടിക്കാരും നാട്ടുകാരും വല്ലതും പറഞ്ഞാല്‍ തിരിച്ചു മറുപടിയൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ ഹസന്‍ ഒരു കാര്യം ഒപ്പിച്ചു, പരസ്യപ്രസ്താവന അങ്ങട്ട് വിലക്കി. അതുകൊണ്ട് അക്കാര്യവും പറഞ്ഞ് ഹസന് തന്നെ മിണ്ടാതിരിക്കാലോ. ആര് എന്തുചോദിച്ചാലും സ്വന്തം ഉത്തരവിന്‍റെ േപരില്‍ മൗനം തുടരാം. അതേതായാലും ഒടുക്കത്തെ ബുദ്ധിയായിപ്പോയി ഹസന്‍ജി. സമ്മതിക്കണം.

സുധീരന് പിന്നെ ഗ്രൂപ്പൊന്നും ഇല്ല. അതുകൊണ്ട് ഇനി ആരും ഒരു സ്ഥാനത്തേക്കും സുധീരന്‍റെ പേര് നിര്‍ദേശിക്കാനും വഴിയില്ലെന്നും സുധീരന് തന്നെ നല്ല ബോധ്യവുമുണ്ട്. എന്നാപിന്നെ ഇതൊരു അവസരമാണ്. ഉള്ളില്‍ തികട്ടിതികട്ടി വരുന്ന വേദനകളൊക്കെ അങ്ങ് പരസ്യപ്പെടുത്താം. പറയണോ വേണ്ടയോ എന്നൊക്കെ കരുതി കാലമിത്രയും ടെന്‍ഷനടിച്ചതൊക്കെ അങ്ങ് ഒഴിവാക്കാം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ ഏതായാലും നാറി. കാലുവാരല്‍ കപ്പ് മല്‍സരത്തില്‍ ഇതിനേക്കാളും നന്നായി ഒരു ഗോളടിക്കാനുള്ള ചാന്‍സ് ഇനി കിട്ടണമെന്നില്ല. നല്ലൊരു ഉഗ്രന്‍ പെനാല്‍റ്റിക്കുള്ള സ്കോപ്പല്ലേ ഒത്തുവന്നത്. റോങ് കളിച്ച് കയ്യടി നേടിയവര്‍ക്കിട്ട് ഓഫ് ൈസഡ് വിളിച്ച് അങ്ങനെ സുധീരന്‍ ധീരനായി. പിന്നെ കിക്കെടുക്കാന്‍ സുധീരന് എ.കെ.ആന്‍റണിയുടെ ആശിര്‍വാദം എന്തായാലും കാണും. കാരണം ഗോള്‍ വീഴുന്നത് ഉമ്മന്‍ചാണ്ടിയുടെ നെഞ്ച് തുളച്ചാവുമല്ലോ.

സുധീരന്‍റെ നീക്കങ്ങള്‍ അങ്ങനെ ആപ്പ ഊപ്പ കോണ്‍ഗ്രസുകാരെപ്പോലെയല്ല. മൊത്തം ‍ഡ്രിബ്ലിങ്ങാണ്. ഒറ്റയാള്‍ മുന്നേറ്റങ്ങള്‍. 86 ലോകകപ്പില്‍ മറഡോണ നേടിയ ഗോളാണ് മനസില്‍. കൂടെ ആരുമില്ലെങ്കിലും നാട്ടിലെ ജനങ്ങള്‍ ഉണ്ടെന്നൊരു ധാരണയില്‍ ഒറ്റക്കുള്ള മുന്നേറ്റം. കാലുകൊണ്ട് തൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ കൈയ്യുകൊണ്ടെങ്കിലും സുധീരന്‍ജി ഗോളടിക്കും. കാലം പിന്നെ അതിനെ ദൈവത്തിന്റെ കൈ എന്നൊന്നും പറയില്ല. ഉമ്മന്‍ചാണ്ടിയുടെ കൈയ്യിലിരിപ്പ് എന്നേ പറയൂ. 

ഉമ്മന്‍ ചാണ്ടിയെ ആന്ധയിലേക്ക് മാറ്റിയതാണ് ഇതിനൊക്കെ കാരണം.  കേരളത്തില്‍ കളി നടക്കില്ലാന്ന് ഇനിയറിയാം. ഡല്‍ഹിയില്‍ കളിക്കണമെങ്കില്‍ പക്ഷേ പി.ജെ.കുര്യനും പി.സി.ചാക്കോയും പാടില്ല താനും. ഒരു വഴി ആലോചിച്ചിരുന്നപ്പോഴാണ് എടുക്കാച്ചരക്കായിപ്പോയ മാണി കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയ വകയില്‍ ചിലതൊന്ന് കളിക്കാന്‍ തീരുമാനിച്ചത്. അത് ഉമ്മന്‍ചാണ്ടിക്ക് മാത്രമേ അറിയുമായിരുന്നുള്ളു. ഇതൊന്നും അറിയാത്ത പാവം യൂത്തന്‍മാര്‍ ഗ്രൂപ്പ് നേതാവിനെ വിശ്വസിച്ചു. കുര്യന്‍റെ പ്രായത്തെ വിളിച്ചുപറഞ്ഞു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നൊരു യൂത്തന്‍ പ്രസംഗിക്കുന്നത് സ്വപ്നം കണ്ടായിരുന്നു ഇതെല്ലാം. പക്ഷേ ജോസ് കെ മാണിയുടെ അത്ര യുവത്വം കോണ്‍ഗ്രസുകാര്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കേ അറിയാമായിരുന്നുള്ളു. പക്ഷേ സംഗതി ഇപ്പോ നാട്ടുകാരറിഞ്ഞു. യൂത്തന്‍മാര്‍ കിളിപോയവരും ആയി. എല്ലാത്തിനും കാരണം ആ ചെങ്ങന്നൂരിലെ നശിച്ച തോല്‍വിയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ ആ പ്രത്യുപകാരപ്പട്ടികയില്‍ പെടുത്തി മാണിക്ക് കൊടുക്കാനിരുന്നതായിരുന്നു ആ രാജ്യസഭ സീറ്റ്.

ആന്ധ്രയുടെ ചുമതല കിട്ടിയപ്പോള്‍ ഉമ്മന്‍ചാണ്ടി വിചാരിച്ചതും പങ്കുവച്ചതും ആന്ധ്രയെ കേരളം പോലെയാക്കുമെന്നായിരുന്നു. പിന്നീടാണ് മനസിലായത് അവിടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിപോലും ഇല്ലാന്ന്. എങ്കില്‍ പിന്നെ കേരളം പോലെയാക്കാന്‍ ഒരുവഴിയേയുള്ളു, കേരളത്തിലെ പാര്‍ട്ടിയെ തകര്‍ക്കുക. അങ്ങനെ ഇവിടെയും കോണ്‍ഗ്രസില്ലാതാവുക. അങ്ങനെ ആന്ധ്രയും കേരളവും ഒരുപോലെയാവും. അതായിരുന്നു ഐഡിയ. മൊത്തം പൊളിഞ്ഞൂ എന്നു മാത്രം.

ആ എ.കെ.ആന്‍റണിയെക്കൂടി ഇവിടു ന്ന്നാടുകയറ്റി വിട്ട കഥകൂടി ആരെങ്കിലും പറയുമായിരിക്കും. അടുത്ത ലോകകപ്പിന് മുമ്പെങ്കിലും അതുണ്ടാവുമെന്ന പ്രതീക്ഷയോടെ കാലുവാരല്‍ കപ്പിന് ലോങ് വിസില്‍ വിളിക്കുകയാണ്. 

MORE IN SPECIAL PROGRAMS
SHOW MORE