ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കുന്നു; മദ്യപിച്ച് വാഹനമോടിച്ച പ്രതി കുറ്റവിമുക്തന്‍

ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനമോടിച്ച കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ബെല്‍ജിയം സ്വദേശിയായ യുവാവിനെയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റവിമുക്തനാക്കിയത്. 'ഓട്ടോ ബ്രൂവറി സിന്‍ഡ്രോം' (എബിഎസ്) എന്ന അപൂര്‍വ രോഗാവസ്ഥ കോടതിയില്‍ തെളിയിക്കാനായതിന് പിന്നാലെയാണ് മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ 40 കാരനെ കോടതി വെറുതെവിട്ടത്.

ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വാസ്ഥയാണ് 'ഓട്ടോ ബ്രൂവറി സിന്‍ഡ്രോം'. ബെല്‍ജിയത്തില്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ പിടിയിലായ 40കാരനും ഇതേ രോഗാവസ്ഥ തന്നെയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം 3 ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിക്കുകയും എബിഎസ് എന്ന അപൂര്‍വ രോഗാവസ്ഥ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ 40കാരനെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുകയായിരുന്നു. 

2022ലാണ് മദ്യനിര്‍മ്മാണശാലയിലെ ജീവനക്കാരനായ 40കാരനെതിരെ മദ്യപിച്ച് വാഹനമോടിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്തത്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ 0.91 മില്ലിഗ്രാം ആയിരുന്നു റീഡിങ്. പിന്നീട് ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 0.71 മില്ലിഗ്രാമും റീഡിങ് കാണിച്ചു. തുടര്‍ന്നാണ് 40കാരനെതിരെ പൊലീസ് കേസെടുത്തത്. 2019ലും ഇയാള്‍ക്കെതിരെ സമാനസംഭവത്തില്‍ കേസെടുത്തിരുന്നു. ചെയ്യാത്ത കുറ്റത്തിന് രണ്ടുവട്ടം പിഴയടക്കേണ്ടിവന്നതോടെ  യുവാവ് തന്‍റെ നിരപാധിത്വം തെളിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ കാര്യങ്ങള്‍ തെളിവ് സഹിതം സമര്‍പ്പിച്ച് 40കാരനെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത്.

എബിഎസ് എന്ന അപൂര്‍വ രോഗാവസ്ഥയ്ക്ക് ഗട്ട് ഫെര്‍മന്‍റേഷന്‍ സിന്‍ഡ്രോം എന്നൊരു പേരുകൂടിയുണ്ട്. ശരീരത്തിൽ എഥനോളിന്റെ അളവ് ഉയരുമ്പോൾ സ്വാഭാവികമായും മദ്യപരുടെ ശരീരാവസ്ഥയായിരിക്കും ഈ രോഗമുള്ളവരിലും കാണപ്പെടുക. എബിഎസ് രോഗമുളളവരില്‍ ക്ഷീണം, തലകറക്കം, വ്യക്തതയില്ലാത്ത സംസാരം എന്നീ ലക്ഷണങ്ങള്‍ പ്രകടമോയേക്കാം.  1952ൽ ജപ്പാനിലാണ് എബിഎസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Belgian man whose body makes its own alcohol cleared of drunk-driving