റേസിങിനിടെ കാണികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; 7 പേര്‍ക്ക് ദാരുണാന്ത്യം

car-accident
അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എക്സില്‍ നിന്ന്
SHARE

കാർ റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. ശ്രീലങ്കയിലാണ് സംഭവം. റേസിങ് മല്‍സരത്തിനിടെ കാണികൾക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയതാണ് 7 പേരുടെ മരണത്തിന് കാരണമായത്. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികില്‍സയിലാണ്. ശ്രീലങ്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന മോട്ടോർ സ്പോർട് പരിപാടിക്കിടെയായിരുന്നു അപകടം. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു കാര്‍ റേസിങ് നടന്നത്. ശ്രീലങ്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇടം കൂടിയാണിത്. സുരക്ഷാവേലിയില്ലാത്ത ഒരിടത്താണ് അപകടം നടന്നത്. റേസിങ് മല്‍സരം കാണാനെത്തിയ കാണികളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തലകീഴായ മറി‍ഞ്ഞുകിടക്കുന്ന ഒരു കാറാണ് ദൃശ്യങ്ങളിലുളളത്. അധികൃതര്‍ കാര്‍ പരിശോധിക്കുന്നതിനിടയില്‍ പിന്നാലെ നിരവധി കാറുകള്‍ അമിതവേഗത്തില്‍ ട്രാക്കിലൂടെ കടന്നുപോകുന്നതും കാണാം. ഇതിലൊരു കാറാണ് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ആളുകള്‍ ഭയന്ന് ഓടുന്നതും അവരുടെ നിലവിളിയുമാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. 

മരിച്ചവരില്‍ ഒരാൾ എട്ട് വയസുള്ള കുട്ടിയാണ്. പരുക്കേറ്റവര്‍ ചികില്‍സയിലാണെന്നും പരിപാടിയുടെ വക്താവ് അറിയിച്ചു. അഞ്ച് വ‍ർഷമായി മുടങ്ങിക്കിടന്ന കാർ റേസിങാണ് ഇത്തവണ ആഘോഷപൂർവം സംഘടിപ്പിക്കപ്പെട്ടത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും കാരണം നിര്‍ത്തിവച്ച പരുപാടിയാണ് ഇത്തവണ ആഘോഷപൂർവം നടത്തിയതും അവസാനം അപകടത്തില്‍ കലാശിച്ചതും. 

Seven killed, 21 wounded at Sri Lanka motor race

MORE IN WORLD
SHOW MORE