'ക്ഷമിച്ചു മകനേ, സ്നേഹം മാത്രം'; കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയോട് ബിഷപ്

HIGHLIGHTS
  • അക്രമം വ്യാഴാഴ്ച കുര്‍ബാനയ്ക്കിടെ
  • 16കാരനാണ് അക്രമിയെന്ന് പൊലീസ്, ഭീകരക്കുറ്റം ചുമത്തി
  • കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവുശിക്ഷ
bishop-emmanuel-20
SHARE

കുര്‍ബാനയര്‍പ്പിക്കുന്നതിനിടെ തന്നെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതിയോട് ക്ഷമിക്കുന്നുവെന്ന് സിഡ്നിയിലെ ബിഷപ് മാര്‍ മറി ഇമ്മാനുവല്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അസീറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ ബിഷപായ മാര്‍ ഇമ്മാനുവലിന് കുത്തേറ്റത്. 'കുത്തിപ്പരുക്കേല്‍പ്പിച്ചയാള്‍ ആരായാലും ക്ഷമിക്കുന്നുവെന്നും ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ബിഷപ് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'നീ എന്‍റെ മകനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നും എന്‍റെ പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകും. ഈ പ്രവര്‍ത്തി ചെയ്യാന്‍ നിന്നെ പറഞ്ഞുവിട്ടവരോടും ഞാന്‍ ക്ഷമിക്കുന്നു' എന്നായിരുന്നു യുട്യൂബിലൂടെ പങ്കുവച്ച സന്ദേശം. 

bishop-sydney-20

താന്‍ പരുക്കില്‍ നിന്ന് മോചിതനാകുന്നുവെന്നും വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരും വിഷമിക്കേണ്ടതില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ആരാധനയ്ക്കിടെയുണ്ടായ അക്രമത്തില്‍ ബിഷപിനെ കൂടാതെ 16 വിശ്വാസികള്‍ക്ക് കൂടി പരുക്കേറ്റിരുന്നു. 16കാരനാണ് ബിഷപ്പിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിക്കുറ്റവാളിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി. മതപരമായ അസഹിഷ്ണുതയാണ് അക്രമത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതി കോടതിയില്‍ ഹാജരാകുകയോ ജാമ്യാപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു. പിടിയിലായ കൗമാരക്കാരന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. മൊബൈല്‍ഫോണും ലാപ്ടോപുമടക്കം പരിശോധിച്ചു. കുറ്റംതെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷയാകും കൗമാരക്കാരന് ലഭിക്കുക. 

ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത്  എത്തിയാണ് അക്രമി ബിഷപിനെ കുത്തിയത്. ആറുതവണ ആവര്‍ത്തിച്ച് കുത്തിയെന്നും പൊലീസ് പറയുന്നു. കുര്‍ബാന ലൈവ് സ്ട്രീമിങ് ആയിരുന്നതിനാല്‍ അക്രമത്തിന്‍റെ ദൃശ്യങ്ങളും അതിവേഗം പ്രചരിച്ചു. സ്ഥലത്തെത്തിയ പൊലീസിനോട് അക്രമിയെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ട് നേരിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. 50 പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും 20 പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 

Australian Bishop forgives alleged attacker

MORE IN WORLD
SHOW MORE