യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ജീവനെടുത്തത് ബ്ലൂ വെയില്‍ ഗെയിമോ? അന്വേഷണം

bluewhale-game
പ്രതീകാത്മക ചിത്രം
SHARE

അമേരിക്കയിലെ  മാസച്യുസിറ്റ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന സംശയം ബലപ്പെടുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന 20കാരനെ മാര്‍ച്ച് എട്ടിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണോയെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. ഇതോടെയാണ് വിദ്യാര്‍ഥി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി കണ്ടെത്തിയത്. കുടുംബത്തിന്‍റെ അഭ്യര്‍ഥന മാനിച്ച് വിദ്യാര്‍ഥിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും  കാണാതായ വിദ്യാര്‍ഥിയുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതോടെ 20കാരന്‍റെ മരണം കൊലപാതകമാണെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ വനത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

മരിച്ചുപോയ വിദ്യാര്‍ഥി രണ്ടുമിനിറ്റ് നേരം ശ്വാസം പിടിച്ചുവച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഗെയിം നിരോധിക്കണമെന്ന് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെടിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. 

അതേസമയം ബ്ലൂവെയില്‍ ഗെയിമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ആത്മഹത്യയെന്ന അനുമാനത്തിലാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നതെന്നും മെഡിക്കല്‍ എക്സാമിനറുടെ വിശദ റിപ്പോര്‍ട്ട് വന്നശേഷമേ കേസിലെ അന്വേഷണം അവസാനിപ്പിക്കുകയുള്ളൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ ഗെയിം കളിച്ചു തുടങ്ങുന്നത്. ഒരു അഡ്മിനിസ്ട്രേറ്ററും കളിക്കുന്നയാളുമാണ് ഗെയിമില്‍ ഉണ്ടാവുക.സാഹസികവും ചെയ്യാന്‍ ഭയമുള്ളതുമായ പ്രവര്‍ത്തികളാണ് ഗെയിമില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെയ്യാനായി നല്‍കുന്നത്. 50 ദിവസത്തെ കാലയളവിലേക്കാണ് ടാസ്കുകള്‍ നല്‍കുക. തുടക്കത്തില്‍ ലളിതമായ ടാസ്കുകളാവുമെങ്കിലും പിന്നീട് സ്വയം മുറിവേല്‍പ്പിക്കുന്നതടക്കമുള്ള ടാസ്കുകള്‍ നല്‍കി വരാറുണ്ടെന്നും പൊലീസ് പറയുന്നു. ആത്മഹത്യ ഗെയിം എന്ന പേരിലും ബ്ലൂവെയില്‍ അറിയപ്പെടാറുണ്ട്. 

MORE IN WORLD
SHOW MORE