ഭാര്യയ്ക്ക് നല്‍കിയത് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

imran-khan
SHARE

തടങ്കലില്‍ കഴിയുന്ന ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകിയെന്ന ആരോപണവുമായി മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭക്ഷണം കഴിച്ചതിനു ശേഷം ഭാര്യയ്ക്ക് വയറുസംബന്ധമായ അസുഖങ്ങള്‍ സ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ഈ കേസിലെ വാദം കേൾക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്.

ഷിഫ ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ ബുഷ്റ ബീബിയുടെ പരിശോധന നടത്താൻ ഷൗക്കത്ത് ഖാനം ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസിം യൂസഫ് നിർദ്ദേശിച്ചതായി ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ, പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പരിശോധന നടത്തിയാൽ മതിയെന്ന നിലപാടിൽ ജയിൽ ഭരണകൂടം ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇമ്രാൻ ഖാൻ്റെയും ബുഷ്‌റ ബീബിയുടെയും വൈദ്യപരിശോധനയ്ക്കായി കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെ ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ ഭാര്യ ബുഷ്‌റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാൻ പറഞ്ഞു.

അഴിമതി, ഇമ്രാനുമായുള്ള നിയമവിരുദ്ധ വിവാഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു ഇസ്‌ലാമാബാദിലെ ബനി ഗാല വസതിയിൽ ബുഷ്‌റയെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. അഡിയാല ജയിലിലുള്ള ഇമ്രാൻ, മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണു സൈനിക മേധാവിക്കെതിരെ പരാമർശം നടത്തിയത്. ഇമ്രാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇക്കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

‘എന്റെ ഭാര്യയെ തടവിലാക്കാൻ നേരിട്ടിടപെട്ടതു ജനറൽ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാൻ ജഡ്ജിക്കുമേൽ സമ്മർദമുണ്ടായി. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ തുറന്നുകാട്ടും’– ഇമ്രാൻ പറഞ്ഞു. തോഷാഖാന അഴിമതി കേസില്‍ ഇമ്രാനും ഭാര്യ ബുഷ്റ ബീവിക്കും കോടതി 14 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. 10 വര്‍ഷത്തേക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.

Jailed Imran Khan claims wife was given food mixed with toilet cleaner.

MORE IN WORLD
SHOW MORE