വിവാദപരാമര്‍ശം വിനയായി; മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികള്‍ കുറഞ്ഞു

maldives
SHARE

മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവ്. മാര്‍ച്ചില്‍ അവസാനിച്ച 2024ലെ ആദ്യ പാദത്തില്‍ സഞ്ചാരികളുടെ എണ്ണം മുന്‍വര്‍ഷത്തേതിനേക്കാള്‍ 38 ശതമാനമാണ് കുറഞ്ഞത്. അതേസമയം, ഇതേ കാലയളവില്‍ ചൈനയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 281 ശതമാനം വര്‍ധനയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ വിവാദപരാമര്‍ശത്തെതുടര്‍ന്ന് മാലദ്വീപിനെ ബഹിഷ്കരിക്കണമെന്നും ലക്ഷദ്വീപ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായിരിക്കുന്നത്. 2023 ലെ ആദ്യ പാദത്തില്‍ ഇന്ത്യയില്‍ നിന്ന് 56,208 സഞ്ചാരികളെത്തിയപ്പോള്‍ 2024 ല്‍ അത് 34,847 ആയി കുറഞ്ഞു. 38 ശതമാനത്തിന്‍റെ കുറവ്. കോവിഡിന് ശേഷം മാലദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യ ഒന്നാമതായിരുന്നു.

അതേസമയം, സൈനികമേഖലയിലടക്കം ഇന്ത്യയെ ഒഴിവാക്കി ചൈനയുമായി ചങ്ങാത്തം കൂടുന്ന മാലദ്വീപിലേക്ക് ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങുകയും യാത്രാ നടപടി‍കള്‍ ലഘൂകരിച്ചും ചൈന മാലദ്വീപിന് വിനോദസഞ്ചാരികള്‍ വഴിയുള്ള വരുമാന സ്രോതസ് ഉറപ്പാക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞമാസം മാലദ്വീപിലെ ഇന്ത്യന്‍ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യക്കാരായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി റോഡ് ഷോ അടക്കം പദ്ധതികള്‍ മാലദ്വീപ് മുന്നോട്ടുവച്ചിരുന്നു.

A huge drop in the number of Indian tourists to the Maldives

MORE IN WORLD
SHOW MORE