ഇസ്രയേല്‍ ലക്ഷ്യമാക്കി റോക്കറ്റ് തൊടുത്ത് ഹിസ്ബുല്ല; മുള്‍മുനയില്‍ മധ്യേഷ്യ

hezbullah-israel
SHARE

ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വെള്ളിയാഴ്ച രാത്രിയോടെ വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്ത് ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുല്ല. തെക്കന്‍ ലെബനനില്‍ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുല്ല പ്രസ്താവിച്ചു. തെക്കൻ ലെബനൻ ഗ്രാമങ്ങളിലും വീടുകളിലേക്കും അടുത്തിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമാണ് ആക്രമണം. ഡസൻ കണക്കിന് കത്യുഷ റോക്കറ്റുകൾ പ്രയോഗിച്ചതായി പ്രസ്താവനയില്‍ പറയുന്നു. 

ഹിസ്ബുല്ലയുടെ റോക്കറ്റുകളെ ഇസ്രയേലിന്‍റെ അയേണ്‍ ഡോം പ്രതിരോധിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലുണ്ട്.  കത്യുഷ റോക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞതായും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവും പ്രതികരിച്ചു. നേരത്തെ ഹിസ്ബുല്ലയുടെ ബോംബ് ഡ്രോണുകളും ഷെല്ലുകളും പ്രതിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 40 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി 40 റോക്കറ്റുകളാണ് ഹിസ്ബുല്ല പ്രയോഗിച്ചതെന്നും ഐഡിഎഫ് അറിയിച്ചു.

സിറിയയിലെ ഡമാസ്കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഹിസ്ബുല്ലയുടെ നീക്കം. തിരിച്ചടി നല്‍കുമെന്ന ഇറാന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ, വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇറാന്‍ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന്‍റെ ഭാഗമായി വിഷയത്തില്‍ ഇടപെടരുതെന്ന് യുഎസിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞാഴ്ച ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ഇതടക്കം ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഹിസ്ബുല്ലയുടെ ആക്രമണം. ഗാസയ്ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലിന് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഹിസ്ബുല്ല നടത്തുന്നുണ്ട്. ലെബനിനിലെ ശക്തമായ തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ഹമാസിന് പിന്തുണ നല്‍കുന്നുണ്ട്.

Hezbollah fire rocket towards northen israel amid tension in midddle east

MORE IN WORLD
SHOW MORE