രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ശതകോടീശ്വരിയെ തൂക്കിലേറ്റാൻ വിധിച്ച് വിയറ്റ്നാം കോടതി

vietnam-court
SHARE

സാമ്പത്തിക തട്ടിപ്പുകേസിൽ ശതകോടീശ്വരിയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയെയൊണ് 1250 കോടി ഡോളറിന്റെ തട്ടിപ്പ് കേസില്‍ കോടതി തൂക്കിലേറ്റാൻ വിധിച്ചത്. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസിലാണ് കോടതിയുടെ സുപ്രധാന വിധി.

67കാരിയായ ട്രൂങ് മേ ലാന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ 2022 ഒക്ടോബറിലാണ് അറസ്റ്റിലായത്. 2012 മുതല്‍ 2022 വരെയുളള കാലയളവില്‍ സൈ​ഗൺ കൊമേഴ്ഷ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ ബാങ്കിൽനിന്ന് വലിയ തോതില്‍ പണം തട്ടിയതായി കോടതി കണ്ടെത്തി. 1250 കോടി ഡോളറിന്റെ തട്ടിപ്പാണ് ട്രൂങ് മേ ലാന്‍ നടത്തിയിരിക്കുന്നത്. ഇത് ഏകദേശം രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നുശതമാനത്തിന് തുല്യമാണ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായതിന് പിന്നാലെ ട്രൂങ് മേ ലാനിന്‍റെ ഉടമസ്ഥതയിലുള്ള 1,000-ലധികം സ്വത്തുക്കൾ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

കേസ് കോടതിയിലെത്തിയപ്പോള്‍ തനിക്കെതിരെയുളള ആരോപണങ്ങൾ നിഷേധിച്ച ട്രൂങ് മേ ലാന്‍ കീഴുദ്യോ​ഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും നിരസിച്ചുകൊണ്ട് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതിക്കെതിരായ നയങ്ങളുടെ ഭാ​ഗമായിട്ടായിരുന്നു നടപടി. സൈ​ഗൺ കൊമേഴ്ഷ്യൽ ബാങ്കില്‍ 90 ശതമാനം ഓഹരി സ്വന്തമായിട്ടുണ്ടായിരുന്ന  ട്രൂങ് മേ ലാന്‍ വ്യാജ വായ്പാ അപേക്ഷകളിലൂടെ ഷെൽ കമ്പനികൾ ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്. ഇതിന് കൂട്ടുനിന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിവന്നത്. 

ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക്  ട്രൂങ് മേ ലാന്‍ നല്‍കിയ കൈക്കൂലി തുക വിയറ്റ്നമിലെ ഏറ്റവും വലിയ കോഴയായി കോടതി ചൂണ്ടിക്കാട്ടി. ഏകദേശം 5.2 മില്യൺ ഡോളറോളം വരും ഈ തുക. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 42,000 പേർ തട്ടിപ്പിന് ഇരയായെന്നാണ് കണക്ക്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ട്രൂങ് മേ ലാനിന്‍റെ   ഭർത്താവിനും മരുമകൾക്കും കോടതി യഥാക്രമം ഒമ്പത് വർഷവും 17 വർഷവും തടവ് ശിക്ഷ വിധിച്ചു. 

Financial Fraud Case; Vietnamese billionaire sentenced to death

MORE IN WORLD
SHOW MORE