അപൂര്‍വ കാന്‍സര്‍ ബാധ; കിമോതെറാപ്പി; അവസാനം രോഗമില്ലെന്ന് ഡോക്ടര്‍ !

cerival-cancer-symptoms
പ്രതീകാത്മക ചിത്രം.
SHARE

പലതരത്തിലുള്ള ചികിത്സാപ്പിഴവുകള്‍ വ്യാപകമാകുന്ന സാഹചര്യമാണ് നിലവില്‍. അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ടായിട്ടും ആരോഗ്യപ്രവര്‍ത്തകരുടെ ചെറിയ പിഴവ് പോലും മനുഷ്യായുസ്സിന് തന്നെ വെല്ലുവിളിയാകുന്ന കാലമെന്നും പറയാം. നിങ്ങള്‍ക്ക് കാന്‍സറാണ്, ഇനി ചുരുക്കം മാസങ്ങള്‍ മാത്രമേ നിങ്ങള്‍ ജീവനോടെയുണ്ടാകുവെന്ന് ഡോക്ടര്‍ മുഖത്ത് നോക്കി പറയുന്ന സാഹചര്യം ആലോചിച്ചു നോക്കൂ.

എന്തൊക്കെ ചെയ്തു തീര്‍ക്കണം, എന്തൊക്കെ ആഗ്രഹങ്ങളാണ് ബാക്കിയുള്ളത്, ആരെയൊക്കെ കാണണം എന്നു തുടങ്ങി ആ ‘ചുരുക്കം’ ദിവസങ്ങള്‍ ‘ജീവിച്ചു’തീര്‍ത്ത് പോകാനാഗ്രഹിക്കുന്നവരും മരണം മുന്നില്‍ കണ്ട് കരഞ്ഞുതളര്‍ന്ന് ദിവസങ്ങള്‍ തള്ളിനീക്കുന്നവരുമുണ്ടാകാം. എന്നാല്‍ ഒടുക്കം ഒരു തെറ്റുപറ്റിയതാണ്, നിങ്ങള്‍ക്ക് കാന്‍സറില്ലെന്ന് ഡോക്ടര്‍ പറഞ്ഞാലോ? ഈ ഒരു മാനസികാവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്ന ഒരു യുവതിയെക്കുറിച്ചുള്ള വാര്‍ത്തയാണ് ടെക്സസില്‍ നിന്നെത്തുന്നത്.

മുപ്പത്തി ഒന്‍പത് വയസ്സുകാരിയായ ലിസ മോങ്ക് എന്ന യുവതി വയറുവേദനയുമായാണ് ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ഇവര്‍ക്ക് മൂത്രത്തില്‍ കല്ലുണ്ടെന്ന് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. ഇത് വിശദമായ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ലിസയ്ക്ക് കാന്‍സര്‍ ബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 15 മാസങ്ങള്‍ മാത്രമാണ് ലിസയുടെ ആയുസ്സെന്നും വിധിയെഴുതി. തുടര്‍ന്ന് കിമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍. കിമോതെറാപ്പിക്കു പിന്നാലെ മുടി മുഴുവന്‍ കൊഴിഞ്ഞ്, ശരീരമാകെ വിളറിവെളുത്ത് വല്ലാത്ത ഒരു രൂപമായി താനെന്ന് ലിസ പറയുന്നു. 

കിമോതെറാപ്പിക്കിടെ പല തവണ ശര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടായി. രണ്ടാം വട്ടം കിമോതെറാപ്പി കഴിഞ്ഞപ്പോഴാണ് കാന്‍സറില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. കിമോതെറാപ്പിക്കുണ്ടായിരുന്ന നഴ്സ് എന്തൊക്കെ ലക്ഷണങ്ങളാണ് നിലവിലുള്ളതെന്ന് തിരക്കി. താന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ കമ്പ്യൂട്ടറില്‍ എന്തോ നോക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി അവിടെ ഇരിക്കാന്‍ പറഞ്ഞ് ഡോക്ടറുടെ അടുത്തേക്ക് ഓടി. 15 മിനിറ്റുകഴിഞ്ഞാണ് അവര്‍ ഡോക്ടറെയും കൂട്ടി തിരിച്ചുവന്നത്. ഡോക്ടര്‍ വന്ന് എന്തൊക്കെയോ വൈദ്യശാസ്ത്രപരമായ വാക്കുകളും മറ്റും പറഞ്ഞു. അതെന്താണെന്ന് പോലും മനസ്സിലായില്ല. ഒടുവില്‍ എനിക്ക് കാന്‍സറില്ലെന്ന് പറഞ്ഞു.

സന്തോഷവും ആശ്വസവും തോന്നിയത് അപ്പോഴാണ്. ഇക്കാര്യം ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചുപറഞ്ഞ് ആശുപത്രിയില്‍ നിന്ന് എത്രയുംപെട്ടെന്ന് വീട്ടിലെത്താനുള്ള തിടുക്കമായിരുന്നു. വീട്ടില്‍ എത്തിയതിനു ശേഷമാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച ലാബ് റിപ്പോര്‍ട്ട് പരിശോധിച്ചത്. തിയതി നോക്കിയപ്പോള്‍ ഒരുമാസം മുന്‍പുള്ള റിപ്പോര്‍ട്ടായിരുന്നു അത്. യഥാര്‍ഥത്തില്‍ തനിക്ക് കാന്‍സറില്ലായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണം കീമോതെറാപ്പിയടക്കം ചെയ്യേണ്ടി വന്നു. വിഷമിച്ച് ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നു. 

കുടുംബത്തോടു പോലും രോഗവിവരത്തെക്കുറിച്ച് മുഴുവനും പറഞ്ഞില്ല. അവര്‍ വിഷമിക്കേണ്ടെന്ന് കരുതിയായിരുന്നു ഇത്. എനിക്ക് ജനിക്കാനിരിക്കുന്ന കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കും വരെ യാത്രപറഞ്ഞുള്ള കത്തുകള്‍ തയ്യാറാക്കി, വരാനിരിക്കുന്ന വിവാഹങ്ങള്‍ക്കെല്ലാം ആശംസകള്‍ നേരത്തെ അറിയിച്ച് മരണം കാത്തിരിക്കുകയായിരുന്നു താനെന്നാണ് ലിസ പിന്നീട് പ്രതികരിച്ചത്.

Woman undergoes chemotherapy, later finds out she never had cancer.

MORE IN WORLD
SHOW MORE