ഇരുപതിനായിരം കാട്ടാനകളെ കയറ്റിവിടും; ജര്‍മനിക്ക് ബോട്സ്വാനയുടെ ഭീഷണി

Untitled design - 1
SHARE

വന്യമൃഗങ്ങളുടെ കൊമ്പും തോലും മറ്റും കൗതുകവസ്തുക്കളെന്ന പേരില്‍ ഇറക്കുമതി ചെയ്യുന്നത് തടയുമെന്ന ജര്‍മനിയുടെ പ്രഖ്യാപനത്തിന് ബോട്‍സ്വാന പ്രസിഡന്റിന്റെ തകര്‍പ്പന്‍ മറുപടി. നിരോധനത്തിന് മുതിര്‍ന്നാല്‍ ജര്‍മനിയിലേക്ക് ഇരുപതിനായിരം കാട്ടാനകളെ കയറ്റിവിടുമെന്ന് ബോട്സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്സി മസീസി പറഞ്ഞു. ‘വന്യമൃഗങ്ങളെ സംരക്ഷിച്ച് ജീവിക്കണമെന്ന് ഞങ്ങളെ ഉപദേശിക്കുന്നവര്‍ ആദ്യം സ്വയം അത് ചെയ്തുകാണിക്കട്ടെ.’ ഇത് തമാശയല്ലെന്നും വേണ്ട എന്നൊരു ഉത്തരം പറയാന്‍ ജര്‍മനി മുതിരേണ്ടെന്നും മസീസി ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കാട്ടാനകളുടെ ആധിക്യം കാരണം പൊറുതിമുട്ടുകയാണ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്‍സ്വാന. ലോകത്ത് ഇപ്പോഴുള്ള ആനകളുടെ മൂന്നിലൊന്നും (1,30,000 ആനകള്‍) ബോട്സ്വാനയിലാണ്. മനുഷ്യ–വന്യജീവി സംഘര്‍ഷം ഇവിടെ ദൈനംദിനസംഭവമായിക്കഴിഞ്ഞു. കൃഷിക്കും വീടുകള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും ആനകള്‍ വലിയ നാശമുണ്ടാക്കുകയാണെന്ന് ബോട്സ്വാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആനകളുടെ എണ്ണം കുറയ്ക്കാന്‍ എണ്ണായിരം ആനകളെ അയല്‍രാജ്യമായ അംഗോളയ്ക്കും നൂറുകണക്കിന് ആനകളെ മൊസാംബിക്കിനും നല്‍കിയിരുന്നു. ഇത്തരമൊരു സമ്മാനമാണ് ജര്‍മനിക്കും നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് മസീസി പറഞ്ഞു.നേരത്തേ ജര്‍മനിക്ക് സമാനമായ നീക്കം നടത്തിയ യുകെയിലേക്ക് പതിനായിരം ആനകളെ കയറ്റിവിടുമെന്ന് ബോ‍ട്സ്വാന പരിസ്ഥിതിമന്ത്രി ഡുമെസ്വേനി തിംകുലു പ്രഖ്യാപിച്ചിരുന്നു.

FILES-BOTSWANA-GERMANY-POLITICS-ANIMAL-HUNTING

പ്രതിവര്‍ഷം ആറായിരം ആനക്കുട്ടികളാണ് ബോട്സ്വാനയില്‍ ജനിക്കുന്നത്. കാട്ടാനകളുടെ വംശവര്‍ധന നിയന്ത്രിക്കാന്‍ ബോട്സ്വാന നിയന്ത്രിതമായ രീതിയില്‍ ആനവേട്ട അനുവദിക്കുന്നുണ്ട്. സമ്പന്നരായ വിദേശടൂറിസ്റ്റുകള്‍ക്ക് വേട്ടയ്ക്കുള്ള പെര്‍മിറ്റ് നല്‍കുകയാണ് രീതി. വേട്ടയാടുന്ന ആനയുടെ തലയോട്ടിയും തോലും മറ്റും സുവനീറുകളായി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും. ജര്‍മനിയില്‍ നിന്നുള്ളവരാണ് ഈ ടൂറിസ്റ്റുകളില്‍ വലിയൊരുവിഭാഗം. ഇത്തരത്തില്‍ ലഭിക്കുന്ന പണം പരിസ്ഥിതി സംരക്ഷണത്തിനും പ്രാദേശികസമൂഹങ്ങളുടെ വികസനത്തിനുമാണ് ഉപയോഗിക്കുന്നതെന്നാണ് ബോട്സ്വാന ഭരണകൂടത്തിന്റെ വാദം. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ആനവേട്ട ഉണ്ടാകില്ലെന്നും അവര്‍ അവകാശപ്പെടുന്നു. 

FILES-BOTSWANA-GERMANY-POLITICS-ANIMAL-HUNTING

എന്നാല്‍ മൃഗസ്നേഹികളും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകരും ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. രാജ്യാന്തരസമ്മര്‍ദം കാരണം 2014ല്‍ ബോട്സ്വാന ആനവേട്ട നിരോധിച്ചെങ്കിലും ആനകളുടെ എണ്ണം ഉയര്‍ന്നതോടെ 2019ല്‍ നിരോധനം നീക്കി. വാര്‍ഷിക ക്വാട്ട നിശ്ചയിച്ചാണ് ഇപ്പോള്‍ ഓരോവര്‍ഷവും ആനവേട്ട അനുവദിക്കുന്നത്. രാജ്യത്തിന്റെ 40 ശതമാനത്തിലധികം ഭൂപ്രദേശങ്ങളിലും കാട്ടാനകളെ കാണാവുന്ന സാഹചര്യമാണ് ബോട്സ്വാനയില്‍. ഇതുണ്ടാക്കുന്ന പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രസിഡന്റ് മസീസി കുറ്റപ്പെടുത്തി. ബോട്സ്വാനയും സിംബാബ്‍വെ, നമീബിയ എന്നീ രാജ്യങ്ങളും തങ്ങളുടെ പക്കലുള്ള ആനക്കൊമ്പ് ശേഖരം വില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളും മൃഗസംരക്ഷണ സംഘടനകളും ഇതിനെയും എതിര്‍ക്കുകയാണ്. കൊമ്പ് വില്‍ക്കുന്നത് ആനവേട്ട പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നാണ് അവരുടെ വാദം.

Botswana threatens to send 20,000 elephants to Germany

MORE IN WORLD
SHOW MORE