കപ്പലിടിച്ച് പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക്; സിനിമയെ വെല്ലും വിഡിയോ

francis-scott-key-bridge-collapse
SHARE

അമേരിക്കയില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന് നദിയിലേക്കു വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബാള്‍ട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിജാണ് കാര്‍ഗോ ഷിപ്പിടിച്ച് തകര്‍ന്നത്. കപ്പലിടിച്ച് നിമിഷങ്ങള്‍ക്കകം പാലം ഉരുക്ക് കമാനങ്ങള്‍ തകര്‍ന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളടക്കമാണ് പടാപ്‌സ്‌കോ നദിയിലേക്ക് പതിച്ചത്. ചില വാഹനങ്ങള്‍ ഇപ്പോളും പാലത്തില്‍ നിന്ന് നദിയിലേക്ക് തൂങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

അമേരിക്കന്‍ പ്രാദേശിക സമയം ഇന്ന് രാവിലെ 1.30 നാണ് സംഭവം. കപ്പല്‍ ഇടിക്കുന്ന സമയം പാലത്തിലുണ്ടായിരുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും കൃത്യമായ എണ്ണം എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്‍റെ പറയുന്നതനുസരിച്ച് ഏഴു പേരെങ്കിലും നദിയിലേക്ക് വീണിട്ടുണ്ട്. ഡൈവ് ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

പാലത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായാണ് ന്യൂയോർക്ക് ടൈംസ്, ഫോക്സ് ബാൾട്ടിമോർ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നാശനഷ്ടത്തിന്‍റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല. 1977 ല്‍ തുറന്ന ഫ്രാന്‍സിസ് സ്കോടട് ബ്രിജിന്‍റെ നീളം മൂന്ന് കിലോമീറ്ററാണ്. നിലവില്‍ പാലത്തിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണെന്ന് മേരിലാന്‍ഡ് ട്രാന്‍സ്പോര്‍ടേഷന്‍ അതോറിറ്റി സമൂഹമാധ്യമമായ എക്സ് വഴി അറിയിച്ചു. അപകടത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇനിയും വരാനുണ്ട്.

The Francis Scott Key Bridge in Baltimore, the United States, collapsed after being hit by a large container ship.

MORE IN WORLD
SHOW MORE