‘കാന്‍സറാണ്; കീമോതെറാപ്പി തുടങ്ങി’; വെളിപ്പെടുത്തി കെയ്റ്റ് രാജകുമാരി

തനിക്ക് കാന്‍സറാണെന്നും കീമോതെറാപ്പി ചെയ്തുവരികയാണെന്നും വ്യക്തമാക്കി വെയിൽസ് രാജകുമാരി കെയ്റ്റ്. സമൂഹമാധ്യമമായ എക്സില്‍ ഒരു വിഡിയോ സന്ദേശം പങ്കുവച്ചുകൊണ്ടാണ് കെയ്റ്റ് തന്‍റെ രോഗവിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. ചാൾസ് രാജാവിന്റെ മൂത്ത മകനും ഒന്നാം കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. കുറച്ചുനാളുകള്‍ക്കു മുന്‍പ് ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കെയ്റ്റിന്‍റെ വെളിപ്പെടുത്തല്‍. 

ജനുവരിയില്‍ അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് രാജകുമാരി വിഡിയോയില്‍ പറയുന്നത്. കാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. നോൺകാൻസറസ് ആണെന്നാണ് ശസ്ത്രക്രിയ നടത്തുമ്പോള്‍ പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ കണ്ടെത്തിയത്. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണ്. കരുത്തോടെ മുന്നോട്ടുപോകുമെന്നും കെയ്റ്റ് കൂട്ടിച്ചേര്‍ത്തു.

വില്യം രാജകുമാരനും താനും അസുഖവിവരം പരമാവധി സ്വകാര്യമായി തന്നെ വച്ചു. ലോകത്തോട് വെളിപ്പെടുത്തും മുന്‍പ് തന്‍റെ മക്കളായ പ്രിൻസ് ജോർജിനേയും പ്രിൻസസ് ഷാർലെറ്റിനെയും പ്രിൻസ് ലൂയീസിനെയും ഇക്കാര്യം മനസ്സിലാക്കിയെടുക്കണമായിരുന്നു. അതിന് സമയം വേണ്ടിവന്നുവെന്നാണ് രാജകുമാരി പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഈസ്റ്റർ കഴിയുന്നതുവരെ ഔദ്യോ​ഗിക ജോലികളിലേക്ക് കെയ്റ്റ് തിരികെയെത്തില്ലെന്നാണ് വിവരം. 

ഏതുതരം കാൻസറാണ് രാജകുമാരിയെ ബാധിച്ചതെന്ന് പുറത്തറിയിച്ചിട്ടില്ല. സുഖംപ്രാപിക്കുന്നതോടെ ജോലിയിലേക്ക് തിരികെയെത്തുമെന്നും ഉദരശസ്ത്രക്രിയ കഴിഞ്ഞ് കെയ്റ്റ് വിശ്രമത്തിലാണെന്നുമാണ് ഫെബ്രുവരി 27ന് കെൻസിങ്ടൺ കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ശസ്ത്രക്രിയ്ക്ക് ശേഷം 14 ദിവസം കെയ്റ്റ് ആശുപത്രിയിലായിരുന്നുവെന്ന് പിന്നീട് പുറത്തുവിട്ട പ്രസ്താവനയിലും പറഞ്ഞിരുന്നു. 

ഫെബ്രുവരിയിലാണ് ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. പൊതുപരിപാടികൾ മാറ്റിവച്ച് ചികിൽസയിലും വിശ്രമത്തിലുമാണ് അദ്ദേഹം. ഒഴിവാക്കാനാകാത്ത ഭരണഘടനാപരമായ ചുമതലകൾ മാത്രമേ രാജാവ് ഇപ്പോൾ നിർവഹിക്കുന്നുള്ളൂ. അദ്ദേഹത്തിനും ഏതുതരം കാൻസറാണ് ബാധിച്ചതെന്ന വിവരം കൊട്ടാരം പുറത്തുവിട്ടിട്ടില്ല. 

Princess Kate Middleton says she's getting treatment for cancer.