ചോരക്കളമായി മോസ്കോ; ഭീകരാക്രമണത്തില്‍ 93 മരണം

moscow
SHARE

റഷ്യയെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 93 മരണം. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു.  മോസ്കോയില്‍ സംഗീത പരിപാടിക്കിടെ അക്രമിസംഘം ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. 11 പേരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ നാലുപേര്‍ക്ക് അക്രമവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. 

മോസ്കോയിലെ  ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീതപരിപാടിയിലാണ് യന്ത്രത്തോത്തുമായി അക്രമികള്‍ ഇരച്ചുകയറിയത്. പ്രശസ്ത റോക്ക് ബാന്‍ഡായ പിക്നിക്കിന്‍റെ സംഗീത പരിപാടിക്കായി 6500 പേരാണ് ടിക്കറ്റെടുത്തിരുന്നത്. 

സംഗീതപരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്. ആളുകള്‍ ചിതറിയോടി. കെട്ടിടത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനമുണ്ടായി. ക്രോക്കസ് ഹാളിന്‍റെ മേല്‍ക്കൂരയിലേക്കടക്കം തീപടര്‍ന്നു. അക്രമികളെ പിടികൂടാനായില്ല. സമീപകാലത്ത് ഏറ്റവുമധികം ആളപായമുണ്ടാക്കിയ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

റഷ്യയില്‍ ഐഎസ് ആക്രമണത്തിനൊരുങ്ങുനുവെന്ന്  സൂചനകള്‍ കിട്ടിയിരുന്നെന്നും ഇക്കാര്യം റഷ്യയെ അറിയിച്ചിരുന്നുവെന്നും യുഎസ് എംബസി വ്യക്തമാക്കി. കൂടുതല്‍ ആളുകളെത്തുന്ന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യുഎസ് പൗരന്‍മാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിരുന്നു. . മുന്നറിപ്പുകള്‍ അവഗണിച്ചെന്നും സുരക്ഷാവീഴ്ചയെന്നും റഷ്യയ്ക്കെതിരെ  ആരോപണം ഉയര്‍ന്നു. അക്രമത്തെക്കുറിച്ച് റഷ്യ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അക്രമവുമായി ബന്ധമില്ലെന്ന് യുക്രെയിന്‍ വ്യക്തമാക്കി. അമേരിക്കയടക്കം യുക്രെയിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു. റഷ്യന്‍ ജനതയ്ക്കൊപ്പമെന്ന്  പ്രധാനമന്ത്രി എക്സില്‍ കുറിച്ചു 

Over 93 Dead In Russia Terror Attack

MORE IN WORLD
SHOW MORE