വിവാഹമോചന നിയമങ്ങള്‍ മാറ്റണം; 'സെക്സ് സ്ട്രൈക്കു'മായി സ്ത്രീകള്‍

Jewish-Women-protest
image instagrammed by Adina Sash
SHARE

അന്യായമായ വിവാഹമോചന നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ സെക്സ് സ്ട്രൈക്കുമായി ഒരുവിഭാഗം സ്ത്രീകള്‍. ന്യൂയോര്‍ക്കിലെ കിരിയാസ് ജോയലിൽ എണ്ണൂറിലധികം ഹസിദിക്(Hasidic) വിഭാഗത്തില്‍ പെട്ട സ്ത്രീകളാണ് കേട്ടുകേള്‍വിയില്ലാത്ത പ്രതിഷേധം ആരംഭിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ നിയമത്തില്‍ സ്ത്രീകൾക്ക് വിവാഹമോചനം നേടുന്നത് അങ്ങേയറ്റം സങ്കീര്‍ണമാണ്.

വിവാഹമോചനത്തിന് ഭർത്താവിന്‍റെ രേഖാമൂലമുള്ള അനുവാദം വേണമെന്ന വ്യവസ്ഥയാണ് ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്നത്. ഗാര്‍ഹികപീഡനം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും സ്ത്രീകള്‍ റബ്ബിമാരുടെ അനുമതി വാങ്ങണം. ഇത്തരം വ്യവസ്ഥകള്‍ സ്ത്രീകളെ അസന്തുഷ്ട ദാമ്പത്യങ്ങളില്‍ കുടുക്കിയിടുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു. നിയമ പരിഷ്‌കാരത്തിന് വേണ്ടി സ്വന്തം സമൂഹത്തെയും ഭരണാധികാരികളെയും സമ്മര്‍ദം ചെലുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് സമരം. 

പ്രതിഷേധിക്കുന്നവര്‍ക്കുനേരെ സമൂഹമാധ്യമങ്ങളില്‍ കനത്ത ആക്രമണവും തുടങ്ങിയിട്ടുണ്ട്. 29കാരിയായ മാൽക്കി ബെർകോവിറ്റ്‌സ് ആണ് പ്രതിഷേധത്തിന്‍റെ മുഖമായി മാറിയത്. 2020 ല്‍ ഭര്‍ത്താവിനെ വേർപിരിഞ്ഞ ഇവര്‍ക്ക് നിയമപരമായി വിവാഹമോചനം നേടാൻ കഴിഞ്ഞില്ല. അതിനാല്‍, വിശ്വാസമനുസരിച്ച് പുനർവിവാഹം ചെയ്യാനും കഴിഞ്ഞില്ല. പ്രതിഷേധം മാറ്റത്തിന് പ്രേരിപ്പിക്കുമെന്നും അസന്തുഷ്ടമായ ദാമ്പത്യം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നൽകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

വിവാഹമോചനത്തിനുള്ള നടപടിക്രമം ലളിതവും സന്തുലിതവുമാക്കുക എന്നതാണ് പ്രധാന ആവശ്യം. മതപരമായി സാധുതയുള്ള വിവാഹമോചനത്തിന് റബ്ബി ഒപ്പിട്ട രേഖ ആവശ്യമാണ്. ഭാര്യക്ക് സ്വന്തമായി വിവാഹമോചനം നേടാൻ അധികാരമില്ല,  ഭർത്താവിന് വിവാഹമോചനം തടഞ്ഞുവയ്ക്കാൻ കഴിയും. ഇത് മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

MORE IN WORLD
SHOW MORE