പത്ത് വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെ?

Special-HD_MH370
SHARE

വ്യോമാപകടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായ എം.എച്ച് 370യുടെ തിരോധാനത്തിന് നാളെ 10 വര്‍ഷം തികയും. 239 യാത്രക്കാരുമായി 2014 മാര്‍ച്ച് എട്ടിന് ക്വലാലംപൂരിലേക്ക് പോയ വിമാനത്തിന് എന്തുസംഭവിച്ചു എന്നതിന് 10 വര്‍ഷമായിട്ടും വിശ്വസനീയമായ ഉത്തരം കണ്ടെത്താനായിട്ടില്ല. പത്തുവര്‍ഷത്തിനിപ്പുറം വീണ്ടും അന്വേഷണമാരംഭിക്കാനും മലേഷ്യ ആലോചിക്കുന്നുണ്ട്.

2014 മാര്‍ച്ച് 8ന് അര്‍ധരാത്രി 12.40നാണ് 239പേര്‍  ക്വലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് മലേഷ്യന്‍ വിമാനത്തിന്‍റെ ചിറകിലേറി വ്യോമാപകടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലേക്ക് പറന്നിറങ്ങിയത്. ദുരൂഹതകളുടെ സൂചനകളൊന്നും ഇല്ലാതെ ടേക് ഓഫ്. പറന്നുപൊങ്ങി ഏകദേശം 38 മിനിറ്റുകള്‍ക്കു ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള സന്ദേശം. ലോകം മുഴുവന്‍ ഉറക്കത്തിലേക്ക് ആഴ്ന്നുവീഴുന്ന നേരത്ത് ഗുഡ്നൈറ്റ് പറഞ്ഞ് പൈലറ്റിന്‍റെ സ്വഭാവിക മറുപടി. അതായിരുന്നു അവസാന ആശയവിനിമയം. പിന്നീട് മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം റഡാറില്‍നിന്ന് തന്നെ അപ്രത്യക്ഷമായി. എന്നാല്‍ മലേഷ്യന്‍ സൈന്യത്തിന്‍റെ റഡാര്‍ പിന്നെയും ഒരു മണിക്കൂറോളം വിമാനത്തെ ട്രാക്ക് ചെയ്തു. ബെയ്ജിങ് ലക്ഷ്യമാക്കി വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് പോകാതെ വിമാനം എതിര്‍ദിശയിലേക്ക് പോകുകയായിരുന്നു. മലായ് ഉപദ്വീപും ആന്‍ഡമാന്‍ കടലും കടന്ന് മലേഷ്യയിലെ പെനാങ് ദ്വീപിന്റെ വടക്കുപടിഞ്ഞാറായി 200 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിച്ച വിമാനം പിന്നീട് എങ്ങോട്ടുപോയെന്നോ എന്തുസംഭവിച്ചെന്നോ ഇന്നും കണ്ടുപിടിക്കാനായിട്ടില്ല. മലേഷ്യക്കാരന്‍ സാഹറി അഹമ്മദ് ഷാ എന്ന അനുഭവ സമ്പന്നനായിരുന്ന പൈലറ്റായിരുന്നു പ്രധാന ക്യാപ്റ്റന്‍. ഫാരിഖ് അഹമ്മദ് ഹമീദ് എന്ന 27കാരന്‍ സഹ പൈലറ്റും. 

ഉത്തരം കിട്ടാത്ത തിരച്ചില്‍ മേഘങ്ങളോ, മഴയോ ഇല്ല, പൈലറ്റുമാരെല്ലാം പൂര്‍ണ ആരോഗ്യവാന്‍മാര്‍. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് മാത്രം ഉത്തരം ലഭിച്ചില്ല. കടലില്‍ വീണെന്ന നിഗമനത്തില്‍  മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ നടത്തിയ തിരച്ചില്‍ വര്‍ഷങ്ങളോളം നീണ്ടു. പല വിദഗ്ധരായ തിരച്ചിലുകാരും അന്വേഷണ ഏജന്‍സികളും തോറ്റ് പിന്മാറിയതായിരുന്നു പിന്നീടുള്ള ചിത്രം. ജോയിന്റ് ഏജന്‍സി കോര്‍ഡിനേഷന്‍ സെന്‍റര്‍ 2017 ജനുവരിയില്‍ തിരച്ചില്‍ നിര്‍ത്തി ദൗത്യത്തില്‍നിന്ന് പിന്മാറി. അമേരിക്കന്‍ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയും 2018ല്‍ ആരംഭിച്ച തിരച്ചില്‍ ആറുമാസത്തിനൊടുവില്‍ അവസാനിപ്പിച്ചു. ആയിരംകോടി രൂപയില്‍ അധികമാണ് ഇതുവരെ തിരച്ചിലിന്റെ ചെലവ്. 1,20,000 

 ചതുരശ്ര കിലോമീറ്റർ കടലില്‍ തിരഞ്ഞിട്ടും സത്യം മറഞ്ഞുതന്നെ ഇരുന്നു, ഇപ്പോഴും.  

സര്‍ക്കാരും വമ്പന്‍ തിരച്ചിലുകാരും തോറ്റു തലകുനിച്ചപ്പോള്‍ അനുമാനങ്ങളുടെ ഊഹക്കണക്കുകളുമായി പലരും എത്തി. പല പല സാഹചര്യത്തെളിവുകള്‍ നിരത്തിയെങ്കിലും അവിടെയും ഉത്തരമില്ലായിരുന്നു. എംഎച്ച്  370യുടെ അവശിഷ്ടം കണ്ടെത്തിയെന്നും വെടിയുണ്ടകളേറ്റ പാടുകൾ ഉണ്ടെന്നും പറഞ്ഞ് ഓസ്ട്രേലിയൻ അന്വേഷകൻ മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയായ മക്മഹൻ രംഗത്തെത്തി. കാൽനൂറ്റാണ്ടായി വിമാനദുരന്തങ്ങൾ സംബന്ധിച്ചു ഗവേഷണം നടത്തുന്നയാളാണു മക്മഹൻ.  

അമേരിക്കക്കാരനായ സ്വതന്ത്രാന്വേഷകൻ ബ്ലെയ്ൻ ഗിബ്സൺ മഡഗാസ്കർ തീരത്ത് വിമാനഭാഗങ്ങൾ കണ്ടെത്തിയെന്നും അവ കത്തിനശിച്ച നിലയിലാണെന്നും വെളിപ്പെടുത്തി. ഇതിനും ശാസ്ത്രീയ അടിത്തറ ഇല്ലായിരുന്നു. വിമാനത്തിന്റെ ഭാഗങ്ങൾ കടലിൽ പല ഭാഗങ്ങളിലേക്ക്  ഒഴുകിപ്പോയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. തട്ടിക്കൊണ്ടുപോകൽ സാധ്യത സര്‍ക്കാര്‍ തന്നെ പരിഗണിച്ചെങ്കിലും അതിനും  തെളിവില്ലായിരുന്നു. ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയശേഷം നിർദിഷ്ട ആകാശപാത മാറി 7 മണിക്കൂറോളം വിമാനം പറന്നുവെന്ന് ചില അന്വേഷകർ അനുമാനിച്ചു. അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയെന്നും ടൈം ട്രാവല്‍ നടത്തിയെന്നും വരെ പ്രചരിപ്പിച്ചു ചിലര്‍. 

റഡാറിന്റെ കണ്ണുവെട്ടിച്ച് അമേരിക്കയാണ് വിമാനത്തെ തീര്‍ത്തുകളഞ്ഞതെന്നും ചില വാദങ്ങളുണ്ട്. സ്കാന്‍ ചെയ്യാതെ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തില്‍ കയറ്റി എന്ന് അവര്‍ അനുമാനിക്കുന്നു. ഇത് ചൈനയിലേക്ക് കടത്തുന്നത് തടയുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു ഇത്തരക്കാരുടെ വാദം

വിമാനം കണ്ടെത്താനായില്ലെന്ന മലേഷ്യന്‍ സര്‍ക്കാരിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ യാത്രക്കാരുടെ ബന്ധുക്കള്‍ ആഞ്ഞടിച്ചിരുന്നു. മലേഷ്യൻ സർക്കാർ കബളിപ്പിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം. ചൈനക്കാരായിരുന്നു യാത്രക്കാരിൽ ഏറിയപങ്കും. അഞ്ചുപേര്‍ ഇന്ത്യക്കാര്‍.  അമേരിക്കന്‍ കമ്പനിയെ തിരച്ചില്‍ ഏല്‍പിച്ചതും ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നായിരുന്നു. അവശിഷ്ടം കണ്ടുകിട്ടും വരെ തിരച്ചില്‍ തുടരുമെന്ന പ്രഖ്യാപനവുമായി മലേഷ്യ രോഷം തണുപ്പിക്കാന്‍ ശ്രമിച്ചു.  2015 ജൂലൈയിൽ ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽനിന്ന് ആദ്യ അവശിഷ്ടം ലഭിച്ചെന്ന് മലേഷ്യ അവകാശപ്പെട്ടു. നാലുവർഷത്തിനിടെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നായി കടലിൽ വിമാനത്തിന്റേതെന്നു കരുതുന്ന 27 അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിൽ ഒരെണ്ണം മാത്രമേ തകർന്ന വിമാനത്തിന്റേതാണെന്നു സ്ഥിരീകരിച്ചുള്ളൂ. വിമാനത്തിന് എന്തുസംഭവിച്ചു എന്ന ചോദ്യം അപ്പോഴും ബാക്കിയായി. അവശിഷ്ടം കണ്ടെത്തിയെന്നതും വിശ്വസിക്കാന്‍ വിദഗ്ധരടക്കം പലരും തയ്യാറായിട്ടില്ല.

  

മനുഷ്യന് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടുമാത്രം  വിമാനത്തിലുണ്ടായിരുന്ന 239 പേരും മരിച്ചെന്ന് മലേഷ്യ പ്രഖ്യാപിച്ചു. ഉത്തരം കിട്ടാതെ ചോദ്യത്തിനൊടുവിലെ പ്രഖ്യാപനം ഉറ്റവരുടെ നെഞ്ചിലെ നീറ്റല്‍ കൂട്ടിയതേ ഉള്ളൂ. കാലം മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യയുമായി വീണ്ടും തിരച്ചിലിന് ഓഷ്യന്‍ ഇന്‍ഫിനിറ്റി അനുമതി തേടി എന്നതാണ് ഈ പത്താം വര്‍ഷത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ഷമെത്ര കടന്നുപോയാലും പ്രിയപ്പെട്ടവര്‍ക്ക് സംഭവിച്ചതെന്തെന്നറിയാന്‍ അവസാന ശ്വാസം വരെ പോരാടുമെന്ന ഉറച്ച നിലപാടിലാണ് മരിച്ചവരുടെ ഉറ്റവര്‍. 

സാങ്കേതികത മെച്ചപ്പെടുത്തിയ ഓഷ്യന്‍ ഇന്‍ഫിനിറ്റി വീണ്ടും തിരച്ചലിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്താം വാര്‍ഷിക വേളയില്‍ തങ്ങളും അതിനുള്ള ആലോചനയിലാണെന്നാണ് മലേഷ്യ പറയുന്നത്. 

MORE IN WORLD
SHOW MORE