റഷ്യയിലേക്ക് ടൂര്‍; ഏജന്‍റ് ചതിച്ചു; ഏഴംഗ സംഘം യുദ്ധമുഖത്ത്; സഹായംതേടി വിഡിയോ

punjab-men
SHARE

തൊണ്ണൂറ് ദിവസത്തെ ടൂറിസ്റ്റ് വീസയിൽ റഷ്യയിലെത്താൻ വിമാനം കയറിയവര്‍ എത്തിപ്പെട്ടത് യുദ്ധമുഖത്ത്. പഞ്ചാബിൽനിന്നുള്ള സംഘമാണ് കബളിപ്പിക്കപ്പെട്ട് യുക്രെയ്നുമായുള്ള യുദ്ധമുഖത്തേക്കു വിന്യസിക്കപ്പെട്ടത്. തങ്ങളെ രക്ഷിക്കണമെന്നു പറഞ്ഞ് ഇവര്‍ അഭ്യര്‍ഥിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. എക്സ് പ്ലാറ്റ്‌ഫോമിലാണ് 105 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പ്രചരിക്കുന്നത്. സൈനിക രീതിയിലുള്ള ശൈത്യകാല ജാക്കറ്റുകളും സ്കൾ ക്യാപ്പുകളും ധരിച്ച് ഏഴു യുവാക്കൾ, വൃത്തിഹീനമായ ഒരു മുറിയിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

സംഘത്തിലെ ഗഗൻദീപ് സിങ് എന്നയാളാണ് അവസ്ഥ വിവരിക്കുന്നതും വിഡിയോയിലൂടെ സഹായം തേടുന്നതും. ഡിസംബർ 27ന് പുതുവർഷം ആഘോഷിക്കാനാണ് സംഘം റഷ്യയിലേക്കു പോയത്. 90 ദിവസം കാലാവധിയുള്ള വീസയായിരുന്നു ഇവരുടെ കൈവശം. എന്നാൽ അയൽ രാജ്യമായ ബെലാറൂസിലേക്കാണ് ഇവരാദ്യമെത്തിയത്. ‘അവിടേക്ക് വീസ വേണമെന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഒരു ഏജന്റാണ് അവിടെയെത്തിച്ചത്. അവിടെത്തിക്കഴിഞ്ഞപ്പോൾ കൂടുതൽ കാശ് ചോദിച്ചു. പണം കൊടുക്കാനില്ലാതെ വന്നപ്പോൾ അയാൾ ഞങ്ങളെ അവിടെ ഉപേക്ഷിച്ചു. പൊലീസ് പിടികൂടി ഞങ്ങളെ റഷ്യൻ അധികൃതർക്കു കൈമാറി. ചില രേഖകളിൽ ഒപ്പിടുവിക്കുകയും ചെയ്തു. ഇപ്പോൾ അവർ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിക്കുകയാണ്’ എന്നാണഅ ഗഗൻദീപ് സിങ് വിഡിയോയിൽ പറയുന്നത്.

റഷ്യൻ ഭാഷയിൽ ആയിരുന്നതിനാൽ ഏതു രേഖകളിലാണ് ഒപ്പിടുവച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പരാതി നൽകിയ ഗഗൻദീപിന്റെ സഹോദരൻ അമൃത് സിങ് പറഞ്ഞു. 10 വർഷത്തേക്ക് തടവുശിക്ഷയോ റഷ്യൻ സൈന്യത്തിൽ ചേരുകയോ വേണമെന്നാണ് ഒപ്പിടുന്നതിനുമുൻപ് പറഞ്ഞതെന്നും ഇവർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. 15 ദിവസം സൈനിക പരിശീലനം നൽകിയശേഷമാണ് ഇവരെ യുദ്ധഭൂമിയിലേക്ക് അയച്ചത്.

ജോലിതട്ടിപ്പിനിരയായ നിരവധി ഇന്ത്യക്കാർ റഷ്യ–യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി നേരത്തേ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഹൈടെക് തട്ടിപ്പിന്റെ ഇരകളാണെന്നും തങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തേ മറ്റുചില യുവാക്കളുടെ വിഡിയോയും എത്തിയിരുന്നു. സൈനിക ആർമി സെക്യൂരിറ്റി ഹെൽപേഴ്സ് എന്ന ജോലി വാഗ്ദാനം ചെയ്ത് 2023 ഡിസംബറിലാണു ഇവരെ റിക്രൂട്ടിങ് ഏജൻസി റഷ്യയിലേക്കയച്ചത്. ദുബായിൽ 30,000– 40,000 രൂപ ശമ്പളമുണ്ടായിരുന്ന യുവാക്കൾക്കു 2 ലക്ഷം വരെ വാഗ്ദാനം ചെയ്തിരുന്നു.

ജോലിക്കായി ഓരോരുത്തരിൽനിന്നും റിക്രൂട്ടിങ് ഏജന്റുമാർ 3.5 ലക്ഷം വീതം വാങ്ങിയെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. അറുപതിലേറെ ഇന്ത്യൻ യുവാക്കളെയാണു സമ്മതമില്ലാതെ റഷ്യയിൽ സ്വകാര്യസേനയുടെ ഭാഗമാക്കിയത്. റഷ്യൻ ഭാഷയിലുള്ള കരാറിൽ ഇവരെക്കൊണ്ട് ഒപ്പിടുവിച്ചാണു സമ്മതം വാങ്ങിയത്.‌

Young men from Punjab went to Russia as tourists, duped into Ukraine War.

MORE IN WORLD
SHOW MORE