ലൈവിനിടെ ഭാര്യയുമായി കലഹം; തല്ലാനോങ്ങി പാക് ക്രിക്കറ്റ് വിദഗ്ധന്‍; വിവാദം

ചിത്രം ;X (twitter)

യൂട്യൂബ് ലൈവിലെ ചര്‍ച്ചയ്ക്കിടെ ഭാര്യയുമായി അടികൂടി പാക്കിസ്ഥാനിലെ ക്രിക്കറ്റ് നിരീക്ഷകനുമായ മൊഹ്സിന്‍ അലി. ക്രിക്കറ്റ് ചര്‍ച്ചയ്ക്ക് ആങ്കറായ റിസ്വാന്‍ ഹൈദര്‍ തുടക്കമിട്ടതിന് പിന്നാലെയാണ് അലിയുടെ വിഡിയോയില്‍ നിന്നും ഒരു സ്ത്രീയുടെ ശബ്ദം ഉയര്‍ന്ന് തുടങ്ങിയത്. ഉടന്‍ തന്നെ അലി ഇടത്തു കൈ കൊണ്ട് അവരെ തല്ലാനോങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കയ്യാങ്കളി ലൈവായതോടെ അലിക്കെതിരെ കമന്‍റുകളും നിറഞ്ഞു. 'മനുഷ്യത്വമാണ് വേണ്ടത് മുഹ്സിന്‍, ലൈവായി ആളുകള്‍ കണ്ടുകൊണ്ടിരിക്കെ തന്നെ നിങ്ങള്‍ ഗാര്‍ഹിക പീഡനം നടത്തുകയാണെന്നും പങ്കാളിയെ ബഹുമാനിക്കൂ'വെന്നുമായിരുന്നു കമന്‍റ്. അവതാരകനായ റിസ്വാനും മുഹ്സിന്‍റെ നടപടിക്കെതിരെ ശബ്ദമുയര്‍ത്തി.

എന്നാല്‍ സംഭവത്തില്‍ മാപ്പുപറയാന്‍ തയ്യാറാകാതെ താന്‍ ചെയ്തതിനെ വീണ്ടും ന്യായീകരിക്കുകയാണ് മുഹ്സിന്‍ ചെയ്തത്. 31  വര്‍ഷമായി താന്‍ വിവാഹിതനായിട്ടെന്നും  ഇത് ഗാര്‍ഹിക പീഡനമല്ലെന്നും ഭാര്യയോടും കുടുംബത്തിലെ സ്ത്രീകളോടും തനിക്കെന്നും ബഹുമാനമേയുള്ളൂവെന്നുമായിരുന്നു അലിയുടെ വിശദീകരണം. ലൈവിനിടയില്‍ ബുദ്ധിമുട്ട് നേരിടുന്നത് ചൂണ്ടിക്കാട്ടുന്നതില്‍ എന്താണ് പീഡനമെന്നും അലി ചോദിക്കുന്നു. ആപ് കാ മുഹ്സിന്‍ അലി എന്ന പേരില്‍ അലിക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സാണ് അലിക്കുള്ളത്. കടുത്ത വിമര്‍ശനമാണ് അലിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

Pak cricket expert tries to hit his wife , viral