ഉപേക്ഷിക്കപ്പെട്ട ബോയിങ് 737 വിമാനം ആഡംബര വസതിയാക്കി യുവാവ്; വൈറല്‍

ചിത്രം: google

സ്വിമ്മിങ് പൂളില്‍ കിടന്നാലുള്ള കാഴ്ച പരന്ന് കിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം. ഉലാത്താനൊരു മട്ടുപ്പാവ്, തണുപ്പായെങ്കില്‍ തീ കായാന്‍ ഫയര്‍ പിറ്റ്, വേണമെങ്കില്‍ പാചകവും ചെയ്യാം.. പറഞ്ഞുവരുന്നത് അപൂര്‍വവും വിസ്മയവുമായ ഒരു വീടിനെ കുറിച്ചാണ്. ഉപേക്ഷിക്കപ്പെട്ട ഫെലിക്സ് ഡെമിനെന്ന യുവാവാണ് ഈ വസതിയുടെ ഉടമ. ബാലിയിലെ യാങ് യാങ് ക്ലിഫിലാണ് തന്‍റെ സൂപ്പര്‍ വിമാന വീട് ഫെലിക്സ് നിര്‍മിച്ചിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയാണ് ഫെലിക്സിന്‍റെ വീട്ടുവിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

വിമാനവീടിന്‍റെ ഉള്ളില്‍ ഒരു സോഫ ബെഡ്, ഒരു ഗ്ലാസ് പോര്‍ട്ടല്‍, ബാര്‍ എന്നിവയാണ് മറ്റ് ആകര്‍ഷണം. രണ്ട് മുറികളുള്ള വീടിനുള്ളില്‍ വെയിലേല്‍ക്കാനും തീ കായാനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്തിന്‍റെ കോക്ക്പിറ്റാണ് കുളിമുറിയാക്കി രൂപം മാറ്റിയിരിക്കുന്നത്. വീടിന്‍റെ വിശേഷങ്ങള്‍ ഹോം ടൂറായി ഫെലിക്സ് സമൂഹമാധ്യമത്തില്‍ നേരത്തെ പങ്കുവച്ചിരുന്നു. 

ഉപേക്ഷിക്കപ്പെട്ട ബോയിങ് 737 വിമാനം 2021 ലാണ് ഫെലിക്സ് വാങ്ങിയത്. പിന്നീട് ഇത് ഇന്തൊനേഷ്യയിലേക്ക് എത്തിക്കുകയായിരുന്നു. പണി പൂര്‍ത്തിയായതോടെ ലോകത്തിലെ തന്നെ ആഡംബര വസതികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മാറി ഫെലിക്സിന്‍റെ ഈ വിമാനവീട്.

വിഡിയോ കണ്ടതിന് പിന്നാലെ ഒന്ന് താമസിച്ചാല്‍ കൊള്ളാമെന്നായിരുന്നു പലരുടെയും കമന്‍റ്. ഇത് ഫെലിക്സ് വാടകയ്ക്ക് നല്‍കുന്നുണ്ടെന്നാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതും. നിരവധിപ്പേരാണ് ഈ വിമാനവീട്ടില്‍ നിന്നുള്ള മനോഹരമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.