‘സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം’: കണ്ണീർ തുടച്ച് കിം ജോങ് ഉൻ

രാജ്യത്ത് ജനനിരക്ക് കുറയുന്നതിൽ കണ്ണീർ പൊഴിച്ച് ഉത്തരകൊറിയയിൽ ഏകാധിപതി കിങ് ജോങ് ഉൻ. ജനനനിരക്ക് കുത്തനെ ഇ‌ടിയുന്നതിനാൽ സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് കിം വികാരാധീനനായി കണ്ണുതുടച്ചത്. ദൃശ്യങ്ങൾ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

രാജ്യത്ത് ജനനനിരക്ക് കുറയുന്നത് നേരിടാൻ  എല്ലാവരും ഒന്നിച്ച് ശ്രമിക്കണമെന്നും ശിശുപരിപാലനത്തിനും അമ്മമാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കിം പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാർട്ടിക്കും രാജ്യത്തിനും വേണ്ടിയുള്ള പ്രവൃത്തികളിൽ മുഴുകുമ്പോഴും താൻ അമ്മമാരെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം പറഞ്ഞു. ദേശീയ ശാക്തീകരണത്തിലുള്ള സ്ത്രീകളുടെ പങ്കിന് കിം നന്ദിയും അറിയിച്ചു. 

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് 2023 ലെ കണക്കനുസരിച്ച്  ഉത്തര കൊറിയയിലെ ജനന നിരക്ക് 1.8 ആണ്. തൊട്ടടുത്ത രാജ്യങ്ങളിലും ജനന നിരക്ക് താഴേക്കാണ്. 1990 കളിലെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ മൂലം ഇവിടെ ഗുരുതരമായ കൃശിനാശവും ഇതുമൂലം കടുത്ത ഭക്ഷ്യക്ഷാമവും ഉണ്ടായിരുന്നു. 2.5 കോടിയാണ് നിലവിൽ ഉത്തര കൊറിയയിലെ ആകെ ജനസംഖ്യ.