സൈനികരും പൗരന്‍മാരും ബന്ദികള്‍‍? ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

familyisrael-08
ഇസ്രയേലി പൗരന്‍മാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന സൈനികര്‍. ചിത്രം: AP
SHARE

മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പൗരന്‍മാരെ ഹമാസ് പിടിച്ചുകൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്നുപേരെ തടവിലാക്കിയതിന്റെ ദൃശ്യങ്ങള്‍ ഹമാസ് തന്നെയാണ് പുറത്തുവിട്ടത്. അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും പിടിക്കപ്പെട്ടവരാണിതെന്നാണ് പ്രാഥമിക നിഗമനം. തടവിലാക്കപ്പെട്ടവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുമെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീനികളെ മോചിപ്പിക്കാന്‍ ആവശ്യമായത്രയും സൈനികരും ഇസ്രയേലി പൗരന്‍മാരും തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് ഹമാസ് നേതാക്കന്‍മാരില്‍ ഒരാളായ സലാ അല്‍ അറൗറി പറയുന്നത്. പോരാട്ടം തുടരുമെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കുമെന്നും അറൗറി അവകാശപ്പെട്ടു. ഇസ്രയേല്‍ യുദ്ധം തുടരുന്നതിനനുസരിച്ച് തടവുകാരുടെ എണ്ണവും കൂടുമെന്നും അറൗറി മുന്നറിയിപ്പ് നല്‍കി. 

5,200 ലേറെ പലസ്തീനികള്‍ ഇസ്രയേല്‍ ജയിലുകളില്‍ ഉണ്ടെന്നാണ് സന്നദ്ധ സംഘടനകളുടെ റിപ്പോര്‍ട്ട്. ഇതില്‍  33 സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത 170 പേരും 1200 ലേറെ പുരുഷന്‍മാരും വിചാരണ കൂടാതെ തടവിലാക്കപ്പെട്ടവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ISRAEL-PALESTINIAN-CONFLICT

സാധാരണക്കാരെയും സൈനികരെയും ഹമാസ് പിടിച്ചുകൊണ്ടുപോയെന്നത് ഇസ്രയേല്‍ സ്ഥിരീകരിച്ചു. എത്ര പേരാണ് തടവിലാക്കപ്പെട്ടതെന്നത് സംബന്ധിച്ച് പക്ഷേ കൃത്യമായ കണക്കുകള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേല്‍ സൈന്യം ശക്തമായ തിരിച്ചടി തുടരുകയാണെന്നും എന്നാല്‍ പലയിടങ്ങളിലും നിയന്ത്രണം വീണ്ടെടുക്കാനായിട്ടില്ലെന്നും സൈനിക വക്താവ് ലഫ്റ്റനന്‍റ് കേണല്‍ ജൊനാഥന്‍ കോണ്‍റികസ് വെളിപ്പെടുത്തി. 

ഇസ്രയേല്‍ യുദ്ധത്തിലാണെന്നും എതിരാളികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഇസ്രയേലിന് നേരയുണ്ടായത് ഭീകരാക്രമണം തന്നെയാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. എല്ലാ സഹായവും നല്‍കുമെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇന്ത്യയ്ക്കൊപ്പം യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഇസ്രയേലിന് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. 

ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഹമാസിന്റെ മിന്നലാക്രമണത്തില്‍ ഇരുന്നൂറിലേറെ ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തില്‍ 232ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടു. പലയിടങ്ങളിലും പോരാട്ടം തുടരുകയാണെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും ഇസ്രയേല്‍ നിര്‍ദേശം നല്‍കി. 

Israelis taken hostage, Hamas releases video

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN SPOTLIGHT
SHOW MORE