അച്ഛനു ഭൂമിയില്‍ ഇഷ്ടമുള്ളതെന്ത്?; അസ്ട്രനൊട്ടിനോട് ചോദ്യം; ചിരി, വിഡിയോ

യുഎഇ ബഹിരാകാശ സഞ്ചാരിയായ പിതാവും മകനും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആറുമാസത്തെ ബഹിരാകാശ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നയാദി തന്റെ മകന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ നയാദിയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന സംഭാഷണമാണ് ഏവരെയും രസിപ്പിക്കുന്നത്. തന്റെ പിതാവിനോട് സംസാരിക്കും മുന്‍പ് അവന്‍ സ്വയം പരിചയപ്പെടുത്തി. പിന്നീട് ഒരു ചോദ്യം ചോദിച്ചു. ഭൂമിയില്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്താണെന്നായിരുന്നു പിതാവിനോട് മകന്റെ ചോദ്യം. തെല്ലും സംശയമില്ലാതെ ചിരിച്ചു കൊണ്ട് പിതാവ് പറഞ്ഞ മറുപടി കേട്ട് അബ്ദുല്ലയ്ക്കും ഏറെ സന്തോഷം. ഭൂമിയില്‍ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് നീയാണെന്നായിരുന്നു സുല്‍ത്താന്‍ മകനു നല്‍കിയ മറുപടി. ഈ വിഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതേസമയം ബഹിരാകാശത്ത് എന്താണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ ഇവിടത്തെ മൈക്രോഗ്രാവിറ്റി അവസ്ഥയാണെന്നും, നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും സുല്‍ത്താന്‍ പറയുന്നു. നിനക്കിഷ്ടമുള്ളതുപോലെ പറക്കാനും കറങ്ങാനും സാധിക്കുമെന്ന് പറഞ്ഞ് അതെല്ലാം അബ്ദുല്ലയ്ക്കു മുന്‍പില്‍ സുല്‍ത്താന്‍ ചെയ്തു കാണിക്കുന്നു.  

അച്ഛനും മകനും തമ്മിലുള്ള ഈ രസകരമായ സംഭാഷണവിഡിയോ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററാണ് എക്സ് ഹാന്‍ഡിലില്‍ പങ്കിട്ടത്. "എ കോൾ ഫ്രം സ്‌പേസ്"-ഉമ്മുൽ ഖുവൈൻ എഡിഷൻ എന്ന പരിപാടിക്കിടെയാണ് സുല്‍ത്താനും അബ്ദുല്ലയും തമ്മിലുള്ള സംഭാഷണം.  ഡോ. സുല്‍ത്താന്‍ അൽ നെയാദിയുടെ പിതാവും അദ്ദേഹത്തിന്റെ ആറ് മക്കളിൽ രണ്ട് പേരും ഉമ്മുൽ ഖുവൈനിൽ ബഹിരാകാശയാത്രികന്റെ 'എ കോൾ ഫ്രം സ്‌പേസ്' പരിപാടികളിൽ പങ്കെടുത്തിരുന്നു, അതിൽ അദ്ദേഹം ബഹിരാകാശ നിലയത്തിൽ നിന്ന് രാഷ്ട്രത്തലവന്മാരോടും ബഹിരാകാശത്തലവൻമാരോടും തത്സമയം സംസാരിച്ചു. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ  ശാസ്ത്ര ദൗത്യം പൂർത്തിയാക്കിയ ശേഷം 42 കാരനായ നെയാദിയും അദ്ദേഹത്തിന്റെ നാല് സഹപ്രവർത്തകരും സെപ്റ്റംബർ 1 ന് ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. 

Heartwarming response of astronaut father to his son; Video spreading viral