എങ്ങുമെത്താതെ യുക്രെയ്ന്റെ നാറ്റോ പ്രവേശനം; എതിര്‍പ്പറിയിച്ച് സെലന്‍സ്കി

യുക്രെയിന്‍റെ നാറ്റോ  പ്രവേശനം വൈകുന്നതില്‍ ശക്തമായ എതിര്‍പ്പറിയിച്ച്  പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കി. ലിത്വാനിയയില്‍ നടക്കുന്ന നാറ്റോ സമ്മിറ്റാകട്ടെ യുക്രെയിന്‍റെ പ്രവേശന നടപടികള്‍ എളുപ്പമാക്കുമെന്നതിനപ്പുറത്തേക്ക് പ്രത്യേകിച്ചൊരുറപ്പും നല്‍കുന്നുമില്ല. 

അംഗത്വത്തിനായി യുക്രെയിന്‍ നാറ്റോയ്ക്കുമുന്നില്‍ ആഗ്രഹമറിയിച്ചിട്ട് വര്‍ഷം പലതു കഴിഞ്ഞു. നാറ്റോ സഖ്യരാജ്യമാകാനുള്ള യുക്രെയിന്‍റെ ഈ ആഗ്രഹം റഷ്യ എതിര്‍ത്തതാണ് ഇത്രവലിയ യുദ്ധത്തില്‍ എത്തിച്ചത്. രാജ്യം മുഴുവന്‍ യുദ്ധത്തില്‍ തരിപ്പണമായിട്ടും ഉറപ്പില്ലാത്ത വാഗ്ദാനങ്ങള്‍ക്ക് അപ്പുറത്തേക്ക് നാറ്റോ മുന്നോട്ടുപോകാത്തതാണ് സെലന്‍സ്കിയെ ചൊടിപ്പിച്ചത്. നാറ്റോ നടപടി അംഗീകരിക്കാനാകില്ലെന്നും അനീതിയെന്നുമായിരുന്നു പ്രതികരണം.  ലിത്വാനിയയിലെ വില്‍നോയിസില്‍ നടക്കുന്ന സമ്മിറ്റില്‍ സ്വീഡനെ സ്ഥിരാംഗത്വം നല്‍കാന്‍ തീരുമാനിച്ച നാറ്റോ, യുക്രെയിന്‍റെ കാര്യത്തില്‍ തിടുക്കത്തിലൊരു നടപടിക്ക് മുതിരുന്നുമില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ ഈ വിഷയത്തിലുള്ള ഭിന്നതയാണ് പ്രധാന കാരണം. മാത്രമല്ല, അംഗത്വം നല്‍കിയാല്‍ സഖ്യരാജ്യങ്ങളിലേക്ക് റഷ്യ യുദ്ധസന്നാഹങ്ങളുമായെത്തുമോ എന്നൊരു ആശങ്കയുമില്ലാതില്ല. അതുകൊണ്ട് വളരെ സേഫായി, യുക്രെയിന്‍റെ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്ന ഒരു അയഞ്ഞ പ്രസ്താവനയാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് നടത്തിയത്.

ശീതയുദ്ധ സമയത്ത് സോവിയറ്റ് യൂണിയനെ നേരിടാന്‍ രൂപീകരിച്ച  നാറ്റോയ്ക്ക് വേണ്ടി ഇപ്പോള്‍ ഫലപ്രദമായി പോരാടുന്നത്  യുക്രെയിന്‍ ആണെന്നും എന്നിട്ടും നാറ്റോ അവഗണിക്കുകയാണെന്നും ശക്തമായ വികാരം യുക്രെയിന്‍ ജനതയ്ക്കുണ്ട്.   യുദ്ധം മുന്നോട്ടുകൊണ്ടുപോകാന്‍ യുക്രെയിന് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമുണ്ട്. അതല്ലെങ്കില്‍ നാറ്റോയുടെ ഈ അഴകൊഴമ്പന്‍ സമീപനത്തില്‍  പ്രതിഷേധം ഇതിലും കടുത്തേനെ.