ശീതക്കാറ്റ്; യുഎസിൽ 1700ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടര്‍ന്ന് അമേരിക്കയില്‍ 17,00ലധികം വിമാനങ്ങള്‍ റദ്ദാക്കി. ബുധനാഴ്ച മാത്രം യുഎസിലേക്കും പുറത്തേക്കുമായി മൊത്തം 1,771 സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. 

ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിന്റെ കണക്കുപ്രകാരം യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ, അലാസ്ക എയർലൈൻസ് എന്നിവയുടെ പങ്കാളിത്തത്തിലൂടെ പ്രവർത്തിക്കുന്ന റീജിയണൽ കാരിയർ സ്കൈവെസ്റ്റ് 400-ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഡെൽറ്റ 300-ലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ സൗത്ത് വെസ്റ്റ് 290-ന് അടുത്ത് റദ്ദാക്കി. അതേസമയം, ബുധനാഴ്ച 6,400-ലധികം വിമാനങ്ങൾ വൈകി. മിനിയാപൊളിസ് സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ട്, ഡെൻവർ ഇന്റർനാഷണൽ എയർപോർട്ട്, ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി എയർപോർട്ട് എന്നിവയെയാണ് തടസ്സങ്ങള്‍ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് ഫ്ലൈറ്റ്അവെയർ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിലെ ടൊറന്റോ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ട്, ഷിക്കാഗോ ഒ'ഹെയർ ഇന്റർനാഷണൽ എയർപോർട്ട്, മിൽവാക്കി മിച്ചൽ ഇന്റർനാഷണൽ എയർപോർട്ട് എന്നിവയിലും തടസ്സം നേരിടുന്നു. 700 വ്യാഴാഴ്‌ച ഫ്‌ളൈറ്റുകൾ പുലർച്ചെ 2:20 വരെ റദ്ദാക്കിയിട്ടുണ്ട്. 

9 സ്റ്റേറ്റുകളിൽ ശക്തമായ ശൈത്യം അനുഭവപ്പെടുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. കലിഫോർണിയ, മിനസോഡ, മെയ്ൻ എന്നിവയുൾപ്പെടെയുള്ള സ്റ്റേറ്റുകളിൽ മൂന്നു ദിവസം കടുത്ത മഞ്ഞുവീഴ്ച, അതിശൈത്യം എന്നിവ ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. മിനസോഡയിലെ മിനിയാപൊളിസ് പ്രദേശത്ത് കുറഞ്ഞത് 15 ഇഞ്ചു വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കടുത്തശൈത്യം അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. സൗത്ത്‌വെസ്റ്റ് എയർലൈൻ, ഡെൽറ്റ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രയ്ക്ക് ശൈത്യകാല കാലാവസ്ഥാ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

More than 1700 flights canceled as winter storm hits US