നിലപാടുകളുടെ പ്രധാനമന്ത്രി'; ജസീന്ത ആർഡൻ സ്ഥാനമൊഴിയുമ്പോൾ

jacindaardernon-19
SHARE

ജസീന്ത ആര്‍ഡണ്‍ എന്ന പേര് ലോകം അടയാളപ്പെടുത്തുന്നത് ഒരിക്കലും ന്യുസീലാന്‍ഡ് പ്രധാനമന്ത്രി എന്ന പേരില്‍ മാത്രമായിരിക്കില്ല. അധികാരത്തിലിരിക്കുമ്പോള്‍ ഒരു പരിധിവരെ അസാധ്യമെന്ന് തോന്നുന്ന ചില പ്രവൃത്തികളുടെ പേരില്‍ക്കൂടിയാണ്. 37ാം വയസില്‍ ന്യുസീലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ജസീന്ത ചുമതലയേല്‍ക്കുന്നത് 2017ലാണ്. തൊട്ടുപിന്നാലെ അമ്മയാകാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ചു. ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ പ്രധാനമന്ത്രി. അധികാരത്തെക്കുറിച്ചുള്ള ആശങ്കകളില്ലാതെ ഭരണം ഉപപ്രധാനമന്ത്രിയെ ഏല്‍പ്പിച്ച് ആറുമാസം പ്രധാനമന്ത്രി  പ്രസവാവധിയെടുത്തു. 

കോവിഡ് കാലത്ത് ലോകം കണ്ട ഏറ്റവും പോസിറ്റീവ് ആയ കാഴ്ചയായിരുന്നു ജസീന്തയുടെ വാര്‍ത്താസമ്മേളനങ്ങള്‍. നിങ്ങള്‍ ഓരോരുത്തരും കോവിഡ് ബാധിതരാണ് എന്ന് കരുതി പെരുമാറണം എന്ന ജസീന്തയുടെ ഒറ്റവരി ന്യുസീലാന്‍ഡുകാര്‍ കാര്യമായെടുത്തു. മാസങ്ങള്‍ക്കകം ന്യുസീലാന്‍ഡ് സീറോ കോവിഡ് സ്റ്റാറ്റാസിലെത്തി. രാജ്യം അടച്ചിട്ട ദിവസങ്ങളില്‍ പ്രധാനമന്ത്രി വീട്ടിലിരുന്ന് വളരെ സിംപിളായി ഫെയ്സ്ബുക്ക് ലൈവുകളിട്ട് ജനങ്ങളോട് സംവദിച്ചു. ആത്മവിശ്വാസം നല്‍കി. 

സിപിംളാണെങ്കിലും പവര്‍ഫുള്ളായിരുന്നു ജസീന്ത. മനുഷ്യസ്നേഹത്തിലൂന്നി മാത്രമായിരുന്നു നിലപാടുകള്‍.  വംശവെറിയില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചേര്‍ത്തു പിടിച്ചു ജസീന്ത.  ആഴ്ചകള്‍ക്കകം രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നതിന് കര്‍ശനമായ നിയന്ത്രണം കൊണ്ടുവന്നു. നിരീശ്വരവാദികളെയും ഉറച്ച മതവിശ്വാസികളെയും ഒരുപോലെ പിന്തുണച്ചു.   സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്നതിന്‍റെ പേരില്‍ ക്രൈസ്തവസഭയുമായി പിണങ്ങേണ്ടി വന്നിട്ടും നിലപാട് അയഞ്ഞില്ല.  പ്രൈഡ് പരേഡില്‍ പങ്കെടുത്ത ആദ്യ കിവി പ്രധാനമന്ത്രിയായി. സ്വന്തം മന്ത്രിസഭയില്‍ എല്‍ജിബിടി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കി.  

അവതാരകനായിരുന്ന ഭര്‍ത്താവ് ക്ലാർക്ക് ഗേഫോഡ് ആണ് ജസീന്തയുടെ ഭര്‍ത്താവ്.    ലോകനേതാക്കളുടെ നിരയില്‍ സ്വന്തം പേര് എഴുതിവച്ചശേഷമാണ് പടിയിറക്കം.   ആറുവര്‍ഷമിരുന്ന പ്രധാനമന്ത്രിക്കസേരയില്‍ നിന്ന്, ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന്  ഇറങ്ങാനുള്ള തീരുമാനവും അപ്രതീക്ഷിതമായിരുന്നു. കാരണം ലളിതമായിരുന്നു. ജസീന്തയുടെ വാക്കുകളില്‍ പറഞ്ഞാല്‍ I just dont have enough in the tank for another four years.  അധികാരത്തിലിരുന്ന് അന്ത്യശ്വാസം വലിക്കണമെന്ന്  ചിന്തിക്കുന്നവരുടെ നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ ജസീന്തയുടെ തീരുമാനത്തോട്  HATS OFF JACINDA എന്നല്ലാതെ എന്ത് പറയും?

Jacinda Ardern to step down as Newzealand PM

MORE IN WORLD
SHOW MORE