താപനില മൈനസ് 50 ഡിഗ്രി സെല്‍സിയസ്; കാബേജ് പോലെ ഉടുപ്പിട്ട് മനുഷ്യര്‍; ഇത് യാക്കുറ്റ്സ്

pedestrian-crosses-a-road
A pedestrian crosses a road on a frosty day in Yakutsk – (Photo : Reuters)
SHARE

രാവിലെ ചെറിയ മഞ്ഞുകണ്ടാല്‍ വിറക്കുന്ന മലയാളിയെയും ജനുവരി കടന്നുകിട്ടാന്‍ പ്രാര്‍ഥിക്കുന്ന ഡല്‍ഹിക്കാരെയും കുറിച്ച് കേട്ടാല്‍ റഷ്യയിലെ യാക്കുറ്റ്സ് നഗരവാസികള്‍ ചോദിക്കും, ഇതൊക്കെ എന്ത് ! ലോകത്തെ ഏറ്റവും തണുപ്പുള്ള നഗരം. അതാണ് യാക്കുറ്റ്സ്. ഇന്നത്തെ താപനില മൈനസ് 50 ഡിഗ്രി സെല്‍സിയസ്. ഞായറാഴ്ച ഇവിടെ താപനില മൈനസ് 51 ഡിഗ്രി സെല്‍സിയസ് ആയിരുന്നു. മൈനസ് 64 ഡിഗ്രി സെല്‍സിയസിലും താഴെ പോയിട്ടുണ്ട് ഇവിടത്തെ താപനില. 2018ലെ മഞ്ഞുകാലത്ത് ഇവിടെ പലരുടെയും കണ്‍പീലികള്‍ ഉറഞ്ഞുപോയിരുന്നു.

Fish-vendors-poses-for-a-pi
Fish vendors poses for a picture at an open-air market in Yakutsk – (Photo : Reuters)

ഇത്ര തണുപ്പുള്ള സ്ഥലത്ത് എത്രപേര്‍ ജീവിക്കും എങ്ങനെ ജീവിക്കും എന്നൊക്കെ സംശയമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ യാക്കുറ്റ്സുകാര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല. തണുപ്പിനോട് ഏറ്റുമുട്ടാതിരിക്കുക എന്ന ലളിതമായ തത്വമാണ് അവരുടെ അതിജീവന രഹസ്യം. ശരീരത്തിന് ചൂട് ഉറപ്പാക്കുക. വസ്ത്രധാരണമാണ് അതില്‍ ഏറ്റവും പ്രധാനം. ചൂട് നല്‍കുന്ന വസ്ത്രങ്ങളും ജാക്കറ്റുകളും പാളികള്‍ പോലെ ധരിക്കും. രണ്ടും മൂന്നും ഗ്ലൗസ് ഉണ്ടാകും. ഇതിനെല്ലാം പുറമേ സ്കാര്‍ഫും വിന്റര്‍ തൊപ്പികളും ബൂട്ടുകളും. നല്ല തണുപ്പുള്ളപ്പോള്‍ യാക്കുറ്റ്സുകാരെ കണ്ടാല്‍ മുട്ടക്കൂസ് (കാബേജ്) പോലെയിരിക്കും.

Fish-vendors-Marina-Krivolu
Fish vendors Marina Krivolutskaya and Marianna Ugai pose for a picture at an open-air market in Yakutsk – (Photo : Reuters)

യാക്കുറ്റ്സിലെ മീന്‍മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ക്ക് ഫ്രിഡ്ജോ ഫ്രീസറോ വേണ്ട. ഇവിടെ കട നടത്തുന്ന നുര്‍ഗ്സുന്‍ സ്റ്ററോസ്റ്റിന പറയുന്നത് ഇങ്ങനെ. ‘ഞങ്ങള്‍ക്ക് തണുപ്പ് തോന്നാറില്ല. കാരണം തണുപ്പ് വരുമ്പോള്‍ത്തന്നെ ഞങ്ങളുടെയൊക്കെ തലച്ചോര്‍ അത് നേരിടാന്‍ തയാറെടുത്തിരിക്കും. എല്ലാം സാധാരണമാണ് എന്ന് അത് ഞങ്ങളോട് പറയും. പിന്നെ എങ്ങനെ തണുപ്പ് പ്രശ്നമാകും?’

open-air-market-on-a-frosty
An open-air market on a frosty day in Yakutsk - (Photo : Reuters)

റഷ്യയുടെ വടക്കുകിഴക്കന്‍ അറ്റത്തുള്ള സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് ലെന  നദിയുടെ തീരത്തുള്ള യാക്കുറ്റ്സ്. 1922 മുതല്‍ സാഖ ഒരു സ്വയംഭരണ പ്രദേശമാണ്. റഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും പത്തുലക്ഷത്തില്‍ താഴെ മാത്രമാണ് സാഖയിലെ ജനസംഖ്യ. യാക്കുറ്റ്സ് നഗരത്തില്‍ മൂന്നര ലക്ഷത്തിലേറെപ്പേര്‍ താമസിക്കുന്നു. സൈബീരിയക്കാരായ യാക്കുറ്റ്സുകളാണ് ജനസംഖ്യയില്‍ പകുതിയിലും 39 ശതമാനത്തോളം റഷ്യന്‍ വംശജരുണ്ട്. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പട്ടണമാണ് യാക്കുറ്റ്സ്. 

spirit-thermometer-displays
A spirit thermometer displays the approximate air temperature outside a hotel in central Yakutsk - (Photo : Reuters)

കൊടുംതണുപ്പാണ് സാധാരണ യാക്കുറ്റ്സിനെ വാര്‍ത്തയിലെത്തിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതീ ആശങ്കയായി ഇപ്പോഴും നഗരവാസികളുടെ മനസിലുണ്ട്. ഈ മേഖല മുഴുവന്‍ കറുത്ത പുക മൂടിയ ആ ദിനങ്ങള്‍ ഓര്‍ക്കാന്‍ പോലും അവര്‍ക്ക് താല്‍പര്യമില്ല. കാലാവസ്ഥാ വ്യതിയാനം സൈബീരിയന്‍ ആര്‍ടിക് മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ വലിയ തെളിവായാണ് അവര്‍ അടിക്കടിയുണ്ടാകുന്ന കാട്ടുതീയെയും ജൂലൈയിലെ ചൂടിനെയും വിലയിരുത്തുന്നത്. 

In world's coldest city temperature is -50 and people are ‘dressed like cabbage'

MORE IN WORLD
SHOW MORE