വിവാഹപൂർവ ലൈംഗിക ബന്ധം നിരോധിച്ച് ഇന്തൊനീഷ്യ; രാജ്യത്ത് പ്രതിഷേധം

protest-in-indonesia
SHARE

ഇന്തൊനീഷ്യയിൽ വിവാഹപൂർവ ലൈംഗിക ബന്ധം കുറ്റകരമാക്കി. അവിവാഹിതരായവർ ഒരുമിച്ച് താമസിക്കുന്നതിനും വിലക്കുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും നിയമം ഒരുപോലെ ബാധകമാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. കൂടാതെ പ്രസിഡന്റിനെയോ സംസ്ഥാന സ്ഥാപനങ്ങളെയോ പാൻകാസില എന്നറിയപ്പെടുന്ന ഇന്തൊനീഷ്യയുടെ ദേശീയ പ്രത്യയശാസ്ത്രത്തെയോ അപമാനിക്കുന്നതും കുറ്റകരമാണ്.

പുതിയ നിയമ ഭേദഗതി പാർലമെന്‍റ് ഐക്യകണ്ഠേന പാസാക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ക്രിമിനൽ കോഡ് നിലവിൽ വന്നതോടെ 1946 ൽ ഇന്ത്യൊനീഷ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതു മുതലുള്ള ചട്ടക്കൂടിനെ ഇത് റദ്ദ് ചെയ്യും. ഈ വിഷയത്തിൽ ഉയര്‍ന്നുവന്ന വിവിധ അഭിപ്രായങ്ങളെ പരമാവധി ഉൾക്കൊളളാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ വർഷങ്ങളായി രാജ്യത്ത് തുടർന്നു വരുന്ന കൊളോണിയൽ ക്രിമിനൽ കോഡിനെ ഭേദഗതി ചെയ്യുന്ന ചരിത്രപരമായ തീരുമാനമെടുക്കാനുള്ള സമയമായിരിക്കുന്നുവെന്നും നിയമ മന്ത്രി യാസോന ലാവോലി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മുസ്‌‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയിൽ അടുത്തിടെയായി യാഥാസ്ഥിതിക നിലപാടുകള്‍ വർധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മദ്യവും ചൂതാട്ടവും നിരോധിച്ചിരിക്കുന്ന അർദ്ധ സ്വയംഭരണാധികാരമുള്ള ആഷെ പ്രവിശ്യ ഉൾപ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കർശനമായ ഇസ്ലാമിക നിയമങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട്. സ്വവർഗരതി, വ്യഭിചാരം എന്നിവയുൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾക്കായി പ്രദേശത്ത് പരസ്യമായി ചാട്ടവാറടിയും നടക്കുന്നുണ്ട്.

പുതിയ നിയമഭേദഗതിക്കെതിരെ  കടുത്ത പ്രധിഷേധമാണ് ഉയരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ ഭേദഗതിയെന്നതാണ് പ്രധാന വിമർശനം.

Indonesia bans premarital sex

MORE IN WORLD
SHOW MORE