
ഇറാന്‍ കത്തുകയാണ്. മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണം രാജ്യത്ത് യുവാക്കളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് തീകൊളുത്തിയിരിക്കുന്നു. ഇഷ്മുള്ള വസ്ത്രം ധരിക്കാന്‍, സ്വതന്ത്രമായി പുറത്തിറങ്ങാന്‍, ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇറാനിലെ ജനങ്ങള്‍ നടത്തുന്ന പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്....എല്ലാം നിയന്ത്രിക്കുന്ന രാജ്യത്തെ പരമോന്നത മത നേത്ൃത്വത്തിന്റെ അടിത്തറ തന്നെ പ്രതിഷേധച്ചൂടില്‍ ഉരുകിത്തുടങ്ങി.
1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധത്തിന് ഇറാന്‍ സാക്ഷിയാവുന്നത്. തിരുവായ്ക്കെതിര്‍വായില്ലാത്തെ, സര്‍ക്കാരിനെ പോലും നിയന്ത്രിക്കുന്ന പരമോന്നത മതനേതൃത്വത്തിനെതിരെ, യുവത്വം, പ്രത്യേകിച്ച് സ്ത്രീകള്‍ തെരുവിലിറങ്ങിയിരിക്കുന്നു. കാലങ്ങളായി അടക്കിപ്പിടിച്ചിരുന്ന അസ്വസ്ഥത പ്രതിഷേധമായി അണപൊട്ടിയൊഴുകി. അത് കലാപമായി. ഹിജാബ് ശരിയായി ധരിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന മഹ്സ അമീനിക്കായി, ഇനിയൊരു മഹ്സ അമീനിയും രാജ്യത്ത് ഉണ്ടാവാതിരിക്കാനാണ് ഈ പോരാട്ടം. രാജ്യന്തര പിന്തുണകൂടിയായതോടെ മതഭരണകൂടത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരിക്കുന്നു.
സെപ്റ്റംബര്‍ 13 നാണ് കുര്‍ദിസ്താനില്‍നിന്ന് കുടുംബത്തോടൊപ്പം ടെഹ്റാനിലേക്ക് പോവുകയായിരുന്ന മഹ്സ അമിനിയെ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ല എന്നതാണ് കുറ്റം. മൂന്നുദിവസത്തിനപ്പുറം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.
ഇറാനില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെ കസ്റ്റഡിയിലെടുക്കുന്നതും ശിക്ഷിക്കുന്നതും ആദ്യമല്ല. പക്ഷേ മഹ്സ അമിനിക്ക് ജീവന്‍ നഷ്ടമായതോടെ അടക്കിവച്ച പ്രതിഷേധങ്ങള്‍ അണപൊട്ടിയത്. സെപ്റ്റംബര്‍ 13 ന് കുര്‍ദിസ്ഥാനില്‍നിന്ന് ടെഹ്‍റാനിലേക്ക് കുടുംബത്തോടൊപ്പം പോകവെയാണ് അമിനിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് മതപാഠശാലയിലേക്ക് കൊണ്ടുപോയി. മൂന്നുദിവസത്തിനുശേഷം കുടുംബത്തിന് തിരികെ കിട്ടിയത് അവളുടെ ജീവനറ്റ ശരീരം. കസ്റ്റഡിയിലിരിക്കെ അമിനി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം. അമിനി കുഴഞ്ഞുവീഴുന്നതിന്റെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങളും ഇറാന്‍ പൊലീസ് പുറത്തുവിട്ടു. എന്നാല്‍ തലയില്‍ കണ്ട മുറിവും മുന്‍പ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഇല്ലായിരുന്നു എന്നതും മരണത്തില്‍ സംശയമുളവാക്കി. അമിനിയെ പൊലീസ് മര്‍ദിക്കുന്നത് കണ്ടുവെന്ന ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ കൂടി ആയതോടെ മരണം കൊലപാതകമാണെന്ന സംശയം കുടുംബത്തിനൊം പൊതു സമൂഹത്തിനും ശക്തമായി.
പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരഗ്നിപര്‍വതം ഇതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മതനിയമങ്ങളുടെ തടവറയ്ക്കുള്ളില്‍ ശ്വാസം മുട്ടിയിരുന്ന യുവാക്കള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. പ്രതിഷേധത്തീ നഗരങ്ങളിലും ഗ്രാമങ്ങളിലും ആളിപ്പടര്‍ന്നു. പൊലീസിന്റെ കയ്യൂക്കിന് മുന്നില്‍ അവര്‍ക്ക് അടിപതറിയില്ല. എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് ആ സ്വാതന്ത്ര്യ സമരം തുടരുകയാണ്.
മഹ്സ അമിനിയുടെ സ്വദേശമായ കുര്‍ദ് മേഖലയിലാണ് ആദ്യം പ്രതിഷേധം തുടങ്ങിയത്. വൈകാതെ സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചു. തലസ്ഥാനമായ ടെഹ്റാനിലടക്കം യുവാക്കള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ തെരുവിലിറങ്ങി. മതശാസനം പരസ്യമായി ലംഘിച്ച് ശിരോവസ്ത്രം വലിച്ചൂരി പൊതുനിരത്തിലിട്ട് കത്തിച്ചു. പലരും പ്രതീകാത്മകമായി മുടിമുറിച്ചു. അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. പോകെപ്പോകെ പ്രതിഷേധം കലാപമായി. പൊലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ മന്ദിരങ്ങളും അഗ്നിക്കിരയാക്കി. മതപൊലീസിന്റെ വാഹനങ്ങള്‍ തകര്‍ത്തു. അതോടെ പൊലീസ് ഉരുക്കുമുഷ്ടിയുമായി ഇറങ്ങി. ലാത്തിച്ചാര്‍ജ് നടത്തി, പ്രക്ഷോഭകരെ തെരുവിലൂടെ വലിച്ചിഴച്ചു. വെടിയുതിര്‍ത്തു. നാല്‍പതോളം പേര്‍ക്ക് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായി. എന്നിട്ടും പ്രതിഷേധം ഒതുങ്ങാതെ വന്നതോടെ രാജ്യത്തെ പല മേഖലകളിലും ഇന്റര്‍നെറ്റ് വിഛേദിച്ചു. വാട്സാപ്പിനും ഇന്‍സ്റ്റഗ്രാമിനും വിലക്കേര്‍പ്പെടുത്തി., പക്ഷേ ഫലമുണ്ടായില്ല. അന്‍പതോളം നഗരങ്ങളിലേക്ക് കലാപം വ്യാപിച്ചു. കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നു. ഏകാധിപതിക്ക് മരണം എന്ന് പരമോന്നത നേതാവ് അയത്തുല്ല ഖമനേയിയെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ മുദ്രാവാക്യങ്ങളുയര്‍ന്നു. മതനിയന്ത്രണങ്ങള്‍ ഇനിയും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് യുവാക്കള്‍ ആവര്‍ത്തിക്കുന്നു. ഖമനേയിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തന്നെ പ്രതിഷേധം അമര്‍ച്ച ചെയ്യാന്‍ രംഗത്തിറങ്ങി. സമരം അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങവും പ്രചരിപ്പിച്ചാല്‍ ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പുനല്‍കി. പ്രതിഷേധത്തിനുമാത്രം കുറവുണ്ടായില്ല. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാക്കളില്‍ ഒരാളെന്ന് കരുതുന്നയാളുടെ പ്രതിമ നശിപ്പിച്ചു. ഇത്രയെല്ലാമായിട്ടും ക്ഷമാപണം നടത്താനോ പ്രതിഷേധക്കാരെ കേള്‍ക്കാനോ ഭരണകൂടം തയാറല്ല . മഹ്സ അമിനിയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്നുമാത്രമാണ് പ്രസിഡന്റ് പറഞ്ഞത്. മാത്രമല്ല മതവിശ്വാസികളെ അണിനിരത്തി വസ്ത്രധാരണ നിയന്ത്രണത്തിന് അനുകൂലമായി പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. 2019 ല്‍ ഇന്ധനവില വര്‍ധനയ്ക്കെതിരായണ് ഇതിനുമുന്‍പ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. അന്ന് നൂറുകണക്കിനാളുകള്‍ക്ക് മരണം സംഭവിച്ചു. എന്നാല്‍ ഇത്തവണ അടിച്ചമര്‍ത്തല്‍ സര്‍ക്കാരിന് എളുപ്പമാവില്ല. യുവാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങുന്നതും അതില്‍തന്നെ സ്ത്രീ മുന്നേറ്റം ശക്തിയാര്‍ജിക്കുന്നതും സര്‍ക്കാരിന് കടുത്ത വെവ്വുവിളിതന്നെയാണ് ഉയര്‍ത്തുന്നത്.
ഇറാനകത്തുമാത്രമല്ല, രാജ്യാന്തര തലത്തിലും മഹ്സ അമിനിയുടെ മരണം ചര്‍ച്ചയായി. ഇറാന്‍ മതകാര്യ പൊലീസിന് യു.എസ്. ഉപരോധം ഏര്‍പ്പെടുത്തി. പല രാജ്യങ്ങളിലും മഹ്സ അമിനിക്ക് പിന്തുണയുമായി പ്രകടനങ്ങള്‍ നടന്നു.
യു.എന്‍. ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഇറാന്‍ പ്രസിഡന്റ്... നേരിട്ട പ്രധാന ചോദ്യം മഹ്സ അമിനിയുടെ മരണമായിരുന്നു. എന്നാല്‍ തികച്ചും നിഷേധാത്മകമായ പ്രതികരണമാണ് പ്രസിഡന്റിീല്‍നിന്നുണ്ടായത്. അമേരിക്കയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്ന വ്യക്തികളെ കുറിച്ചെല്ലാം ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ, അതില്‍ ലോകം മുഴുവന്‍ പ്രതിഷേധം നടക്കുന്നുണ്ടോ എന്ന മറുചോദ്യമായിരുന്നു മറുപടി. അതിനിടെ ഇറാന്‍ മതപൊലീസി്ന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ആണവ ഉടമ്പടിയില്‍നിന്ന് മപുിന്‍മാറിയതിന്റെ പേരില്‍ ഏര്‍പപെടുത്തിയ ഉപരോധങ്ങള്‍ക്ക് പുറമെയാണിത്. തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങവിലും ഇറാന്‍ സ്ത്രീകള്‍ക്ക് പിന്തുണയുമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന നീക്കത്തിനെതിരെ യു.എന്‍. സെക്രട്ടറി ജനറലും ആശങ്ക അറിയിച്ചു. ഇതോടെ ഭരണ നേതൃത്വം കടുത്ത സമ്മര്‍ദത്തിലാണ്.
15 വര്‍ഷം മുന്‍പ് രൂപംകൊണ്ടതാണ് ഇറാനിലെ മതകാര്യ പൊലീസ്. വസ്ത്രധാരണമുള്‍പ്പെടെയുള്ള മതനേതൃത്വം നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ ലക്ഷം.