കാമുകനൊപ്പം പോകാൻ 3‌ മക്കള്‍ക്ക് വിഷം നൽകി കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു; വധശിക്ഷ

arrestn
SHARE

കാമുകനൊപ്പം വിവാഹം കഴിച്ചു ജീവിക്കാൻ മൂന്നു മക്കളെ വിഷം നൽകി കൊലപ്പെടുത്തുകയും ഭർത്താവിനെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്ത കേസിൽ 26 വയസ്സുള്ള യുവതിക്കും കാമുകനും വധശിക്ഷ വിധിച്ചു. അപ്പർ ഈജിപ്തിലെ നാഗാ ഹമാദി ക്രിമിനൽ കോടതിയാണ് ഗ്രാൻഡ് മുഫ്തിയുടെ അനുമതി ലഭിച്ചതോടെ ശനിയാഴ്ച ശിക്ഷ വിധിച്ചത്. ഇരുവരെയും തൂക്കിക്കൊല്ലും.

2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭർത്താവ് റഫാത്ത് ഗലാൽ (35) മക്കളായ അമിറ (8), അമീർ (7), ആദം (9) എന്നിവർക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. റഫാത്ത് ഗലാലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളെ വിഷം ഉള്ളിൽചെന്ന നിലയിൽ മരിച്ചു കിടക്കുന്നതായും കണ്ടെത്തുകയായിരുന്നു. സംഭവത്തിനു പിന്നിൽ ക്രിമിനൽ നീക്കമുണ്ടെന്നു ഉറപ്പിച്ച അന്വേഷണ സംഘം ഇതിന്റെ ഉള്ളറകളിലേക്ക് കടന്നു. 

അന്വേഷണത്തിൽ നാലു പേർക്കും ശീതളപാനീയത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്ന് കണ്ടെത്തി. കുട്ടികളുട മാതാവും അവരുടെ കാമുകനുമാണ് ഇതിനു പിന്നിലെന്നും വ്യക്തമായി. 28 വയസ്സുള്ള ഡ്രൈവറായ കാമുകനുമായി യുവതിക്ക് മൂന്നു വർഷത്തെ അടുപ്പം ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുട്ടികളെയും ഭർത്താവിനെയും ഒഴിവാക്കിയാൽ സ്വതന്ത്രമായി ജീവിക്കാമെന്നാണു ഇരുവരും കരുതിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

സംഭവ ദിവസം കുട്ടികളിൽ ഒരാളെ ആശുപത്രിയിൽ കാണിക്കാൻ ഉണ്ടായിരുന്നു. ഇക്കാര്യം യുവതി കാമുകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അന്ന് കൃത്യം നടത്താൻ തീരുമാനിക്കുകയും ചെയ്തു. കാമുകൻ നാലു കാൻ ശീതളപാനീയം വാങ്ങുകയും അതിൽ വിഷം കലർത്തുകയും ചെയ്തു. ഇത് യുവതിയെ ഏൽപ്പിച്ചു. ആശുപത്രിയിൽ നിന്നും തിരികെ വന്ന ഭർത്താവിനും കുട്ടികൾക്കും യുവതിയാണ് വിഷം അടങ്ങിയ ശീതളപാനീയം നൽകിയത്. 

അൽപസമയത്തിനുള്ളിൽ കുട്ടികളും ഭർത്താവും അവശതകാണിച്ചു തുടങ്ങി. ബോധം നഷ്ടപ്പെട്ട ഭർത്താവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. എന്നാൽ, മൂന്നു കുട്ടികൾ മരിച്ചു. പ്രതികളെ പിടികൂടിയ പൊലീസ് കോടതിയിൽ കേസ് തെളിയിച്ചു. തുടർന്ന് ക്രിമനൽ കോടതിയിലും എത്തിച്ചു. ഗ്രാൻഡ് മുഫ്തിയുടെ അനുമതിയോടെ ഇരുവരെയും തൂക്കിലേറ്റാൻ വിധിച്ചു.

MORE IN WORLD
SHOW MORE