ചൈനയിൽ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ; വിഡിയോ വൈറൽ

ചൈനയിലെ പ്രമുഖ നഗരമായ ചാങ്ഷയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ. ചൈനീസ് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീപിടിച്ച കെട്ടിടത്തിൽനിന്ന് വൻതോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അഗ്നിബാധയിൽ എത്ര പേർക്ക് അപകടം സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്.

ബഹുനിലകെട്ടിടത്തിന്റെ പല നിലകളും പൂർണമായും കത്തിനശിച്ചെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ടെലകോമിന്റെ ഓഫിസും തീപിടിച്ച കെട്ടിടത്തിലുണ്ട്.

ഹുനാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് തീപിടിത്തമുണ്ടായ ചാങ്ഷ. ഏതാണ്ട് 10 മില്യൻ ആളുകളാണ് ഇവിടെ താമസിക്കുന്നത്.