തായ്‌വാൻ സന്ദർശനം കഴിഞ്ഞ് നാൻസി പെലോസി മടങ്ങി; സംശയം മാറാതെ ചൈന

chinaus-01
SHARE

തായ്‍വാന്‍ സന്ദര്‍ശനം കഴിഞ്ഞ് നാന്‍സി പെലോസി മടങ്ങിയെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ് ചൈന. 1979ലെ നയതന്ത്രവിജ്ഞാപനത്തിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തിയത് എന്നാണ് ചൈനയുടെ വാദം. 

1978 ഡിസംബര്‍ 16ന് അമേരിക്കയുടെ 39ാമത് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും,ചൈനീസ് തലവന്‍ ഡെങ് സിയാപിങ്ങും തമ്മില്‍ ഉണ്ടാക്കി 1979 ജനുവരി ഒന്നിന് നിലവില്‍ വന്ന അമേരിക്ക ചൈന നയതന്ത്ര വിജ്ഞാപനത്തില്‍ പിടിച്ചാണ് ചൈന, നാന്‍സി പെലോസിയുടെ തായ്‍വാന്‍ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്. തായ്‍വാന്‍ സ്വതന്ത്ര രാജ്യമായതിന് ശേഷം അമേരിക്കന്‍ സൈനിക പിന്‍മാറ്റമുണ്ടായിക്കഴിഞ്ഞാണ് വിജ്ഞാപനം നിലവില്‍ വന്നത്. വിജ്‍ഞാപനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.കെയിലെ ചൈനിസ് അംബാസഡര്‍ ഴെങ്ങ് സെഗ്വാങ് പെലോസിയുടെ പ്രകോപനപരമായ സന്ദര്‍ശനത്തെ വിമര്‍ശിച്ചത്. ചൈനയെ നിയമപരമായ പരമാധികാര സര്‍ക്കാരായി അംഗീകരിച്ചാണ് അമേരിക്ക വിജ്ഞാപനത്തില്‍ ഒപ്പുവെച്ചത്. 

തായ്‍വാനുമായി വാണിജ്യ സാംസ്കാരിക ബന്ധങ്ങളും മറ്റ് അനൗദ്യോഗിക ബന്ധവും മാത്രമാണ് ഉണ്ടാവുക എന്ന് വിജ്ഞാപനത്തില്‍ സമ്മതിച്ചശേഷം നടത്തുന്ന ഈ സന്ദര്‍ശനം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല എന്ന് സെഗ്വാങ്  അഭിപ്രായപ്പെട്ടു. രാജ്യാന്തര സൈനിക ഏറ്റുമുട്ടലിന്റെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും സഹകരിക്കും എന്ന ഉപവാക്യവും ലംഘിക്കപ്പെട്ടിരിക്കുന്നു. വണ്‍ ചൈന എന്ന ആശയവും തായ്‍വാന്‍ ചൈനയുടെ ഭാഗമാണ് എന്നതും പൂര്‍ണമായും അംഗീകരിക്കുന്നു എന്നും അമേരിക്ക സമ്മതിച്ചത് വെറും വാക്കായെന്നും സെഗ്വാങ് ലണ്ടനിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 79 ലെ വിജ്ഞാപനം മുന്‍നിര്‍ത്തി ചൈന വിഷയം ലോക ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ ഈ ദിശയില്‍കൂടി വിശദാമാക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാകാനും സാധ്യത ഏറെയാണ്.

MORE IN WORLD
SHOW MORE