ബൈഡന്റെ കുടുംബത്തിന്റെ മോശം വിവരങ്ങൾ വെളിപ്പെടുത്തണം: പുട്ടിനോട് ട്രംപ്

biden-putin-trump
SHARE

യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡന്റെ കുടുംബവുമായി ബന്ധപ്പെട്ട മോശം വിവരങ്ങൾ പുറത്തുവിടണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ആവശ്യപ്പെട്ട് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. റഷ്യയിൽ ബൈഡനുള്ള വാണിജ്യ ഇടപാടുകൾ പുറത്തുവിടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും പുറത്തുവിടാൻ ട്രംപ് തയാറായില്ല. 

തന്റെ ചോദ്യത്തിനുള്ള ഉത്തരം പുട്ടിന് അറിയാമെന്ന് കരുതുന്നു. അദ്ദേഹം അത് പുറത്തുവിടുമെന്നാണ് താൻ കരുതുന്നത്. ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് യുക്രെയ്ൻ, ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇടപാടുകളുണ്ട്. ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് പല രാജ്യങ്ങളിലും വൻ തുകകൾ ഹണ്ടർ മുടക്കിയത്. സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 

എന്നാൽ ബൈഡൻ ആരോപണങ്ങൾ നിഷേധിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ അക്കാര്യം തെളിയുമെന്നും അദ്ദേഹം പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപ് റഷ്യയുടെ സഹായം തേടിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഹിലരി ക്ലിന്റൻ അടക്കമുള്ളവരുടെ ഇമെയിൽ ചോർത്തുന്നതിന് റഷ്യൻ സൈന്യത്തിന്റെ സഹായമാണ് ട്രംപ് തേടിയത്. 2020ൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ട്രംപിന്റെ സഹായികൾ റഷ്യൻ ചാരൻമാരുടെ സഹായം തേടിയിരുന്നു. ബൈഡന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തുന്നതിനായിരുന്നു സഹായം തേടിയതെന്നാണ് ആരോപണം.

MORE IN WORLD
SHOW MORE