അലാസ്കയെ മരവിപ്പിച്ച് ‘ഐസ്മഗഡൻ’; വിചിത്ര പ്രതിഭാസത്തിനു പിന്നിൽ?

alska
SHARE

മനുഷ്യരാശിയെ തന്നെ തുടച്ച് നീക്കാന്‍ പോന്ന ദുരന്തത്തിലേയ്ക്ക് നയിയ്ക്കുന്ന ഏറ്റുമുട്ടലുകളെയാണ് ആമഗഡൻ എന്ന് വിശേഷിപ്പിക്കുന്നത്. യുഎസിലെ വടക്കന്‍ പ്രവിശ്യയായ അലാസ്കയും സമാനമായ ഒരു ഏറ്റുമുട്ടലിന് വേദിയാവുകയാണ്. ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന അലാസ്കയില്‍ അതിജീവനത്തിനായി പോരാടുകയാണ് മനുഷ്യര്‍. പോരാട്ടം കൊടും ശൈത്യത്തോടായത് കൊണ്ട് ഐസ്മഗഡൻ എന്ന പേരിട്ടാണ് അലാസ്കയിലെ ഭീതിദമായ അവസ്ഥയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

സകലറെക്കോര്‍ഡുകളും ഭേദിച്ച് കൊണ്ടാണ് അലാസ്കയിലെ താപനില താഴുന്നത്. രാത്രികാലങ്ങളില്‍ ആലിപ്പഴം വീഴുന്നത് പോലെയാണ് ശക്തമായ മഞ്ഞുകാറ്റ് വീശുന്നത്. അലാസ്കയിലാകെ റോഡ് ഗതാതഗം ഏതാണ്ട് പൂര്‍ണമായി താളം തെറ്റിയ്ക്കാന്‍ ഈ മഞ്ഞുകാറ്റിന് കഴിഞ്ഞിട്ടുണ്ട്. ഇതെതുടര്‍ന്ന് അലാസ്ക പ്രവിശ്യയിലെ മോട്ടോര്‍വാഹന വകുപ്പ് തന്നെയാണ് ഈ ശക്തമായ മഞ്ഞുവീഴ്ചയെയും കാറ്റിനെയും ഐസ്മഗഡൻ എന്ന പേര് നല്‍കി വിളിച്ചതും.

അപ്രതീക്ഷിതമായ ശൈത്യപാതമാണ് അലാസ്ക നേരിടുന്നതെന്ന് അലാസ്ക കാലാവസ്ഥാ വകുപ്പും ട്വിറ്ററിലൂടെ അറിയിച്ചു. അലാസ്കയില്‍ മാത്രമല്ല ലോകമെമ്പാടും ഓരോ കാലാവസ്ഥയിലും അതിന്‍റെ അതിരൂക്ഷമായ അവസ്ഥ കാണേണ്ടി വരുന്നത് മനുഷ്യന്‍റെ അനിയന്ത്രിത ജീവിത ശൈലി മൂലമാണെന്നാണ് ശാസ്ത്രലോകം കുറ്റപ്പെടുത്തുന്നത്. പ്രത്യേകിച്ചും പെട്രോളിയം വാതകങ്ങളുടെ അനിയന്ത്രിത ഉപയോഗം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഋതുക്കളുടെ താളം തന്നെ തെറ്റിക്കുന്ന സ്ഥിതിയിലാണുള്ളതെന്നും ഇവര്‍ പറയുന്നു.

അലാസ്ക സര്‍വകലാശാലയിലെ കാലാവസ്ഥാ പഠന വകുപ്പിലെ അധ്യാപകനായ റിക് തോമന്‍ അലാസ്കയിലെ കാലാവസ്ഥയെ അപ്രതീക്ഷിതമെന്നും അസാധാരണം എന്നുമാണ് വിശേഷിപ്പിച്ചത്. രാത്രിയില്‍ വാഹനങ്ങളും വീടുകളും തകര്‍ക്കുന്ന വിധത്തില്‍ മഞ്ഞുവീഴ്ചയുണ്ടായ മേഖലയില്‍ പകല്‍ സമയത്ത് ഉയര്‍ന്ന താപനിലയും അനുഭവപ്പെടുന്നുണ്ട്. ഏതാണ്ട് 19.5 ഡിഗ്രി സെല്‍ഷ്യസാണ് ഈ മേഖലയില്‍ പകല്‍സമയത്ത് അനുഭവപ്പെടുന്ന താപനില. സാധാരണ മേഖലകളില്‍ 19.5ഡിഗ്രി സെല്‍ഷ്യസ് എന്നത് ഉയര്‍ന്ന താപനിലയല്ല. എന്നാല്‍ അലാസ്കയിലെ കോഡിയാക് ദ്വീപ് പോലുള്ള മേഖലകളില്‍ ഈ താപനില സര്‍വകാല റെക്കോര്‍ഡാണ്.

ഇങ്ങനെ രാത്രിയില്‍ റെക്കോര്‍ഡ് അളവിലുള്ള തണുപ്പും, പകല്‍ റെക്കോര്‍ഡ് അളവിലുള്ള ചൂടുമായാണ് അലാസ്കയിലെ ദിനങ്ങള്‍ കടന്നു പോകുന്നത്. ഇതുകൊണ്ട് തന്നെയാണ് സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിഭാസങ്ങളിലൂടെയാണ് അലാസ്ക കടന്നുപോകുന്നതെന്ന് ഗവേഷകരും കാലാവസ്ഥാ നിരീക്ഷകരും വിലയിരുത്തുന്നതും. ചൂടിനും തണുപ്പിനും പുറമെ 25 മില്ലി മീറ്റര്‍ വരെ മഴയും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ 25 മില്ലി മീറ്റര്‍ എന്നതും അലാസ്കയെ സംബന്ധിച്ച് സമീപകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത തോതിലുള്ള മഴയാണ്. 

കൊടും തണുപ്പും മഴയും ചൂട് വായുപാതവുമെല്ലാം മണിക്കൂറുകള്‍ക്കിടയില്‍ മാറി വരുന്ന ഈ സ്ഥിതി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്ന് റിക് തോമന്‍ ചൂണ്ടിക്കാട്ടുന്നു. അലാസ്കയില്‍ മാത്രമല്ല യുഎസിലെ വാഷിങ്ടണിലും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. സിയാറ്റില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ മഞ്ഞുവീഴ്ച സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കലിഫോര്‍ണിയിയല്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒരു തടാകമാകെ മഞ്ഞുപാളിയാല്‍ മൂടപ്പെട്ടു.  ഏതാനും മാസം മുന്‍പ് കാട്ടു തീ പടര്‍ന്നതിനെ തുടര്‍ന്ന് മാറി താമസിക്കേണ്ടി വന്ന പ്രദേശവാസികള്‍, ഇപ്പോഴാകട്ടെ മഞ്ഞുപാളികള്‍ നിറഞ്ഞതോടെ പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

MORE IN WORLD
SHOW MORE