ഗോൾഡ്ഫിഷിനെ കൊണ്ട് വാഹനമോടിപ്പിച്ച് ഇസ്രയേലി ശാസ്ത്രജ്ഞർ; അമ്പരപ്പ്

ഇസ്രയേലിൽ സ്വർണമത്സ്യം അഥവാ ഗോൾഡ്ഫിഷിനെ കൊണ്ട് ശാസ്ത്രജ്ഞർ വാഹനം ഓടിപ്പിച്ചു. കൗതുകം നിറഞ്ഞ ഈ വാർത്ത ഇപ്പോൾ സൈബർ ലോകത്തും ൈവറലാണ്. ഇസ്രയേലിലെ ബീർഷെബ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ സർവകലാശാലയാണു ബെൻ ഗുരിയോൻ യൂണിവേഴ്‌സിറ്റി. ഫിഷ് ഓപ്പറേറ്റഡ് കാർ എന്നു പേരിട്ടിരിക്കുന്ന ഒരു റോബട്ടിക് കാർ ഇവർ വികസിപ്പിച്ചെടുത്തു. ഇതിൽ ലിഡാർ എന്നു പേരുള്ള ഒരു സാങ്കേതികവിദ്യയും ഘടിപ്പിച്ചു. ലേസർ സംവിധാനങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ലിഡാർ മീനിന്റെ ചലനങ്ങൾക്കനുസരിച്ച് നീങ്ങാൻ കാറിനു കരുത്ത് നൽകും. ഇതോടൊപ്പം തന്നെ ക്യാമറകൾ, അത്യാധുനിക ഇലക്ട്രിക് മോട്ടറുകൾ, എളുപ്പം ചലിക്കുന്ന വീലുകൾ എന്നിവയും മീനിനു കാറിനെ നീക്കാനുള്ള നിയന്ത്രണമൊരുക്കും.

ഈ കാറിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഫിഷ്ടാങ്കിനുള്ളിലാണു മീനുകളെ ഇട്ടിരിക്കുന്നത്. മീൻ നീങ്ങുന്നതിനനുസരിച്ച് കാറും നീങ്ങും. ആദ്യം ഇട്ടപ്പോൾ ഗോൾഡ്ഫിഷ് കൺഫ്യൂഷനിലാകുകയും തോന്നിയതു പോലെ നീന്തുകയും ചെയ്തു. കാറും അതിനനുസരിച്ച് നീങ്ങി. എന്നാൽ പതിയ മീനിനു ടെക്‌നിക്കു പിടികിട്ടി. താൻ ചലിക്കുന്നതിനനുസരിച്ച് തന്നെയിട്ടിരിക്കുന്ന സംവിധാനവും ചലിക്കുന്നുണ്ടെന്ന് അതിനു മനസ്സിലാകുകയും അതിനനുസരിച്ചു നീങ്ങാൻ തുടങ്ങുകയും ചെയ്തു. ഇതോടെ കാറിന്റെ നിയന്ത്രണം ഗോൾഡ് ഫിഷ് ഏറ്റെടുത്തെന്നു ശാസ്ത്രജ്ഞർ പറയുന്നു. ശാസ്ത്രജ്ഞർ നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തേക്കു ഇവ വണ്ടിയോടിച്ചെത്തി. വിജയിച്ചവയ്ക്കു പ്രത്യേകഭക്ഷണവും പ്രോത്സാഹനമായി ശാസ്ത്രജ്ഞർ നൽകി.

ആറു ഗോൾഡ് ഫിഷ് മത്സ്യങ്ങളെ ഇത്തരത്തിൽ ഡ്രൈവിങ് പരിശീലിപ്പിച്ചെടുത്തെന്നു ശാസ്ത്രജ്ഞർ പറയുന്നു. വളരെ ഗംഭീരമായി വണ്ടിയോടിക്കുന്നവരും, കുഴപ്പമില്ലാതെ ഓടിക്കുന്നവരും മോശം രീതിയിൽ ഓടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യരല്ലാത്ത ജീവജാലങ്ങൾക്കും ഡ്രൈവിങ് പോലുള്ള നിയന്ത്രിത സംവിധാനങ്ങൾ വഴങ്ങുമെന്നതിനു തെളിവായാണു ഗവേഷണത്തെ ശാസ്ത്രജ്ഞർ ഉയർത്തിക്കാട്ടുന്നത്.