മരണം കൺമുന്നിൽ; പിന്നാലെ പാക് ചാരക്കണ്ണുകൾ; ഒടുവിൽ സലീമയ്ക്ക് സാഹസിക രക്ഷ

salima-15
ചിത്രം; എഎഫ്പി
SHARE

താലിബാന്റെ പിടിയിൽപ്പെട്ടാൽ കുടുംബത്തോടെ മരണം ഉറപ്പ്. ഹിറ്റ് ലിസ്റ്റുകളിലെ ആദ്യ പേരുകളിൽ ഒരാൾ. പോരാത്തതിന് ഷിയ മുസ്​ലിമും. 14 ജീവനും കയ്യിൽപ്പിടിച്ചാണ് കാബൂൾ വീണ രാത്രിയിൽ സലീമ മസാരിയെന്ന അഫ്ഗാനിലെ പ്രവിശ്യാ ഗവർണർ പലായനത്തിനായി ഉസ്ബെക്ക് അതിർത്തിയിലേക്ക്  പാഞ്ഞത്. എന്തും സംഭവിച്ചേക്കാവുന്ന മണിക്കൂറുകൾ. സാഹസികയാത്രയ്ക്കൊടുവിൽ താൻ സുരക്ഷിതയായി അമേരിക്കയിൽ എത്തിയെന്ന് ടൈം മാസികയിലൂടെ ലോകത്തോട് വിളിച്ചു പറയുകയാണ് സലീമ.

ബുർഖ ധരിച്ചാണ് നാട് കടന്നത്. പലയിടത്തും താലിബാന്റെ ചെക്ക്പോസ്റ്റുകൾ ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യത്തിന് താലിബാൻ സൈനികരാരും തിരിച്ചറിഞ്ഞില്ലെന്ന് അവർ ടൈം മാസികയോട് വെളിപ്പെടുത്തി. താലിബാൻ കാബൂൾ പിടിച്ച ദിവസമായതിനാൽ സൈനികർ അതിന്റെ ആവേശത്തിലുമായത് സലീമയുടെ യാത്ര എളുപ്പമാക്കി. അറിയപ്പെടുന്ന ആളായത് കൊണ്ട് തന്നെ പൊതുജന മധ്യത്തിലൂടെ കാബൂൾ വിമാനത്താവളത്തിൽ എത്തുക സലീമയെ സംബന്ധിച്ച് സാധ്യമായിരുന്നില്ല. കണ്ടുപിടിക്കപ്പെട്ടാൽ താലിബാൻ അവരെ വധിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരും പറയുന്നു. അങ്ങനെയിരിക്കെ അസമയത്ത് സലീമയ്ക്ക് ഒരു ഫോൺകോൾ എത്തി. വിവരങ്ങളെല്ലാം കൈമാറിക്കഴിഞ്ഞതും കോൾ കട്ടായി. പിന്നീടാണ് അത് പാക്ചാരൻമാരായിരുന്നോ എന്ന സംശയം സലീമയ്ക്ക് ഉണ്ടായത്. ഭീതിയുടെ മുൾമുനയിൽ നിന്ന് ഒടുവിൽ അമേരിക്കൻ സൈനികർ അവരെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ആശങ്ക ഒഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. 

അമേരിക്കയുടെ സഹായത്തോടെ ഒടുവിൽ കാബൂൾ വിമാനത്താവളത്തിൽ സലീമ എത്തി. 'എന്റെ രാജ്യത്തിന്റെ പതനം കൺമുന്നിൽ ഞാൻ കണ്ടു. സർവവും വലിച്ചെറിഞ്ഞ് ജീവരക്ഷാർഥം ഓടുന്ന എന്റെ ജനങ്ങളെ കണ്ടു. ദുഃഖം കൊണ്ട് അവരുടെ തലകുനിഞ്ഞിരുന്നു'വെന്ന് അങ്ങേയറ്റം ഹൃദയവേദനയോടെ സലീമ പറയുന്നു. അമേരിക്കൻ സൈനിക വിമാനത്തിൽ ഖത്തറിലേക്കും അവിടെ നിന്ന് യുഎസിലേക്കുമാണ് സലീമയും കുടുംബവും എത്തിയത്.

താലിബാനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന വനിതയാണ് ഗവർണറായിരുന്ന സലീമ മസാരി. സലീമയെ താലിബാൻ പിടികൂടിയെന്ന അഭ്യൂഹം നേരത്തെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താൻ താലിബാന്റെ പിടിയിൽ അല്ലെന്ന റിപ്പോർട്ട് പുറത്ത് വന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...