ചൈനയിൽ ആദ്യ മങ്കി ബി വൈറസ് മരണം; നാഡീവ്യൂഹം തകരും; അടുത്ത മഹാമാരി?

china-monkey-virus
SHARE

ചൈനയിൽ തുടങ്ങിയ കോവിഡ് ലോകമെങ്ങും ഇപ്പോഴും വൻനാശം വിതയ്ക്കുകയാണ്. ഇതിന് പിന്നാലെ കുരങ്ങനിൽനിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ ആദ്യ മരണവും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാർച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടർക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങൾ കാണിച്ചത്.

നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ഡോക്ടർ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. മനുഷ്യരിൽ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 70–80 ശതമാനമാണു മരണനിരക്ക്. 1933ൽ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി ബി വൈറസ് ബാധ സ്ഥിരീകരിച്ചത്.

കുരങ്ങിന്റെ കടി മൂലമുണ്ടായ പരുക്കിൽനിന്നു ലാബ് ജീവനക്കാരൻ രക്ഷപ്പെട്ടെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിലുണ്ടായ തകരാറിനെ തുടർന്നു ദിവസങ്ങൾക്കകം മരിച്ചു. കുരങ്ങിന്റെ സ്രവങ്ങളുമായി നേരിട്ടു സമ്പർക്കം വരുമ്പോഴും സ്രവം മുറിവിലൂടെയോ മറ്റോ ശരീരത്തിൽ എത്തുമ്പോഴുമാണു രോഗം പകരുന്നത്. ഇതുവരെ ലോകത്താകെ രണ്ടു ഡസനിലേറെ ഇത്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെയാണ് ഇതിൽ 5 മരണങ്ങളുണ്ടായത്. കുരങ്ങനിൽനിന്നു കടിയോ മാന്തോ കിട്ടിയവരാണു മരിച്ചവരിൽ ഭൂരിഭാഗവും.

സാധാരണയായി വൈറസ് ബാധയുണ്ടായാൽ 1 മുതൽ 3 ആഴ്ച വരെയുള്ള കാലയളവിലാണു രോഗലക്ഷണങ്ങൾ പ്രകടമാവുക. ഫ്ലൂ വൈറസ് ബാധയുടേതിനു തുല്യമായി പനി, വിറയൽ, പേശീവേദന, തലവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളാണു കാണിക്കുക. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കുറവാണെന്നും കുരങ്ങുമായി സമ്പർക്കത്തിലായാലേ രോഗമുണ്ടാകൂ എന്നുമാണു ശാസ്ത്രജ്ഞർ പറയുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...