ഞണ്ടിനെ പിടിക്കാൻ കടലിലിറങ്ങി; തിമിംഗലം വിഴുങ്ങി; പിന്നെ തുപ്പി..

​ഞണ്ടിനെ പിടിക്കാൻ കടലിൽ ഇറങ്ങിയ വ്യക്തിയെ ഭീമൻ തിമിംഗലം വിഴുങ്ങി. മിനിറ്റുകൾക്കുള്ളിൽ തന്നെ തിമിംഗലം മനുഷ്യനെ പുറത്തേക്ക് തുപ്പി. മരണം മുന്നിൽ കണ്ട നിമിഷത്തെ കുറിച്ച് ലോകത്തോട് പറയുകയാണ് അമേരിക്കയിലെ മസചുസെറ്റ്‌സിലെ മൈക്കിള്‍ പെക്കാര്‍ഡ് എന്ന 56കാരൻ. ആഴക്കടലിൽ നിന്നും ഞണ്ടുപിടുത്തമാണ് ഇയാളുടെ തൊഴിൽ. ജോലിക്കിടെ കടലിൽ വച്ചാണ് ഇയാൾ ഭീമൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടത്.

സ്‌കൂബാ വസ്ത്രങ്ങളണിഞ്ഞ് കടലിൽ ഇറങ്ങിയ മൈക്കിളിന് സമീപം തിമിംഗലം എത്തി. എന്നാൽ ഇക്കാര്യം ഇയാൾ അറിഞ്ഞില്ല. വായിൽ അകപെട്ടപ്പോഴാണ് അപകടം അറിയുന്നത്. വിഴുങ്ങാനുള്ള ശ്രമത്തിലായിരുന്നു തിമിംഗലം. പക്ഷേ കുറച്ച് നിമിഷങ്ങൾക്ക് ശേഷം കടലിന്റെ മുകളിലേക്ക് എത്തിയ തിമിംഗലം മൈക്കിളിനെ തുപ്പി കളയുകയായിരുന്നു. കൈയ്ക്ക് ചെറിയ പരുക്കേറ്റതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസയും നൽകി. ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോടാണ് ഇക്കാര്യം മൈക്കിൾ തുറന്നുപറഞ്ഞത്. ഹംബാക്ക് തിമിംഗലത്തിന്റെ വായിൽ നിന്നാണ് ഈ അദ്ഭുതരക്ഷ.