മലാലയ്ക്ക് വധഭീഷണി മുഴക്കി മതപുരോഹിതൻ; അറസ്റ്റ്

ചിത്രം കടപ്പാട്; ന്യൂയോർക്ക് ടൈംസ്

നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്ക് വധ ഭീഷണി. മലാലയ്ക്കെതിരെ ചാവേർ ആക്രമണം നടത്തണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്ത മതപുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഫ്തി സർദാർ അലി ഹഖാനിയെയാണ് ഭീകരവിരുദ്ധ നിയമപ്രകാരം പിടികൂടിയത്.

വിവാഹത്തെ കുറിച്ച് മലാല ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് പുരോഹിതനെ ചൊടിപ്പിച്ചത്. വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം വേണമെന്നുണ്ടെങ്കിൽ ഇരുവർക്കും പങ്കാളികളായി ജീവിച്ചാൽ പോരേ എന്നുമായിരുന്നു മലാലയുടെ ചോദ്യം. മലാലയുടെ ചോദ്യം ഇസ്ലാമിക രീതിക്ക് തന്നെ എതിരാണെന്നും ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതാണെന്നും പറഞ്ഞ പുരോഹിതൻ ചാവേർ ആക്രമണം നടത്തി കൊന്നുകളയണമെന്ന് അനുയായികളോട് ആവശ്യപ്പെടുകയായിരുന്നു. ആഹ്വാനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.