സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ഏത്: എവർ ഗിവണോ, എവർ ഗ്രീനോ?

ever-given
SHARE

കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം വലിച്ചുനീക്കി കനാലിലെ തടസ്സം നീക്കി ഗതാഗതം പുനസ്ഥാപിച്ചിരുന്നു. ഗതാഗതം സാധാരണ നിലയിലാകാൻ ഒരാഴ്ച എടുക്കുമെന്നാണു സൂചന. അതേസമയം, കപ്പലിന്റെ പേര് ‘എവർ ഗിവൺ’ ആണോ ‘എവർ ഗ്രീൻ’ ആണോ എന്ന സംശയവും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നുണ്ട്.

കപ്പലിന്റെ വശത്ത് ‘എവർ ഗ്രീൻ’ എന്ന് വലുതായി എഴുതിയിരിക്കുന്നതാണ് കപ്പലിന്റെ പേരും ‘എവർ ഗ്രീൻ’ എന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കിയത്. എന്നാൽ, കപ്പലിന്റെ യഥാർഥ പേര് ‘എവർ ഗിവൺ’ എന്നാണ്. ജാപ്പനീസ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ തായ്‌വാനിലെ കണ്ടെയ്‌നര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് കമ്പനിയായ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷനാണ് വാടകയ്ക്ക് എടുത്ത് ഓപ്പറേറ്റ് ചെയ്യുന്നത്. പാനമയിലാണ് കപ്പല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ എവര്‍ഗ്രീന്‍ ഓപ്പറേറ്റ് ചെയ്യുന്ന 20 വലിയ കപ്പലുകളില്‍ 'എവര്‍' എന്ന ഫോര്‍മാറ്റിലാണ് നാമകരണം ചെയ്തിരിക്കുന്നത്. മറ്റ് കപ്പലുകളില്‍ 'എവര്‍ ഗുഡ്‌സ്', 'എവര്‍ ഗെയിനിങ്', 'എവര്‍ ജയന്റ്' എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു ശേഷമാണു കപ്പൽ നീക്കാനുള്ള ശ്രമം വിജയിച്ചത്. പുലർച്ചെ കപ്പലിന്റെ പിൻഭാഗം വലിച്ചുനീക്കി നേർദിശയിലാക്കിയിരുന്നു. എങ്കിലും മുൻഭാഗം (അണിയം) കനാലിന്റെ അടിത്തട്ടിൽ ഉറച്ചതിനാൽ കപ്പൽ പൂർണമായി നീക്കാനായില്ല. ഉച്ചയ്ക്കുശേഷമുള്ള വേലിയേറ്റ സമയത്താണു പത്തിലേറെ ടഗ്ഗുകൾ കപ്പൽ നീക്കിയത്.

കനാലിന്റെ വീതികൂടിയ ‘ഗ്രേറ്റ് ബിറ്റർ തടാക’ ഭാഗത്തേക്കാണു കപ്പൽ നീക്കിയത്. ഇവിടെ വിശദ പരിശോധന നടത്തിയ ശേഷമേ തുടർയാത്ര അനുവദിക്കൂ. 

കഴിഞ്ഞ ചൊവ്വാഴ്ചയാണു 400 മീറ്റർ നീളമുള്ള കപ്പൽ ശക്തമായ കാറ്റിൽപെട്ട് കനാലിനു കുറുകെ കുടുങ്ങിയത്. ഗതാഗതം പൂർവസ്ഥിതിയിലാകുന്നതോടെ ദിവസേന 100 കപ്പലുകൾ കടത്തിവിടാനാകും. 369 ചരക്കു കപ്പലുകളാണ് കനാൽ കടക്കാൻ കാത്തുകിടക്കുന്നത്.

English Summary: The name of the ship blocking the Suez Canal is the 'Ever Given,' not the 'Evergreen'

MORE IN WORLD
SHOW MORE
Loading...
Loading...