മ്യാൻമറിൽ വെടിവച്ചു കൊന്നയാളുടെ സംസ്കാര ചടങ്ങിനു നേരെയും വെടിയുതിർത്ത് പട്ടാളം

845-mynmar-military
പട്ടാള വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനു തയാറെടുക്കുന്ന ബന്ധുക്കൾ
SHARE

യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തു. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളുമുണ്ട്.

കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഇതോടെ ജനാധിപത്യ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 440 കടന്നു.

എന്നാൽ പട്ടാളഭീകരതയെ ഭയക്കാതെ ജനം ഇന്നലെയും വൻപ്രതിഷേധവുമായി തെരുവിലിറങ്ങി. തലസ്ഥാന നഗരമായ നയ്പിഡോയിൽ പട്ടാള വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പട്ടാളഭരണത്തിനെതിരെ പോരാടുന്ന വംശീയന്യൂനപക്ഷമായ കാരെൻ വംശജരുടെ ഗ്രാമമായ ഹപകാന്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 

തായ് അതിർത്തിയിൽ വനത്തിൽ കച്ചിൻ സ്വാതന്ത്ര്യസേനയും സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു.ശനിയാഴ്ചത്തെ കൂട്ടക്കൊലയെ ഐക്യരാഷ്ട്രസംഘടന അപലപിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളുടെ സൈനിക മേധാവികൾ മ്യാൻമർ പട്ടാളത്തോട് അക്രമത്തിൽ നിന്നു പിന്മാറണമെന്നും പ്രക്ഷോഭകരുടെ മനുഷ്യാവകാശം മാനിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യാന്തര സമൂഹം മ്യാൻമറിനെതിരെ നടപടിയെടുക്കാത്തതിനെ ആംനെസ്റ്റി ഇന്റർനാഷനൽ വിമർശിച്ചു.

English Summary: Myanmar Military Opens Fire on Funeral

MORE IN WORLD
SHOW MORE
Loading...
Loading...