ഗർഭിണിയായില്ല; പരിശോധനയിൽ ഡോക്ടർ പറഞ്ഞ കാരണം കേട്ട് അമ്പരന്ന് യുവതി

ഗർഭിണിയാകാത്തതിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തിയ യുവതിയെ ഞെട്ടിക്കുന്നതായിരുന്നു ഡോക്ടർമാർ നടത്തിയ കണ്ടെത്തൽ. ചൈനയിൽ നിന്നാണ് ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25 വയസുള്ള യുവതിയാണ് ഗർഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കൽ പരിശോധന നടത്തിയത്. ഫലം വന്നപ്പോഴാണ് താനൊരു പുരുഷനാണെന്ന് യുവതി തിരിച്ചറിയുന്നത്. ജനിതകപരമായി ഇവർ പുരുഷനാണെന്ന് ഡോക്ടർമാർ പറയുന്നു. 

പ്രത്യക്ഷത്തിൽ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാർ വ്യക്തമാക്കി. വളരെ അപൂർവമായാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. എന്നാൽ ഈ പരിശോധനാഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി. ഇതുവരെയുള്ള മുഴുവൻ ജീവിതത്തിലും പൂർണമായും സ്ത്രീയായാണ ജീവിച്ചത്. ഭാവിയില്‍ തന്റെ വ്യക്തിത്വം തന്നെ മാറുമെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ യുവതിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. 

എക്സ്–റേയിലൂടെയാണ് കാര്യങ്ങൾ വ്യക്തമായത്. ആ സമയത്ത് തനിക്ക് ഒരിക്കലും ആർത്തവമുണ്ടായിട്ടില്ലെന്ന് യുവതി പറഞ്ഞതായും ഡോക്ടർ അറിയിച്ചു. കൗമാരത്തിനു ശേഷം യുവതിക്ക് പിന്നീട് വളർച്ചയുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിക്ക് ഒരിക്കൽ പോലും ആർത്തവമുണ്ടായിട്ടില്ലെന്നും തെളിഞ്ഞു. 

‘ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ അമ്മ എന്നെ ഡോക്ടറെ കാണിച്ചിരുന്നു. മറ്റുള്ള കുട്ടികളെക്കാൾ എന്റെ വളർച്ച കുറവാണെന്ന് ഡോക്ടർ പറഞ്ഞു. ഏതാനും വർഷങ്ങൾക്കകം എനിക്ക് ആർത്തവം ഉണ്ടാകുമെന്ന് കരുതി. എന്നാൽ വളർന്ന ശേഷം ഇക്കാര്യം മറ്റുള്ളവരോടു പറയാൻ എനിക്ക് മടിയായിരുന്നു. നാണക്കേടോർത്ത് ഇക്കാര്യം ഞാൻ മറ്റുള്ളവരിൽ നിന്നും മറച്ചു വച്ചു. പ്രശ്നത്തിന്റെ ഗൗരവം എനിക്ക് അറിഞ്ഞിരുന്നില്ല’ യുവതി ഡോക്ടറോട് പറഞ്ഞു.