ആത്മഹത്യാ നിരക്ക് കുത്തനെ കൂടി; ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ച് ജപ്പാൻ

കോവിഡ് കാലം ലോകമൊന്നടങ്കം നിരാശയുടെയും ഒറ്റപ്പെടലിന്റെയും കാലമായിരുന്നു. ചിലരെങ്കിലും ആ ഒറ്റപ്പെടലിനെ പൊസിറ്റീവ് ആയി കണ്ടു എന്നതും വാസ്തവം തന്നെ. എങ്കിലും ഭൂരിപക്ഷത്തിനും ഒരിക്കലും ഓർക്കാൻ പോലും താൽപര്യമില്ലാത്ത ദിവസങ്ങളാണ്. ലോക്ഡൗൺ എത്ര കണ്ട് ലോകത്തെ മാറ്റിമറിച്ചു എന്നും എത്രത്തോളം നിരാശപ്പെടുത്തിയെന്നും വ്യക്തമാക്കുന്ന വാർത്തയാണ് ജപ്പാനിൽ നിന്നും കേൾക്കുന്നത്. ലോക്ഡൗണോടെ രാജ്യത്ത് ആത്മഹത്യാ നിരക്ക് കുത്തനെ വർധിച്ചതാണ് ജപ്പാനെ ഞെട്ടിച്ചത്. അതിനു പരിഹാരമെന്നോണം ഏകാന്തതയ്ക്കായി തന്നെ ഒരു മന്ത്രിയെ നിയമച്ചിരിക്കുകയാണ് ജപ്പാൻ.

പൗരൻമാരുടെ മാനസികാരോഗ്യവും ചിന്തയും നിലപാടുകളും പൊസിറ്റീവാക്കുക എന്നതാണ് പുതിയ മന്ത്രിയെ ചുമതലപ്പെടുത്തിയതിലൂടെ ജപ്പാൻ ലക്ഷ്യമിടുന്നത്. അതിനായി വിവിധ പദ്ധതികളും ആസൂത്രണം ചെയ്തു വരികയാണ്. ജപ്പാനിലെ ആത്മഹത്യാനിരക്ക് 11 വര്‍ഷത്തിലെ ഏറ്റവും കൂടിയ നിലയിലാണിപ്പോൾ. 2018ൽ യുകെയാണ് ഇതിനു മുൻപ് ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ചത്.