‘സൂചി’പ്പിഴ‌വോ ഈ അട്ടിമറിക്ക് പിന്നിൽ; മ്യാൻമറും പട്ടാള ഭരണവും

suukyi-01
SHARE

ലോകം പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. സൂചിയെ പൂട്ടി മ്യാൻമറിൽ പട്ടാളം വീണ്ടും അധികാരം പിടിച്ചു. ഓങ് സാൻ സൂചിയും  പ്രസിഡന്റ് വിൻ മിൻടും ഉൾപ്പടെ അറസ്റ്റിൽ. ഒരു വർഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാർത്താ വിനിമയ ബന്ധങ്ങൾ ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു. രാജ്യത്തെ 90 ലക്ഷം വരുന്ന ജനങ്ങളുടെ വിധിയെഴുത്തിനെ സൈന്യം അപ്രസക്തമാക്കിയത് എങ്ങനെയാണ്? സൂചിക്ക് അധികാരം നഷ്ടമാകാൻ കാരണങ്ങളെന്തൊക്കെയാണ്? എന്താണ് മ്യാൻമറിൽ സംഭവിക്കുന്നത്.

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ ക്രമക്കേടുണ്ടെന്നും സൂചി തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും സൈന്യം പ്രഖ്യാപിച്ചപ്പോഴെ പട്ടാള അട്ടിമറി ഏത് നിമിഷവും ഉണ്ടായേക്കാമെന്ന സൂചനകൾ ലോകത്തിന് ലഭിച്ചു. സൂചിയുടെ പാർട്ടിക്ക് ഭൂരിപക്ഷം നൽകി വിജയിപ്പിച്ച 90 ലക്ഷത്തോളം ജനങ്ങളുടെ വോട്ടവകാശത്തെ ചോദ്യം ചെയ്യുന്നതായിരുന്നു സൈന്യത്തിന്റെ പിന്നീടുള്ള ഓരോ നീക്കങ്ങളും. തിരഞ്ഞെടുപ്പ് സത്യസന്ധവും നീതിയുക്തവുമായാണ് നടത്തിയതെന്ന് ഫെബ്രുവരി ഒന്നിന് മുൻപ് തെളിയിക്കാൻ സൈന്യം സർക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷേ ഫെബ്രുവരി ഒന്ന് പുലരുമ്പോൾ ലോകത്തെ കാത്തിരുന്നത് പട്ടാളം അധികാരം പിടിച്ചുവെന്ന വാർത്തയാണ്. 

തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നുവെന്നും ഒന്നിലേറെ വോട്ടുകൾ ചെയ്യാത്ത പൗരൻമാർ രാജ്യത്തില്ലെന്നുമുള്ള ഗുരുതരമായ ആരോപണമാണ് സൈന്യം ഉന്നയിച്ചത്. 8.6 മില്യൺ തിരഞ്ഞെടുപ്പ് ക്രമക്കേട് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സൈന്യം വാദിച്ചു. പക്ഷേ മ്യാൻമറിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് നിഷേധിച്ചു. തിരഞ്ഞെടുപ്പും വോട്ടെണ്ണലും സുതാര്യമായിരുന്നുവെന്നും ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. പക്ഷേ സൈന്യം തൃപ്തരായില്ല. 

രാജ്യത്തെ പൗരൻമാരിൽ ഒരാൾ നിയമം അനുസരിച്ചില്ലെങ്കിൽ ആ നിയമം ഉൾപ്പെടുന്ന ഭരണഘടന തന്നെ മാറ്റണമെന്ന പ്രഖ്യാപനം സൈനിക മേധാവി നടത്തി. സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നുവെന്ന് മനസിലാക്കിയ യുഎൻ ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘങ്ങൾ നീക്കത്തെ അപലപിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ചെറുക്കണമെന്ന് മ്യാൻമറിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ ഫലമുണ്ടായില്ലെന്ന് മാത്രം.

പട്ടാള അട്ടിമറി പുതിയ കാര്യമല്ല മ്യാൻമറിന്. 1948 ൽ മ്യാൻമർ പൂർണ സ്വാതന്ത്ര്യം നേടിയെങ്കിലും 62  മുതൽ പട്ടാളഭരണത്തിന് കീഴിലായി. ജുന്റ എന്ന പേരിലാണ് മ്യാൻമറിലെ സൈനിക ഭരണകൂടം അറിയപ്പെട്ടത്. 50 വർഷത്തിലേറെ മ്യാൻമറിനെ അധികാരം കയ്യാളിയത് സൈന്യമായിരുന്നുവെന്ന് തന്നെ പറയേണ്ടി വരും. നീണ്ട 25 വർഷത്തെ കാത്തിരിപ്പിന് ശേഷം നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പിലൂടെ 2015 ൽ സൂചി അധികാരത്തിലെത്തി. പക്ഷേ സൈന്യം തയ്യാറാക്കിയ ഭരണഘടന അനുസരിച്ച് സൂചിക്ക് പ്രസിഡന്റ് സ്ഥാനം നിഷേധിക്കപ്പെട്ടു. വിദേശ പൗരത്വമുള്ള മക്കൾ ഉള്ളവർക്ക് പ്രസിഡന്റാകാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് സൂചിക്ക് എതിരായത്. 

ഇനിയും പക്വതയെത്താത്ത ജനാധിപത്യമാണ് മ്യാൻമറിലേതെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. നീണ്ട 20 വർഷത്തെ വീട്ടുതടങ്കൽ അവസാനിപ്പിച്ച് സൂചി യെ മോചിപ്പിക്കാൻ ജുന്റ 2011 ൽ തീരുമാനിച്ചതാണ് മ്യാൻമറിലെ ജനാധിപത്യത്തിലെ വളർച്ചയിലെ സുപ്രധാന നിമിഷമെന്ന് പറയേണ്ടി വരും. 2015 ൽ സൂചിയുടെ പാർട്ടി അധികാരത്തിലെത്തി. 2020 ലെ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ  സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടന പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം ഭരണഘടനാ പരിഷ്കാരങ്ങൾക്കുള്ള ജനങ്ങളുടെ അനുവാദമായി പാർട്ടി കണ്ടു. ഈ ലക്ഷ്യം നടപ്പിലാക്കുന്നതിന് മുമ്പാണ് സൈനിക അട്ടിമറി ഉണ്ടായിരിക്കുന്നത്.

മ്യാൻമർ സ്വാതന്ത്ര്യ സമര പോരാളിയായ ജനറൽ ഓങ് സാൻറെ മകളായി ജനിച്ച സൂചിക്ക് രാഷ്ട്രീയം കുടുംബകാര്യം പോലെ ആയിരുന്നു. ജപ്പാന്റെ സഹായത്തോടെ പഴയ മ്യാൻമറിനായി പോരാടുകയാണ് ജനറൽ സാൻ ചെയ്തത്. സൂചിക്ക് രണ്ട് വയസായപ്പോഴേക്കും സാൻ കൊല്ലപ്പെട്ടു. തൊട്ടടുത്ത വർഷം മ്യാൻമർ സ്വതന്ത്രമായി. ഡൽഹിയിലും ഓക്സ്ഫഡിലും നിന്ന്  വിദ്യാഭ്യാസം പൂർത്തിയാക്കിയ സൂചി 1988 ൽ സൈനിക ഭരണകൂടമായ ജുന്റയ്ക്കെതിരായി നാഷണൽ ലീഗ് ഫോർ ഡമോക്രസി  സ്ഥാപിച്ചു. 89 ൽ സൈന്യം സൂചിയെ വീട്ടുതടങ്കലിലാക്കി. രാജ്യം വിട്ടുപോയാൽ സ്വതന്ത്രയാക്കാമെന്ന വാഗ്ദാനവും നൽകി. സൂചി പക്ഷേ മ്യാൻമർ വിട്ടുപോയില്ല. 

തൊട്ടടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ സൂചിയുടെ പാർട്ടി വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പക്ഷേ ഭരണം വിട്ടുനൽകാൻ സൈന്യം തയ്യാറല്ലായിരുന്നു. മ്യാൻമറും സൂചിയുടെ പോരാട്ടവും ലോകശ്രദ്ധ ആകർഷിച്ചു. 91 ൽ സമാധാനത്തിനുള്ള നൊബേൽ സൂചിയെ തേടിയെത്തി. പിന്നെ സൂചി പുറംലോകം കാണുന്നത് 1995 ലാണ്. 2015ലെ തിരഞ്ഞെടുപ്പിൽ നേടിയ വിജയം സൂചിയെ മ്യാൻമറിൽ പ്രസിഡന്റിനും ഉയരെ എത്തിച്ചു. പക്ഷേ പിന്നീടുള്ള സൂചിയുടെ നിലപാടുകൾ അനുയായികളെ പോലും ഞെട്ടിച്ചു. റോഹിംഗ്യകൾക്ക് നേരെ നടന്ന വംശീയ അക്രമങ്ങളെ ന്യായീകരിച്ച് സൂചി മൗനം പാലിച്ചു. അണികൾ പോലും കരുതിയതിലേറെ സൈന്യവുമായി പലനയങ്ങളിലും സമരസപ്പെട്ടു. എത്രയൊക്കെ വഴങ്ങിയിട്ടും സൈന്യം സൂചിയെ ഭീഷണിയായി തന്നെ കണ്ടുവെന്ന് വേണം ഈ അട്ടിമറിയിൽ നിന്നും മനസിലാക്കാൻ. 

പട്ടാള ഭരണവും പട്ടാള അട്ടിമറിയും മ്യാൻമറിന് പുത്തരിയല്ല. പക്ഷേ സൂചി വലിയ പ്രതീക്ഷയായിരുന്നു. നെൽസൺ മണ്ടേലയ്ക്ക് പിന്നാലെ ലോകം ഇത്രമാത്രം പ്രതീക്ഷയോടെ കണ്ട മറ്റൊരു നേതാവുണ്ടോ എന്ന് സംശയമാണ്. എന്നാൽ പറച്ചിലും പ്രവൃത്തിയും രണ്ട് വഴിക്ക് ആയതോടെ സൂചിയെ നോക്കി ലോകം പലതവണ നെറ്റി ചുളിച്ചു. പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ പല ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾക്കും വോട്ടവകാശം സൂചി നിഷേധിച്ചതാണ് ഇപ്പോൾ ഈ പട്ടാള അട്ടിമറിയിൽ എത്തിനിൽക്കുന്നത്. ഇപ്പോഴിതാ അമേരിക്കയും പട്ടാള അട്ടിമറിക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. മ്യാൻമറിന് വീണ്ടും കരയാനാണോ വിധിയെന്ന് കാത്തിരുന്ന് തന്നെ കാണാം.

MORE IN WORLD
SHOW MORE
Loading...
Loading...