ബഡായിയില്‍ നിന്ന് ബൈഡനിലേക്ക്; ‘പണം’ കൊണ്ട് പാവപ്പെട്ട പ്രസിഡന്റ്; വിഡിയോ

biden-life-story
SHARE

മേന്മകള്‍ പലതുണ്ടെങ്കിലും അഹംഭാവമുള്ള രാജ്യമായാണ് അമേരിക്കയെ ലോകം കാണുന്നത്.  അവര്‍ അഹങ്കരിച്ചിരുന്ന മുല്യങ്ങളില്‍ പലതും തകരുന്നതും കണ്ടു ലോകം.  അവയില്‍ ചിലതെങ്കിലും വീണ്ടെടുക്കണമെന്ന് അമേരിക്കയെ വെറുക്കുന്നവര്‍പോലും ആഗ്രഹിക്കുന്ന സയമത്താണ് അഹംഭാവമില്ലാത്ത ഒരാള്‍ അതിന്‍റെ പ്രസിഡന്‍റായി ചുമതല ഏല്‍ക്കുന്നത് – ജോസഫ് റോബിനെറ്റ് ബൈഡന്‍.  അമേരിക്കയുടെ 46ാമത്തെ പ്രസി‍ഡന്‍റ്.

ബൈഡനു പിതാവ് ‍കൊടുത്ത ഒരു ഉപദേശമുണ്ട്.  ബൈഡന്‍ ആവര്‍ത്തിച്ചു പറയുന്നത് – ഒരു മനുഷ്യനെ അളക്കേണ്ടത് എത്ര തവണ അവന്‍ അടിയേറ്റ് താഴെവീണു എന്നതു വച്ചല്ല.  എത്രവേഗം അവിടെനിന്ന് എഴുന്നേല്‍ക്കുന്നു എന്നു നോക്കിയാണ്. സ്വന്തം ജീവിതം മുന്‍നിര്‍ത്തിതന്നെ ബൈഡനു പറയാന്‍ കഴിയും വീഴ്ചകളില്‍നിന്നുളള  ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ജീവിതമെന്ന്. കേട്ടറിയുന്നവരുടെപോലും ഉള്ളുലയ്ക്കുന്ന അനുഭവങ്ങളാണ് വ്യക്തിജീവിതത്തില്‍ ബൈഡന് ഉണ്ടായത്.  കരഞ്ഞു കാഴ്ചയുണ്ടായ കണ്ണുകളാണ് അദ്ദേഹത്തിന്‍റേത്.

1972ലാണ് ബൈഡന്‍റെ ഭാര്യ നൈലയും കൈക്കുഞ്ഞായിരുന്ന മകള്‍ നവോമിയും കാറപകടത്തില്‍ മരിച്ചത്.  ആണ്‍മക്കളായ ബോയും ഹണ്ടറും രക്ഷപ്പെട്ടു.  ഡെലവേറില്‍നിന്നു യു.എസ് സെനറ്റിലേക്കു തിര‍ഞ്ഞെടുക്കപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ബൈഡന്‍.  ആശുപത്രിയില്‍ മകന്‍ ബോവിന്റെ കിടക്കക്കരികില്‍നിന്നാണ് 1973ല്‍ സെനറ്ററായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അമ്മ നഷ്ടപ്പെട്ട കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍, അവരോടൊത്ത് അത്താഴം കഴിക്കാന്‍ ദിവസവും വാഷിങ്ടണ്‍ ഡി.സിയില്‍നിന്ന് ഡെലവേറിലേക്കു ട്രെയിന്‍ യാത്ര ചെയ്തു ബൈഡന്‍. കുടുംബത്തില്‍നിന്നും സ്വന്തം വേരുകളില്‍നിന്നും വേര്‍പ്പെട്ടൊരു ജീവിതം അദ്ദേഹത്തിന്‍റെ സങ്കല്‍പ്പത്തില്‍ ഇല്ലായിരുന്നു. 

ചെറുപ്പത്തിലെ അപകടത്തില്‍നിന്നു രക്ഷപ്പെട്ട മകന്‍ ബോ 2015ല്‍ ബ്രെയിന്‍ ട്യൂമര്‍ വന്നു മരിച്ചു.  ട്രംപ് അട്ടിമറിക്കാന്‍ ശ്രമിച്ച ഒബാമ കെയര്‍ പദ്ധതി ഇല്ലായിരുന്നെങ്കില്‍ തന്‍റെ മകന് രോഗാവസ്ഥയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലായിരുന്നു എന്നു സങ്കടം പറഞ്ഞ ബൈഡനെ ഓര്‍ക്കുന്നു.  മകന്‍റെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ ഒരുമ്പെട്ട വൈസ് പ്രസിഡന്‍റിനെ പിന്തിരിപ്പിച്ചത് പ്രസിഡന്‍റ് ഒബാമയാണ്.  ഒബാമയും ബൈഡനും പരസ്പരം ആശ്രയിച്ചവര്‍,  പ്രകാശം പ്രസരിപ്പിച്ചവര്‍ .

ഐറിഷ് കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആവുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയാണ്. വിശ്വാസിയായ കത്തോലിക്കന്‍ എന്നാണു പറയേണ്ടത്. ഇതിനുമുമ്പ് പ്രസിഡന്‍റായ ഏക കത്തോലിക്കനായ ജോണ്‍ എഫ് കെന്നഡിയെ പൂര്‍ണ അര്‍ത്ഥത്തില്‍ അങ്ങനെ വിശേഷിപ്പിക്കാനാവില്ല.  ഗര്‍ഭഛിദ്രത്തെ എതിര്‍ക്കാത്ത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായതിനാല്‍ അമേരിക്കയിലെ ഭൂരിപക്ഷം കത്തോലിക്കരും ബൈഡന് എതിരാണ് എന്ന വൈരുദ്ധ്യവുമുണ്ട്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരു പരിപാടിയില്‍  വിശ്വാസ സാക്ഷ്യം നല്‍കുന്നുണ്ട് ബൈഡന്‍. മരണക്കിടക്കയിലായിരുന്ന മകന്‍ ബോയുമായി സംസാരിച്ചത് നിറകണ്ണുകളോടെ ഓര്‍ത്തുകൊണ്ട് തത്വചിന്തകന്‍ കീര്‍ക്കിഗാര്‍ഡിന്‍റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നു  – ഇരുണ്ട സമയങ്ങളിലാണ് വിശ്വാസം നമ്മെ സംരക്ഷിക്കുക.  മകന്‍  അന്ന്  ബൈഡന്‍റെ മുന്നില്‍ ഒരു അപേക്ഷ വച്ചു – തന്‍റെ മരണശേഷം വിശ്രമജീവിതത്തിലേക്കു പിന്‍വാങ്ങരുത്, പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി തുടരണം.  മകനു കൊടുത്ത ആ വാക്കാണ് മുന്നോട്ടുപോകാന്‍ തന്‍റെ പ്രേരണയെന്നും പറയുന്നുണ്ട്് ബൈഡന്‍. 

വെറുക്കാനും ഒഴിവാക്കാനും കാരണങ്ങള്‍ തേടുന്ന അധികാരികളുടെ കാലത്ത് മറക്കാനും ഉള്‍ക്കൊളളാനും കഴിയുന്നു ജോ ബൈഡന്.  ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വ മത്സരത്തിന്‍റെ ഭാഗമായ ഡിബേറ്റില്‍ തന്നെ കടന്നാക്രമിച്ച കമല ഹാരിസിനെത്തന്നെ അദ്ദേഹം വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാക്കി കൂടെനിര്‍ത്തി.  ആഫ്രിക്കന്‍ അമേരിക്കന്‍ കുട്ടികള്‍ക്കു മാത്രമായി പ്രത്യേക ബസും പ്രത്യേക സ്കൂളും എന്ന വിവേചനത്തെ അനുകൂലിച്ചയാള്‍ എന്ന കടുത്ത ആക്ഷേപമാണ് അന്നു കമല ഹാരിസ് ഉന്നയിച്ചത്.  സാധാരണ ഒരാളാണെങ്കില്‍ കമലയെ ഒഴിവാക്കാന്‍ ഇതു മതിയായ കാരണമായിരുന്നു.

ദീര്‍ഘകാല സെനറ്റ് ജീവിതത്തില്‍ എതിരാളികള്‍ക്കും ഏറെ സ്വീകാര്യനായി ബൈഡന്‍. ചരമോപചാര ചടങ്ങില്‍ പ്രസംഗിക്കേണ്ടത് ആരൊക്കെ എന്നു അമേരിക്കയില്‍ പ്രമുഖര്‍ വില്‍പത്രത്തില്‍തന്നെ എഴുതിവയ്ക്കാറുണ്ട്.  ആരെങ്കിലും ഉണ്ടാവരുത് എങ്കില്‍ അവരുടെ പേരുകളും.  റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവും 2008ലെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന ജോണ്‍ മക്കെയിന്‍ തന്‍റെ ചരമോപചാരത്തിനു നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന് എഴുതിയ പേര് ജോ ബൈഡന്‍റേതായിരുന്നു.  വേണ്ട എന്ന് എഴുതിയ പേര് ഡോണള്‍ഡ് ട്രംപിന്റെയും.  ആ പ്രസംഗം ബൈഡന്‍ തുടങ്ങിയത് ഇപ്പോള്‍ വളരെ പ്രശസ്തമായ ഈ വരികളോടെയാണ് – My name is Joe Biden.  I am a Democrat. I love John McCain.  ബൈഡന്‍റെ മകന്‍ ബോയുടെ സംസ്ക്കാരച്ചടങ്ങില്‍ മുന്നില്‍ നിന്നവരില്‍ ഒരാള്‍  സെനറ്റിലെ ട്രംപിന്‍റെ പാര്‍ട്ടിക്കാരന്‍, സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണല്‍ ആയിരുന്നു. 

2021ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തുന്ന ജോ ബൈഡന്‍ 1987ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു ശ്രമിച്ചിരുന്നു.  അന്ന് ബൈഡന് പിന്‍മാറേണ്ടിവന്നത് ഒരു കോപ്പിയടി വിവാദത്തിനു പിന്നാലെയാണ്.  ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന നീല്‍ കിന്നോക്കിന്‍റെ പ്രസംഗത്തിലെ ആശയങ്ങളും വാക്കുകളും കടപ്പാട് വ്യക്തമാക്കാതെ ബൈഡന്‍ ഉപയോഗിച്ചതാണ് വിവാദമായത്.  പിന്നീട് 2007ല്‍ വാഷിങ്ടണിലെ ഡെമോക്രാറ്റ് സെനറ്റ് ഓഫിസില്‍ തന്നെ കാണാന്‍ എത്തിയ കിന്നോക്കിനെ ബൈഡന്‍ ഓഫിസ് സ്റ്റാഫിന് ഇങ്ങനെ പരിചയപ്പെടുത്തി – 'Folks, meet my greatest ever speech writer, Neil Kinnock'.  (സുഹൃത്തുക്കളേ ഇതാ എക്കാലത്തെയും മികച്ച എന്‍റെ പ്രസംഗം എഴുത്തുകാരന്‍).  2020ല്‍ പ്രസിഡന്‍റായി തിരഞ്ഞടുക്കപ്പെട്ട ഉടനെ ബൈഡനെ അനുമോദിച്ചവരില്‍ ഒരാള്‍ കിന്നോക്കായിരുന്നു. അബദ്ധങ്ങളില്‍നിന്ന് പാഠം പഠിക്കുന്നതും പരിഹാസത്തി‍ന്റെ മുന തനിക്കുനേരെ തന്നെ തിരിക്കുന്നതും മഹത്വത്തിന്‍റെ ലക്ഷണമല്ലെങ്കില്‍ പിന്നെ എന്താണ്?

ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്‍റാണ് ബൈഡന്‍, 78 വയസ്സ്.  ഏറ്റവും പരിചയസമ്പന്നനുമാണ്.  സെനറ്റില്‍ 38 വര്‍ഷം തുടര്‍ച്ചയായി അംഗമായിരുന്നു.  എട്ടു വര്‍ഷം ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്‍റ്. ഇതൊക്കെയായിട്ടും ഇപ്പോഴും ആസ്തിയില്‍ ‘മിഡില്‍ ക്ലാസ് ജോ’ ആണ് അദ്ദേഹം. ഉള്ളതില്‍തന്നെ പകുതി  പുസ്തകം എഴുതി സമ്പാദിച്ചത്. പിന്നെ അധ്യാപികയായ ഭാര്യ ജില്‍ ബൈഡന്‍റെ  ശമ്പളവും. അമേരിക്കയിലെ മുന്‍നിര രാഷ്ട്രീയക്കാരുടെ ആസ്തിമൂല്യംവച്ച് വിലയിരുത്തിയാല്‍ ബൈഡന്‍ അവര്‍ക്കിടയിലെ പാവപ്പെട്ടവനാണ്.  മറ്റു ചില വൈസ് പ്രസിഡന്‍റുമാരെപ്പോലെ വലിയ പ്രതിഫലം കണ്ട് കണ്ണു മഞ്ഞളിച്ച് കോര്‍പറേറ്റുകള്‍ക്കൊപ്പം പോകാന്‍ മനസ്സുണ്ടായില്ല ബൈഡന്.

ദൃശ്യഘോഷമില്ലാത്ത ജീവിതമാണ് ബൈഡന്‍റേത്.  തുടക്കം മുതല്‍ കാണുന്ന തിടുക്കമില്ലായ്മയുണ്ട്. എന്നാല്‍ സ്വയം നടന്നുണ്ടാക്കിയ വഴിയാണ് അദ്ദേഹത്തിന്‍റേത്.  നാടകീയത കുറ‍ഞ്ഞ നന്മകള്‍ ആ വഴിയില്‍ പൂവിട്ടുനില്‍ക്കുന്നു.

ജോ ബൈഡന്‍ ഒരു പുണ്യാളനാണ് എന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അര്‍ത്ഥം.  2002ല്‍ ഇറാഖിനെ ആക്രമിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ചതിനും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ ചെയര്‍മാനായിക്കെ ചില കേസുകള്‍ കൈകാര്യം ചെയ്ത രീതിയിലും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മകന്‍ ഹണ്ടര്‍ ബൈഡനെച്ചൊല്ലിയുള്ള വിവാദങ്ങളുണ്ട്. കൂടെ അമേരിക്കയില്‍ പുത്തരിയല്ലാത്ത ലൈംഗിക അപവാദങ്ങളും. എങ്കിലും ട്രംപിനെപ്പോലെ സ്വന്തം നാഡീവ്യവസ്ഥ തന്നെ ശത്രുവായ മനുഷ്യനല്ല ജോ ബൈഡന്‍. സാമ്രാജ്യത്വത്തിനുള്ളിലും അമേരിക്ക സൂക്ഷിച്ച ചില ധാര്‍മിക മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുന്നയാള്‍ എന്ന വിശ്വാസ്യത അദ്ദേഹത്തിനുണ്ട്. 

പെന്‍സില്‍വാനിയയില്‍ ജനിച്ച ബൈഡനു പതിനൊന്നു വയസ്സുള്ളപ്പോഴാണ് കുടുംബം ഡെലവേറിലേക്കു മാറുന്നത്.  അന്നു സാമ്പത്തികസുരക്ഷയുള്ള ഒരു ജോലി പോലും ഉണ്ടായിരുന്നില്ല ബൈഡന്‍റെ അച്ഛന്.  നാലു സഹോദരങ്ങളില്‍ മൂത്തവനായ ജോയ്ക്ക് സ്വന്തം ആത്മവിശ്വാസത്തെ മുറിക്കുന്ന തരത്തില്‍ വിക്കുണ്ടായിരുന്നു.  അതിനെയും അതിജീവിച്ച് അഭിഭാഷകനായി.  അതിനുശേഷം ഇന്നോളം ജോ ബൈഡന്‍ വിശ്വസിക്കുന്നത് അനുരഞ്ജനമാണ് ഏറ്റവും മികച്ചതും ചെലവുകുറഞ്ഞതുമായ അഭിഭാഷകന്‍ എന്നാണ്.  

ബൈഡന്‍റെ പുറപ്പാട് ആരെയും നിഗ്രഹിക്കാനല്ല. അതു വീണ്ടെടുപ്പിനുള്ള പുറപ്പാടാണ്.  കാരണം കടം വാങ്ങി വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കിടയിലേക്ക് ഒത്തുപാര്‍പ്പിന്‍റെ പ്രവാചകനായി. അമേരിക്കന്‍ ഭരണവ്യവസ്ഥയെക്കുറിച്ചുള്ള സാമാന്യ അറിവല്ല, സമഗ്രമായ അറിവുമായാണ് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് വരുന്നത്. എത്രയോ രാജ്യങ്ങളില്‍ സഞ്ചരിച്ചതിന്‍റെ അനുഭവങ്ങള്‍.  ലോകനേതാക്കളെ എല്ലാം വ്യക്തിപരമായി അറിയാം. വൈറ്റ് ഹൗസിലെ മുന്‍താമസക്കാരാരും ഇത്രയും വലിയ അനുഭവസമ്പത്തുമായി എത്തിയിട്ടില്ല.  അമേരിക്കന്‍ മൗലികതയുടെ തച്ചുടക്കപ്പെട്ട മാതൃകകള്‍ വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു കഴിയട്ടെ.  ജോണ്‍ ലെനന്‍റെ ഗാനം ഓര്‍ക്കുക – ശാന്തിക്ക് ഒരു അവസരം കൊടുക്കൂ.

MORE IN WORLD
SHOW MORE
Loading...
Loading...