മഞ്ഞ് പുതച്ച് സഹാറ മരുഭൂമി; താപനില മൈനസ് 2 ഡിഗ്രി; അപൂർവം

Image Credit: Karim Bouchetata/Facebook

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ നേർചിത്രം ഇപ്പോൾ സജീവ ചർച്ചയാണ്. ഇപ്പോഴിതാ മരുഭൂമിയെ പോലും മഞ്ഞുപുതപ്പിക്കുന്ന കാഴ്ചയാണ്. സഹാറാ മരുഭൂമിയെ മഞ്ഞു പുതച്ചു കൊണ്ടാണ് ഇത്തവണ ജനുവരി മാസത്തിന്റെ കടന്നുവരവ്. ഗൾഫ് രാജ്യങ്ങൾ പൊതുവേ ചൂടുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ടതാണെങ്കിലും ഇത്തവണ സൗദി അറേബ്യയിലെ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസാണ്.

സഹാറ മരുഭൂമിയിലെ മണൽ കൂനകൾക്കു മുകളിൽ മഞ്ഞു വീണു കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫൊട്ടോഗ്രാഫറായ കരീം ബൗഷെറ്റാറ്റാണ് മഞ്ഞുപുതച്ച സഹാറ മരുഭൂമിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സഹാറാ മരുഭൂമി യുടെ അൾജീരിയൻ മേഖലയിൽ ബുധനാഴ്ച മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. 43 വർഷത്തിനിടെ ഇത് നാലാം തവണയാണ് അൾജീരിയൻ സഹാറയിൽ മഞ്ഞുവീഴ്ചയുണ്ടാകുന്നത്.

സൗദി അറേബ്യയിലാകട്ടെ അരനൂറ്റാണ്ടിനിടയിൽ ആദ്യമായാണ് താപനിലയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. അസീർ മേഖലയിലുള്ള മലനിരകളിലും മണലാരണ്യങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായതോടെ അപൂർവ കാഴ്ച കാണുന്നതിനായി നിരവധി ആളുകളും എത്തിയിരുന്നു. മഞ്ഞു കൂനകൾക്ക് നടുവിൽ നിൽക്കുന്ന ഒട്ടകങ്ങളുടെ ചിത്രങ്ങളാണ്  സൗദി അറേബ്യയിൽ നിന്നും പുറത്തു വരുന്നത്.

മരുഭൂമി പ്രദേശത്തേക്ക് വലിയതോതിൽ ശീതക്കാറ്റ് വീശിയടിച്ചതാവാം താപനില കുത്തനെ കുറയാനുള്ള  കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം കര പ്രദേശത്തുനിന്നും കലരുന്ന ഇർപ്പം തണുത്തുറഞ്ഞ് മഞ്ഞായി പതിക്കുകയാണ് ചെയ്യുന്നത്.