അമേരിക്കയിൽ സ്ഥിതി രൂക്ഷം; അവിടെ കേരളത്തിലെപ്പോലെ സൗജന്യ കിറ്റുമില്ല..!

trump-covid
SHARE

കോവിഡും ട്രംപും അമേരിക്കയില്‍ ഒരുപോലെയാണെന്ന് തോന്നുന്നു. രണ്ടും വിട്ടുപോകുന്നില്ല. ട്രംപിനെതിരായി അമേരിക്ക വോട്ടു ചെയ്തതിനു പിന്നാലെ കോവിഡ് അതിരൂക്ഷമായി തിരിച്ചെത്തി. പ്രസിഡന്റ് പദം ഒഴിയില്ലെന്നു ട്രംപും. രണ്ട് ഒഴിയാബാധകള്‍. മാസ്ക് ധരിക്കില്ലെന്നും ആളകലം പാലിക്കേണ്ടെന്നുമൊക്കെ പറഞ്ഞുനടന്ന ട്രംപ് കോവിഡിന്റെ രഹസ്യക്കാരനെന്നുവരെ സംശയിക്കേണ്ട അവസ്ഥയായിരുന്നു.  

അമേരിക്കയില്‍ സ്ഥിതി രൂക്ഷമാണ്. നാം അറിയാത്തത്ര രൂക്ഷം. ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു വാരിയാലും സഞ്ചിയില്‍ കുടുംബശ്രീക്കാര്‍ വെട്ടിപ്പ് നടത്തിയാലും കേരളത്തില്‍ റേഷന്‍ സൗജന്യകിറ്റ് ഒരു സംഭവം തന്നെയാണ്. കെടുതിയുടെ കാലത്ത് വിശപ്പിന്റെ വിളിയെ പടിക്കുപുറത്തു നിര്‍ത്തിയ കിറ്റ്. എന്നാല്‍ എല്ലാം തികഞ്ഞതെന്നു നാം കരുതുന്ന രാജ്യങ്ങളിലെ സ്ഥിതി എന്തായിരുന്നു. തിര‍ഞ്ഞെടുപ്പ് കഴിഞ്ഞ  അമേരിക്ക തിരഞ്ഞെടുപ്പ് കഴിയാനിരിക്കുന്ന കേരളത്തിന് എങ്ങനെ ഒരു പാഠമാവും? വിഡിയോ കാണാം. 

ലോകത്തെ ഏറ്റവും മുന്തിയ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിലാണ് ഈ കരച്ചില്‍ കാഴ്ച.  ആദ്യവിളവെടുപ്പിന് നന്ദി പറഞ്ഞുള്ള താങ്ക്സ്ഗിവിങ് അമേരിക്കയിലെ കേമമായ ആഘോഷമാണ്. കേരളത്തിന് ഓണംപോലെ. പക്ഷേ, അമേരിക്കയില്‍ സര്‍ക്കാര്‍ കിറ്റില്ല. ഇങ്ങനെ സൗജന്യഭക്ഷണം കിട്ടണമെങ്കില്‍ സന്നദ്ധസംഘടനകള്‍ നല്‍കണം. അതിനായാണ് ഈ കാത്തിരിപ്പ്. കോവിഡിന്റെ മൂന്നാംവരവിലാണ് അമേരിക്ക. ട്രംപ് പോയാലും അമേരിക്കയ്ക്ക് ദുരിതമായി കോവിഡ് ഒപ്പമുണ്ട്. ഇന്ത്യയും ബ്രസീലും കൂടി കൂട്ടിയാലുള്ളതിനേക്കാള്‍ രോഗികളാണ് ഒരുദിവസം. അതേ, ട്രംപ് ദുഷിച്ച വായുവുണ്ടെന്ന് പറഞ്ഞ രാജ്യങ്ങളെക്കാളധികം. ആശുപത്രികളില്‍ സ്ഥലമില്ലാത്തതിനാല്‍ ആശുപത്രി കന്റീനിലും പാര്‍കിങ് ഇടങ്ങളിലും വരെ ചികില്‍സ നല്‍കുന്നു. നമ്മുടെ രാഷ്ട്രീയക്കാര്‍ ചികില്‍സയ്ക്കു പോകുന്ന മയോ ക്ലിനിക്കിലെ 900 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. കാലിഫോണിയയിലെ പ്രൊവിഡന്‍സ് മെഡിക്കല്‍ സെന്റര്‍ കോവിഡ് വാര്‍ഡിലെ ഈ ഡോക്ടര്‍ പറയുന്നത് കേള്‍ക്കുക. 

കാലിഫോര്‍ണിയയില്‍ വീണ്ടും നിരോധനാജ്ഞയാണ്. ന്യൂയോര്‍ക്കില്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ വരേണ്ടെന്ന് പറഞ്ഞുകഴി‍ഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ വീണ്ടും വരുമോയെന്ന ആശങ്കയിലാണ്. കഴി‍ഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 50 ശതമാനമാണ് രോഗവര്‍ധന. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ വല്ലാതെ കൂടി. ഇപ്പോള്‍ രണ്ടുകോടി 30 ലക്ഷം പേരാണ് ആനുകൂല്യം പറ്റുന്നത്. ഏഴുലക്ഷം അപേക്ഷകള്‍ കൂടി എത്തിയതായാണ് റോയിട്ടേഴ്സിന്റെ നിഗമനം.  സര്‍ക്കാര്‍ ഫണ്ടുള്ള രണ്ട് പദ്ധതികള്‍ അടുത്തമാസം അവസാനിക്കുന്നതോടെ നിരവധി പേര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാവും.   

എന്നിട്ടും ട്രംപ് പിടിവിടുന്നില്ല. ട്രംപിന്റെ പിടിവാശി അമേരിക്കയിലെ ഇപ്പോഴും വിഭജിച്ചുനിര്‍ത്തിയിരിക്കുന്നു.  അധികാരകൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. മഹാമാരിക്കിടയിലുള്ള അനിശ്ചിതത്വം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

മാത്രമല്ല, ട്രംപിന്റെയും  ബൈഡന്റെയും സംഘങ്ങള്‍ തമ്മില്‍ സംസാരമില്ല, ആശയങ്ങള്‍ കൈമാറുന്നില്ല.  നിയുക്ത പ്രസിഡന്റിനു ലഭിക്കേണ്ട രഹസ്യവിവരങ്ങള്‍ ട്രംപ് ഭരണകൂടം ബൈഡനു  നല്‍കുന്നില്ല. അങ്ങനെ തികഞ്ഞ നിരുത്തരവാദിത്തം. 

 തിരഞ്ഞെടുപ്പും ആഘോഷവും അമേരിക്കയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാക്കുമെന്ന്  മുന്നറിയിപ്പുണ്ടായിരുന്നു. പക്ഷേ എന്തായാലും അവര്‍ക്ക് തിരഞ്ഞെടുപ്പിലൂടെ ട്രംപിനെ അകറ്റാനായി. വാക്സീന്‍ പരീക്ഷണങ്ങളും വിജയമാണ്. കാര്യങ്ങള്‍ എല്ലാം നേരായി വന്നാല്‍ ൈബഡന്‍ ജനുവരി 20ന് അധികാരമേല്‍ക്കും. ജനുവരിയില്‍ തന്നെ കോവിഡ് വാക്സീനും വിതരണം ചെയ്യും. അങ്ങനെ 2021 അമേരിക്കയ്ക്ക് മാറ്റത്തിന്റെ വര്‍ഷമാണ്. ഇവിടെ കേരളത്തിലും ഒരു തിരഞ്ഞെടുപ്പിന്റെ കാലമാണ്. കോവിഡായാലും  തിരഞ്ഞെടുപ്പായാലും  അമേരിക്ക നമുക്കും മാതൃകയാവട്ടെ. 

വീണ്ടും കാണാം മുഖമറയില്ലാതെ, ദ് ഫോര്‍ത് അംപയറുമായി റോമി മാത്യു.

MORE IN WORLD
SHOW MORE
Loading...
Loading...