തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്‌ത് ട്രംപ്; പ്രസംഗം സംപ്രേഷണം ചെയ്യാതെ മാധ്യമങ്ങൾ

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത  ചോദ്യം ചെയ്‌തു‌കൊണ്ട് പ്രസിഡന്റ്‌ ട്രമ്പ് നടത്തിയ പ്രസംഗം മുഴുവനായും സംപ്രേഷണം ചെയ്യാതെ അമേരിക്കൻ മാധ്യമങ്ങൾ. ട്വിറ്റർ അടക്കമുള്ള നവ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ വസ്തുത വിരുദ്ധമായ പ്രസ്താവനകുറിപ്പികൾ മൂടിവെക്കുകയാണ്. എന്നാൽ ക്ഷമയോടെ കാത്തിരിക്കാനാണ് ജോ ബൈഡൻ ആഹ്വാനം ചെയ്യുന്നത്.

വോട്ടെണ്ണലിന്റെ പിരിമുറുക്കത്തിലാണ് ഈ നിമിഷവും അമേരിക്ക. അതിനിടെയാണ് പ്രസിഡന്റ്‌ ട്രമ്പിന്റെ ഹ്രസ്വ പ്രസംഗങ്ങൾ വരുന്നത്. തോൽവി മുന്നിൽ കാണുന്ന ട്രമ്പ് വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നുവെന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ ഇകഴ്ത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രസംഗം ഒരു ഘട്ടത്തിൽ അതിരുവിട്ടപ്പോൾ തത്സമയസംപ്രേഷണം നൽകുന്നത് നിർത്തുകയാണ് പല മുഖ്യധാരാ മാധ്യമങ്ങളും  ചെയ്തത്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവയും അതിന്റെ വസ്തുത എന്ത് എന്നും ചേർത്താണ് നൽകുന്നത്. ഇപ്പോൾ പുറത്ത് വരുന്നത് പേടിപ്പിക്കുന്ന കഥകൾ മാത്രമാണ്. അതിനു സാധുതയില്ലെന്ന് തെളിയിക്കാനുള്ള രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് ട്രമ്പ് പറഞ്ഞത്. എന്നാൽ ട്വിറ്റെർ ആ പോസ്റ്റിനു താഴെ ഇങ്ങനെ നൽകി. തിരഞ്ഞെടുപ്പിലോ വോട്ടെണ്ണലിലോ ഒരു ക്രമക്കേടും നടന്നതായി നിയമപരമായി തെളിയിക്കാൻ ഇതുവരെ ട്രമ്പിന് കഴിഞ്ഞിട്ടില്ല. എല്ലായിടത്തും സുഗമമായി വോട്ടണ്ണൽ പുരോഗമിക്കുന്നുണ്ട്. ജോർജിയയിൽ കോടതി വിധി മറികടന്നുകൊണ്ട് ഇപ്പോഴും ബാലറ്റുകൾ സ്വീകരിക്കുന്നു എന്ന പ്രസ്താവനയെ ട്വിറ്റർ ചെറുത്തത് ഇങ്ങനെ. രാജ്യത്തിനു പുറത്ത് ജോലിചെയ്യുന്ന സൈനികർക്ക് തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷവും പോസ്റ്റൽ വോട്ട് രേഖപെടുത്താം എന്ന  കോടതിയുടെ പ്രത്യേക ഇളവ് നിലവിലുണ്ട്. അതുപ്രകാരമുള്ള പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് കണക്കാക്കുന്നത്. ചില കടന്ന പോസ്റ്റുകൾ ട്വിറ്ററും ഫേസ്ബുക്കും മറച്ചു വെച്ചിരിക്കുകയുമാണ്. രണ്ട് സ്ഥാനാർഥികൾ രണ്ട് വ്യത്യസ്ത സന്ദേശങ്ങൾ ലോകത്തിനു നൽകുന്നു എന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട്‌ ചെയ്തത്.