ജര്‍മനിയെ ജയിപ്പിച്ച് അംഗല; ഒപ്പം നിന്ന് ജനങ്ങള്‍

angelae-markal55
SHARE

കോവിഡ് പോരാട്ടത്തിൽ നിർണായക നേട്ടം കൈവരിച്ച രാജ്യമാണ് അംഗല മെർക്കലിന്റെ ജർമനി. ഭരണകൂടവും ജനങ്ങളും വൈറസിനെതിരെ ഒന്നിച്ചപ്പോൾ കോവിഡ് ഗ്രാഫ് ആറാഴ്ച കൊണ്ട് താഴുന്നത് ലോകം കണ്ടു. ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത് ആറാമത്തെ ആഴ്ചയിൽ കോവിഡിനെ വരുതിയിലാക്കാൻ ജർമനിക്കായി. കൃത്യമായ ഫണ്ടുള്ള ആരോഗ്യ സംവിധാനം, സാങ്കേതിക മികവ്, മികച്ച നേതൃത്വം, ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കൽ എന്നിവയാണ് ജർമനിയുടെ കോവിഡ് പോരാട്ടത്തിൽ നിർണായകമായത്. 

മികച്ച ആരോഗ്യ സംവിധാനം

പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവുമധികം തുക ചിലവഴിക്കുന്ന രാജ്യമാണ് ജർമനി. മതിയായ ഫണ്ടുള്ളത് കൊണ്ട് തന്നെ ഏത് മഹാമാരിയെയും നേരിടാൻ പര്യാപ്തമായ ആരോഗ്യ സംവിധാനമായിരുന്നു ജർമനിയുടേത്. ഓരോ പൗരനും ഏറ്റവും മെച്ചപ്പെട്ട ചികിൽസാ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കി. കാലങ്ങളായി രാജ്യം ഭരിച്ച സർക്കാരുകൾ ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ചെലുത്തിയ ശ്രദ്ധയാണ് മഹാമാരിക്കാലത്ത് ജർമനിയെ തുണച്ചത്. ഇതിനൊപ്പം പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനം കൂടി ആയതോടെ സർക്കാർ തലത്തിൽ കാര്യങ്ങൾ എളുപ്പമായി. 

മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പിന് മതിയായ സമയം ആരോഗ്യ വിഭാഗത്തിന് ലഭിച്ചു. തുടക്കം മുതൽ തന്നെ കോവിഡ് രോഗികൾക്ക് ആശുപത്രി സൗകര്യം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പും ശ്രദ്ധിച്ചു. 

വെറും 12,000 മാത്രമുണ്ടായിരുന്ന ഐസിയു സംവിധാനം ഞൊടിയിടയിൽ 40,000 ആയി ഉയർത്തി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ആയിരത്തോളം ശസ്ത്രക്രിയകൾ റദ്ദാക്കി കോവിഡ് രോഗികളെ പരിചരിക്കുന്നതിലേക്ക് ആരോഗ്യപ്രവർത്തകർ ശ്രദ്ധ തിരിച്ചു. മികച്ച ലാബ് സൗകര്യമായിരുന്നു ജർമനിയുടെ മറ്റൊരു മേൻമ.  8.3 കോടി ജനങ്ങളുള്ള ജർമനി ദിവസവും ഒരു ലക്ഷം ടെസ്റ്റുകൾ വീതം നടത്തി. അഞ്ച് ലക്ഷം ആന്റിബോഡി ടെസ്റ്റ് പ്രതിമാസം നടത്താൻ ജർമനി പര്യാപ്തമായി. ടെസ്റ്റുകളുെട എണ്ണം വർധിച്ചതോടെ എവിടെയാണ് പിഴവെന്ന് കൃത്യമായി കണ്ടെത്താനും അതിനെ വേർതിരിക്കാനും ജർമനിക്ക് കഴിഞ്ഞു. 

സ്വയം നിയന്ത്രിച്ച് ജനങ്ങൾ

മറ്റു രാജ്യങ്ങളെ പോലെ േദശീയ അടിയന്തരാവസ്ഥ തുടക്കത്തിലേ പ്രഖ്യാപിക്കാൻ ജർമനി തയ്യാറായിരുന്നില്ല. പകരം  വീടുകളിൽ തന്നെ ഇരിക്കുമെന്ന തീരുമാനം സ്വയമെടുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് വളരെ ഫലപ്രദമായിരുന്നുവെന്ന് ജർമനിയുടെ കോവിഡ് ഗ്രാഫ് വ്യക്തമാക്കുന്നു. ഒരു നിയമം ഉണ്ടെങ്കിൽ അത് പാലിക്കുന്നതിൽ ജാഗരൂകരാണ് ജർമൻ ജനതയെന്ന് ഒരു ചൊല്ല് തന്നെയുണ്ട്. കൃത്യമായ ഗ്രാഫ് താഴ്ത്തൽ അതിൽ പ്രകടമാണ്. 

ജനങ്ങളെ വിശ്വസിച്ച സർക്കാർ

ജർമനിയുടെ കോവിഡ് പ്രതിരോധത്തിൽ നിർണായകമായത് ജനങ്ങളുടെ  വിശ്വാസം ആർജിച്ചെടുക്കാൻ സർക്കാർ നടത്തിയ നീക്കമാണ്. തങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ മാത്രം ജനങ്ങളോട് പങ്കുവയ്ക്കുക എന്നതിനപ്പുറം ചിലകാര്യങ്ങളെ കുറിച്ച് അറിയില്ല എന്ന് കൂടി അംഗല മെർക്കൽ തുറന്ന് പറഞ്ഞു. ഇറ്റലിയിലും അമേരിക്കയിലും ആയിരങ്ങളുടെ ജീവൻ കവർന്ന വൈറസിനെ കുറിച്ച് ജനങ്ങളിൽ ബോധമുണ്ടാകാൻ ആ തുറന്ന് പറച്ചിൽ ഇടയാക്കി. ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ പെരുമാറ്റ രീതികൾ ഒരു സുപ്രഭാതത്തിൽ മാറ്റാൻ സാധിക്കുന്നതല്ല. അത് തിരിച്ചറിഞ്ഞ സർക്കാർ എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള കൂട്ടായ പ്രതിരോധ പ്രവർത്തനത്തിനാണ് തുടക്കമിട്ടത്. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെക്കാൾ സുതാര്യമായി വിവരങ്ങൾ ജനങ്ങളിലേക്ക് കൈമാറി. ജനങ്ങളെ ആശ്രയിച്ചാണ് ഈ പോരാട്ടത്തിന്റെ വിജയമെന്ന് സർക്കാർ ബോധ്യപ്പെടുത്തി. 

വാക്സീൻ വികസനം സാധ്യമാകാത്തിടത്തോളം സാധാരണ നിലയിലേക്ക് മടങ്ങാനാവില്ലെന്ന് ജർമൻകാർ വളരെ വേഗം തിരിച്ചറിഞ്ഞു. ഇതോടെ ഓരോരുത്തരും സ്വയം പ്രതിരോധം സ്വീകരിച്ചു. ജർമനിയിലെ 16 ഫെഡറൽ സ്റ്റേറ്റുകളും സ്വന്തമായി ലോക്ഡൗൺ നിയമങ്ങൾ നിശ്ചയിച്ചു. ചട്ടങ്ങൾ പാലിച്ച്, ശാരീരിക അകലം പാലിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുവാദം നൽകി. ‌

ട്രാക്കിങ് ആന്റ് ട്രെയ്സിങ്

ജനുവരിയിലാണ് ജർമനിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മ്യൂണിച്ചിലെ ഓട്ടോമേറ്റീവ് സപ്ലെയർ ആയിരുന്നു കോവിഡ് രോഗി. ഇദ്ദേഹം ചൈനക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞതോടെ രോഗം വന്ന വഴി ജർമനി കണ്ടെത്തി. ഇയാളിൽ നിന്ന് പത്തുപേർക്കും രോഗം പകർന്നു. രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ചടുലമായ  പ്രവർത്തനങ്ങൾ കൊണ്ട് പ്രതിരോധം തീർത്തു ജർമനി. 

ജൂൺ ഒന്നിന് ജർമനിയിൽ ഒരു ലക്ഷത്തി 83508 കോവിഡ് കേസുകൾ ഉണ്ടായിരുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് അനുസരിച്ച് കോവിഡ് തീവ്രതയേറിയ രാജ്യങ്ങളിൽ ഒൻപതാമത്തേതായി ജർമനി. പക്ഷേ ലോകത്തെ അൽഭുതപ്പെടുത്തിക്കൊണ്ട് കണക്കുകൾ കുറയാൻ തുടങ്ങി. മരണ നിരക്കുകൾ, പുതിയ കേസുകൾ എന്നിവയിൽ ഇത് പ്രകടമായി. ഇന്റൻസീവ് കെയർ യൂണിറ്റുകൾ ഉപയോഗിക്കുന്നതിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി. ട്രാക്കിങ് ആപ്പ് ജനങ്ങൾക്ക് നൽകി സ്വകാര്യത നഷ്ടപ്പെടാതെ ഇതിൽ വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കി.

താരമായി അംഗല മെർക്കൽ

ആറാഴ്ച കൊണ്ട് കോവിഡ് ഗ്രാഫ് താഴ്ത്തി ജനങ്ങൾ സമാധാനിക്കുമ്പോൾ ഗ്രാഫ് കുത്തനെ ഉയർന്ന ഒരാളുണ്ട് ജർമനിയിൽ. അത് അംഗല മെർക്കലാണ്. അംഗല ടിവിയിൽ സംസാരിക്കുന്നത് കാണുമ്പോൾ സമാധാനവും സുരക്ഷിതത്വവും തോന്നുന്നുവെന്ന് ജനങ്ങൾ പറയുന്നു. ഓരോ പൗരനും തങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന തോന്നൽ അംഗല നൽകി. ഇതോടെ ജനപ്രീതി ഉയർന്നു. ഇത് ക്രിസ്റ്റ്യൻ ഡമോക്രാറ്റുകളുടെ സ്വീകാര്യതയും വർധിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ല ജർമനി. പക്ഷേ ജനങ്ങൾ പക്ഷേ വിട്ടുകൊടുക്കാനില്ല. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ച് ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ജർമനി.

MORE IN WORLD
SHOW MORE
Loading...
Loading...