'വോട്ട് ചെയ്യൂ'; ലോഗോ ഇല്ല; 100 വർഷത്തെ ചരിത്രം തിരുത്തി ടൈം മാസിക

time-24
SHARE

നൂറ് വർഷത്തെ ചരിത്രം തിരുത്തി ടൈം മാസിക ആദ്യമായി ലോഗോയില്ലാതെ പുറത്തിറങ്ങി. മാസികയുടെ നവംബർ ലക്കമാണ് ' വോട്ട്' എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയത്. ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനമായ തിരഞ്ഞെടുപ്പാണിതെന്നും എല്ലാ പൗരൻമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും  മാസികയുടെ എഡിറ്റർ ഇൻ ചീഫായ എഡ്വേർഡ് ഫെൽസെന്താൾ വായനക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു വർഷത്തോളം നീണ്ട വേദനകൾക്കും കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കമൊടുവിൽ നമ്മുടെ അവസ്ഥ മാറ്റാനുള്ള, തലമുറയിൽ ഒരിക്കൽ മാത്രം സാധ്യമാകുന്ന അവസരമാണ് വന്ന് ചേർന്നിരിക്കുന്നതെന്നും കുറിപ്പ് പറയുന്നു. 

ഷെപ്പേർ ഫെയറിയാണ് മാസികയുടെ കവർ തയ്യാറാക്കിയിരിക്കുന്നത്. വോട്ട് എന്നെഴുതിയ ബാലറ്റ് ബോക്സിന്റെ ചിത്രമുള്ള ബാൻഡ് മുഖത്ത് ധരിച്ച സ്ത്രീയുടെ ചിത്രമാണ് കവറിലുള്ളത്. ഒബാമയ്ക്ക് വേണ്ടി 2008 ൽ ഏറെ പ്രശസ്തമായ 'ഹോപ്' പോസ്റ്റർ തയ്യാറാക്കിയ െഷപ്പേർഡ് ഫെയറിയാണ് ചരിത്രത്തിലേക്കുള്ള ഈ പോസ്റ്ററും തയ്യാറാക്കിയത്. 

കോവിഡ് കാലത്ത് ഒട്ടനവധി ബുദ്ധിമുട്ടുകളുണ്ടെങ്കിലും ചിത്രത്തിലെ സ്ത്രീ അവരുടെ വോട്ട് ചെയ്യുന്നതിലൂടെ അവരുടെ ശബ്ദവും അധികാരവംു ഉപയോഗിക്കുമെന്ന് തീർച്ചപ്പെടുത്തി തന്നെയാണെന്ന് ഫെയറി പോസ്റ്ററിനെ കുറിച്ച് വ്യക്തമാക്കി. 

നവംബർ മൂന്നിനാണ് പുതിയ പ്രസിഡന്റിനെ അമേരിക്ക തിരഞ്ഞെടുക്കുന്നത്. രണ്ട് ലക്ഷത്തിഇരുപതിനായിരത്തിലേറെ പേരുടെ ജീവൻ കവർന്ന കോവിഡ് കാലത്തുള്ള തിരഞ്ഞെടുപ്പ് യുഎസ് ചരിത്രത്തിൽ തന്നെ നിർണായകമാണെന്നാണ് വിലയിരുത്തൽ. ഡോണൾഡ് ട്രംപ് അധികാരം നിലനിർത്തുമോ അതോ മാറ്റങ്ങളുമായി ജോ ബൈഡൻ പുത്തൻ പ്രതീക്ഷയാകുമോ എന്നാണ് അമേരിക്കയും ലോകവും ഉറ്റുനോക്കുന്നതും.

MORE IN WORLD
SHOW MORE
Loading...
Loading...